1 GBP = 103.21

ജുഡീഷ്യല്‍ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രം ഇടപെടുന്നു ; ഫുള്‍ കോര്‍ട്ട് ചേര്‍ന്നേക്കും

ജുഡീഷ്യല്‍ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രം ഇടപെടുന്നു ; ഫുള്‍ കോര്‍ട്ട് ചേര്‍ന്നേക്കും

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ സഹജഡ്ജിമാര്‍ രംഗത്തിറങ്ങിയതോടെയുണ്ടായ പ്രതിസന്ധി ഇന്ന് പരിഹരിക്കപ്പെട്ടേക്കും. പ്രശ്‌നങ്ങള്‍ നീതിന്യായവ്യവസ്ഥയ്ക്ക് അകത്ത് പരിഹരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് സമവായമുണ്ടാക്കാനാണ് ശ്രമം.

നേരത്തെ, ജസ്റ്റീസ് മിശ്ര അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെ ഗുരുതര ആരോപണം ഉന്നയിച്ച് മുതിര്‍ന്ന നാല് ജഡ്ജിമാരാണ് കോടതി ബഹിഷ്‌കരിച്ച് വാര്‍ത്താസമ്മേളനം വിളിച്ചത്. ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് സുപ്രീം കോടതി ഭരണസംവിധാനത്തിനെതിരെ തുറന്നടിച്ചത്.

സുപ്രീം കോടതിയിലെ ഭരണസംവിധാനത്തില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി ജസ്റ്റിസ് ചെലമേശ്വര്‍ ആരോപിച്ചു. കോടതിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെങ്കില്‍ ജനാധിപത്യം തകരും. അനിഷ്ടകരമായ സംഭവങ്ങളാണ് നടക്കുന്നത്. ചീഫ് ജസ്റ്റിസിനെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ നിരവധി തവണ ശ്രമിച്ചിരുന്നു. ഇന്നും ചീഫ് ജസ്റ്റിസിനെ കണ്ടിരുന്നു. എന്നാല്‍ അദ്ദേഹത്തെ കാര്യങ്ങള്‍ ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ് മാധ്യമങ്ങളെ നേരിട്ട് കാണുകയെന്ന അസാധാരണ നടപടി സ്വീകരിക്കേണ്ടി വന്നതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നടപടി സ്വീകരിക്കാനാണോ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന്, അത് തീരുമാനിക്കേണ്ടത് രാജ്യമാണെന്നായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ മറുപടി.

ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ച് തുറന്നടിച്ച ജസ്റ്റിസ് ചെലമേശ്വര്‍ ഏതെല്ലാം കേസുകളിലാണ് അട്ടിമറി നടന്നതെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറഞ്ഞില്ല. എന്നാല്‍ ജസ്റ്റിസ് ബി.എച്ച് ലോയ കേസ് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് അസാധാരണ നടപടികള്‍ക്ക് കോടതി വേദിയായത്.

അതേസമയം, ജഡ്ജിമാരുടെ നടപടിക്കെതിരെ മുന്‍ ജഡ്ജിമാരില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ഇത് കോടതിയുടെ ചരിത്രത്തിലെ അസാധാരണ നടപടിയാണെന്ന് മുന്‍ ജഡ്ജിമാരായ കെ.ടി തോമസ്, കെ.ജി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രതികരിച്ചു. പ്രശ്‌ന പരിഹാരത്തിന് ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നും ഇരുവരും അഭിപ്രായപ്പെട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more