1 GBP = 103.68
breaking news

ജനനേന്ദ്രിയം മുറിച്ച കേസ്: സ്വാമി ഗംഗേശാനന്ദ പ്രതി; കുറ്റപത്രം വൈകാതെ

ജനനേന്ദ്രിയം മുറിച്ച കേസ്: സ്വാമി ഗംഗേശാനന്ദ പ്രതി; കുറ്റപത്രം വൈകാതെ

തിരുവനന്തപുരം: പെൺകുട്ടിയും വീട്ടുകാരും മൊഴി മാറ്റിയെങ്കിലും സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് പീഡനശ്രമത്തിനിടെയാണെന്ന കണ്ടെത്തലിൽ ഉറച്ചുനിൽക്കുകയാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം. ഗംഗേശാനന്ദയെ പ്രതിയാക്കി വൈകാതെ കുറ്റപത്രം സമർപ്പിക്കുമെന്നാണ് വിവരം. പീഡനശ്രമം നടന്നില്ലെന്ന് ചിത്രീകരിക്കപ്പെടും വിധമായിരുന്നു മൊഴിമാറ്റം. സ്വാമിയുടെ സഹായിയും തന്റെ കാമുകനുമായ അയ്യപ്പദാസിന്റെ പ്രേരണമൂലമാണ് താൻ കൃത്യം നടത്തിയതെന്ന, പെൺകുട്ടിയുടെ വെളിപ്പെടുത്തൽ അടങ്ങിയ ഒരു കത്ത് പോലും പുറത്തുവന്നിരുന്നു. എന്നാൽ, മൊഴിമാറ്റമോ ഈ കത്തിലെ ഉള്ളടക്കമോ ശരിവയ്ക്കും വിധത്തിലായിരുന്നില്ല സാഹചര്യത്തെളിവുകൾ.

ഗംഗേശാനന്ദ നിരപരാധിയാണെന്ന് വ്യക്തമാകും വിധമല്ല സംഭവഗതിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സ്വയരക്ഷയ്ക്കായി പെൺകുട്ടി സമീപത്തുണ്ടായിരുന്ന കത്തിയെടുത്ത് ആഞ്ഞുവീശിയപ്പോഴാണ് ജനനേന്ദ്രിയം 90 ശതമാനത്തിലേറെ മുറിഞ്ഞ് വേർപെട്ടതെന്നാണ് കണ്ടെത്തൽ. മറ്റ് ഏത് സാഹചര്യത്തിലാണെങ്കിലും ഇങ്ങനെ മുറിയാൻ സാദ്ധ്യത കുറവാണെന്നാണ് നിഗമനം.
ലോക്കൽ പൊലീസിന്റെ അന്വേഷണത്തിലും ഇത് തന്നെയാണ് കണ്ടെത്തിയിരുന്നത്.

തിരുവനന്തപുരത്ത് കണ്ണമ്മൂലയിലെ പെൺകുട്ടിയുടെ വീട്ടിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഗംഗേശാനന്ദയെ സ്വയരക്ഷയ്ക്കായി ആക്രമിച്ചുവെന്ന ലോക്കൽ പൊലീസിന്റെ കണ്ടെത്തൽ സ്ഥിരീകരിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. സംഭവ വേളയിൽ സ്വാമിക്കെതിരെ മജിസ്ട്രേട്ടിന് മുന്നിൽ പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഗംഗേശാനന്ദയെ രക്ഷിക്കാൻ പെൺകുട്ടിയുടെ വീട്ടുകാർ നടത്തിയ ചില ശ്രമങ്ങൾ നേരത്തെ വിവാദത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, ഇതെല്ലാം തള്ളിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലെത്തിയത്. പെൺകുട്ടി സ്വയരക്ഷയ്ക്കായി ചെയ്ത കൃത്യം എന്ന നിലയിലാണ് സ്വാമിയെ പ്രതിയാക്കി കുറ്റപത്രം തയ്യാറാക്കുന്നത്. ജീവപര്യന്തംവരെ ലഭിക്കാവുന്ന ഐ.പി.സി വകുപ്പുകൾ ചുമത്തും. സ്വയം പ്രതിരോധത്തിന്റെ ഭാഗമായതിനാൽ പെൺകുട്ടിക്കെതിരെ കേസില്ല.

കഴിഞ്ഞ വർഷം മേയിലാണ് കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാതിരുന്ന സംഭവം ഉണ്ടായത്. പെൺകുട്ടിയുടെ വീടുമായി ഏറെ അടുപ്പമുള്ള ആളായിരുന്നു ഗംഗേശാനന്ദ. സംഭവത്തിന് ശേഷം പ്രാണരക്ഷാർത്ഥം വീടിന് പുറത്തേക്കോടിയ പെൺകുട്ടി വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഗംഗേശാനന്ദയെ അറസ്റ്റ് ചെയ്തു. ഏറെനാൾ അയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെയായിരുന്നു കേസിൽ പുതിയ വഴിത്തിരിവിന് ഇടയാക്കുമാറ് അയാളെ സഹായിക്കുന്ന തരത്തിൽ പെൺകുട്ടിയുടെ അമ്മയുടെയും സഹോദരന്റെയും മൊഴി. പിന്നീട് പെൺകുട്ടിയും ലോക്കൽ പൊലീസിന്റെ അന്വേഷണത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. പൊലീസിനും കാമുകൻ അയ്യപ്പദാസിനുമെതിരെ നടത്തിയ വെളിപ്പെടുത്തലിന്റെ ശബ്ദരേഖ, പെൺകുട്ടി എഴുതിയ കത്ത് എന്നിവ പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഇതോടെ സമ്മർദ്ദത്തിലായി.അതിനാൽ, സാക്ഷികൾ കൂറുമാറാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പഴുതടച്ച കുറ്റപത്ര സമർപ്പണത്തിനാണ് ഒരുങ്ങുന്നത്. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ പെൺകുട്ടി അതൃപ്തി രേഖപ്പെടുത്തിയപ്പോഴാണ് ഐ.ജി മനോജ് എബ്രഹാമിന്റെ ശുപാർശ പ്രകാരം കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more