1 GBP = 103.12

നോട്ടിംഗ്ഹാമില്‍ പ്രിയ ബെന്നിച്ചേട്ടന് ഇന്ന് ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ ഇടവക ദേവാലയത്തില്‍ വച്ച് യാത്രാമൊഴിയേകും; സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച ചേര്‍പ്പുങ്കല്‍ ഫൊറോനോ ദേവാലയത്തില്‍….

നോട്ടിംഗ്ഹാമില്‍ പ്രിയ ബെന്നിച്ചേട്ടന് ഇന്ന് ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ ഇടവക ദേവാലയത്തില്‍ വച്ച് യാത്രാമൊഴിയേകും; സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച ചേര്‍പ്പുങ്കല്‍ ഫൊറോനോ ദേവാലയത്തില്‍….

ഫാ. ബിജു കുന്നയ്ക്കാട്ട്

നോട്ടിങ്ഹാം: യുകെ ജനതയെ നടുക്കിയ എം1 മോട്ടോര്‍വേ അപകടത്തില്‍ മരണപ്പെട്ട നോട്ടിംഗ്ഹാം സ്വദേശി കടൂക്കുന്നേല്‍ സിറിയക് ജോസഫിന് (ബെന്നി -52) നോട്ടിങ്ഹാം അര്‍നോള്‍ഡ് ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ ഇടവക ദേവാലയത്തില്‍ വച്ച് ഇന്ന് യാത്രാമൊഴിയേകും.

പള്ളിയുടെ വിലാസം:

3, Thackeray’s Lane

NG5 4HT

Nottingham

ഉച്ചകഴിഞ്ഞ് കൃത്യം രണ്ടു മണിക്ക് വിശുദ്ധ കുര്‍ബാനയോടു കൂടി ശുശ്രൂഷകള്‍ ആരംഭിക്കും. വി. കുര്‍ബാനയ്ക്കും മറ്റു പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കും ശേഷം ബെന്നിയുടെ മൃതദേഹം കാണുന്നതിനും അന്തിമോപചാരം അര്‍പ്പിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും.

ബുധനാഴ്ചയോട് കൂടി ഫ്യൂണറല്‍ ഡയറക്‌റ്റേഴ്‌സിന് കൈമാറിയ ബെന്നിയുടെ മൃതദേഹം നോട്ടിംഗ്ഹാമിലുള്ള ഓഫീസിലാണ് സൂക്ഷിച്ചിരുന്നത്. യുകെയിലെ പ്രധാന വഴിയായ മോട്ടോര്‍വേയുടെ യാത്രാസുരക്ഷാ പോലും ചോദ്യം ചെയ്യപ്പെട്ടേക്കാവുന്ന ഈ ദാരുണ ദുരന്തത്തിന്റെ തുടര്‍നടപടികള്‍ പതിവിലും വേഗത്തിലാണ് പോലീസ് അധികാരികളും ആശുപത്രി അധികൃതരും പൂര്‍ത്തിയാക്കിയത്. ദുരന്തത്തില്‍ മരണമടഞ്ഞ ബാക്കിയുള്ളവരുടെയും മൃതദേഹങ്ങള്‍ വിട്ടുനല്‍കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്.

നോട്ടിംഗ്ഹാമിലെ ഇന്നത്തെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും പൊതുദര്‍ശനത്തിനും ശേഷം ഞായറാഴ്ച രാവിലെ മാഞ്ചസ്റ്ററില്‍ നിന്നും പുറപ്പടുന്ന എമിറേറ്റ്‌സ് വിമാനത്തില്‍ ബെന്നിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. കോട്ടയം ജില്ലയിലെ പാലാ രൂപതാ ചേര്‍പ്പുങ്കല്‍ ഫൊറോനോ ഇടവകാംഗമായ ബെന്നിയുടെ മൃതദേഹം കടൂക്കുന്നേല്‍ കുടുംബക്കല്ലറയിലാണ് സംസ്‌കരിക്കുന്നത്. ബെന്നിയുടെ കുടുംബാംഗങ്ങളും സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കുവാനായി നാട്ടിലേക്ക് പോകുന്നവരും ശനിയാഴ്ച നാട്ടിലേക്ക് തിരിക്കും.

ഞായറാഴ്ച ഉച്ചയോട് കൂടി ചേര്‍പ്പുങ്കലുള്ള കുടുംബവീട്ടില്‍ എത്തിക്കുന്ന ബെന്നിയുടെ മൃതദേഹം തുടര്‍ന്നുള്ള മണിക്കൂറുകളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ച കഴിഞ്ഞു നാലു മണിക്ക് വീട്ടിലാരംഭിക്കുന്ന മൃതസംസ്‌കാര ശുശ്രൂഷകള്‍ തുടര്‍ന്ന് മൃതദേഹം ചേര്‍പ്പുങ്കല്‍ പള്ളിയിലേക്കും തുടര്‍ന്ന് അന്ത്യവിശ്രമം കൊല്ലാനുള്ള കുടുംബക്കല്ലറയിലേക്കും കൊണ്ടു പോകും.

ബെന്നിയുടെ ഭാര്യ ആന്‍സിയും മക്കളായ ബെന്‍സണ്‍, ബെന്നീറ്റ എന്നിവരെ കൂടാതെ കുടുംബാംഗങ്ങളായ പ്രിയന്‍, ജോളി, മിനി സ്റ്റീഫന്‍ എന്നിവരെകൂടാതെ നോട്ടിംഗ്ഹാമിലെ ബെന്നിയുടെ സുഹൃത്തുക്കളായിരുന്ന അഡ്വക്കേറ്റ്. ജോബി പുതുക്കുളങ്ങര, സോയിമോന്‍ ജോസഫ്, സിന്ധു സോയിമോന്‍, നോട്ടിംഗ്ഹാം രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ബിജു കുന്നയ്ക്കാട്ട് തുടങ്ങിയവരും സംസ്‌കാരശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിനായി നാട്ടിലേക്ക് പോകുന്നുണ്ട്.

കഴിഞ്ഞ മാസം 26ന് വെളുപ്പിന് മൂന്ന് മണിയോട് കൂടിയാണ് ബെന്നി ഉള്‍പ്പടെ എട്ട് പേരുടെ മരണത്തിനിടയാക്കിയ ദാരുണ സംഭവം എം1 മോട്ടോര്‍വേയില്‍ ഉണ്ടായത്. ബെന്നിയുള്‍പ്പടെ 12 പേര്‍ നോട്ടിംഗ്ഹാമില്‍ നിന്നും ലണ്ടനിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്.

നോട്ടിംഗ്ഹാം സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ കമ്മിറ്റിയംഗം, വിവിധ സംഘടനകളിലെ സാരഥി, മികച്ച ഗായകന്‍, സംഘാടകന്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ തിളങ്ങിയ തങ്ങളുടെ ഉറ്റ സുഹൃത്തിനെ നാസ്തപ്പെട്ടതിന്റെ തീരാദുഃഖത്തിലാണ് നോട്ടിംഗ്ഹാം നിവാസികള്‍.

തങ്ങളുടെ പ്രിയ ബെന്നിച്ചന് അന്ത്യയാത്ര പറയാന്‍ പ്രിയപ്പെട്ടവരും സുഹൃത്തുക്കളും ഇന്ന് ഉച്ച കഴിഞ്ഞു 2 മണിക്ക് നോട്ടിങ്ഹാം അര്‍നോള്‍ഡ് ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ ഇടവക ദേവാലയത്തില്‍ ഒത്തുചേരും. നോട്ടിംഗ്ഹാമില്‍ നടക്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷകളുടെയും തിങ്കളാഴ്ച ചേര്‍പ്പുങ്കല്‍ പള്ളിയില്‍ നടക്കുന്ന സംസ്‌കാര ശുശ്രൂഷകളുടെയും തത്സമയ സംപ്രേക്ഷണം ക്‌നാനായ പത്രത്തിലും ക്‌നാനായ ഫേസ്ബുക്ക് പേജിലും ലഭ്യമായിരിക്കും.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more