1 GBP = 103.12

ഇനി പെട്രോളിനും ഡീസലിനുമൊക്കെ വില കുത്തനെ കയറും; എൻ എച്ച് എസിന് പണം കണ്ടെത്താൻ എട്ടു വർഷമായി മരവിപ്പിച്ചിരുന്ന ഇന്ധന നികുതി വർദ്ധിപ്പിക്കാൻ സർക്കാർ നീക്കം

ഇനി പെട്രോളിനും ഡീസലിനുമൊക്കെ വില കുത്തനെ കയറും; എൻ എച്ച് എസിന് പണം കണ്ടെത്താൻ എട്ടു വർഷമായി മരവിപ്പിച്ചിരുന്ന ഇന്ധന നികുതി വർദ്ധിപ്പിക്കാൻ സർക്കാർ നീക്കം

ലണ്ടൻ: എൻ എച്ച് എസിന്റെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് പ്രധാനമന്ത്രി തെരേസാ മേയ് പ്രഖ്യാപിച്ചതിന് പിന്നാലെ ജനങ്ങളുടെ വയറ്റത്തടിച്ച് കൊണ്ട് പുതിയ സർക്കാർ നീക്കവും പുറത്ത് വന്നു.ഇരുപത് ബില്യൺ പൗണ്ട് അനുവദിക്കുമെന്നായിരുന്നു മേയുടെ പ്രഖ്യാപനം. എന്നാൽ   ഇതിനുള്ള പണം മുഴുവന്‍ ബ്രക്‌സിറ്റ് വിഹിതത്തില്‍ നിന്നും കണ്ടെത്തില്ലെന്ന് വ്യക്തമായതോടെയാണ് ടാക്‌സ് പിഴിയലിന് വഴിയൊരുങ്ങിയത്. എട്ട് വര്‍ഷക്കാലമായി മരവിപ്പിച്ച് നിര്‍ത്തിയിരുന്ന ഇന്ധന ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചാണ് എന്‍എച്ച്എസിന് കോടികള്‍ കണ്ടെത്താനുള്ള കുറുക്കുവഴിയായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളത്.

എന്‍എച്ച്എസിനും, പൊതുസേവനങ്ങള്‍ക്കും വന്‍തുക നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഫ്യുവല്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചാല്‍ 800 മില്ല്യണ്‍ പൗണ്ട് സുഖമായി കണ്ടെത്താമെന്നതാണ് ആകര്‍ഷണം. ഇതിന് പുറമെ ആല്‍ക്കഹോള്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിക്കാനും മന്ത്രിമാര്‍ പദ്ധതിയൊരുക്കുന്നു. നിലവില്‍ ഇന്ധന ഡ്യൂട്ടി ലിറ്ററിന് 57.95 പെന്‍സായി നിജപ്പെടുത്തിയിട്ടുണ്ട്. 2011 മുതല്‍ ഇത് പ്രാബല്യത്തിലുണ്ട്. ഇത് ഡ്രൈവര്‍മാര്‍ക്ക് 13 ശതമാനം വില കുറയാന്‍ സഹായകമായിട്ടുണ്ട്.

എന്നാല്‍ കൂടുതല്‍ ഫണ്ട് കണ്ടെത്താന്‍ ഈ ആനുകൂല്യങ്ങള്‍ മാറ്റിവെയ്ക്കുകയാണ് സര്‍ക്കാര്‍. അതേസമയം ജീവിതച്ചെലവ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ധന ഡ്യൂട്ടിയും, മദ്യത്തിന്റെ വിലയും വര്‍ദ്ധിക്കുന്നത് അനുകൂല ഘടകമാകില്ലെന്ന് ടോറി എംപിമാര്‍ തന്നെ ആശങ്ക പ്രകടിപ്പിക്കുന്നു. ആല്‍ക്കഹോള്‍ ഡ്യൂട്ടി മാറ്റിയാല്‍ വര്‍ഷത്തില്‍ 200 മില്ല്യണ്‍ പൗണ്ട് അധികം നേടാം. ധനക്കമ്മി കുറയ്ക്കാനുള്ള നടപടികള്‍ എവിടെ തുടങ്ങണമെന്ന് സര്‍ക്കാര്‍ സംശയിച്ച് നില്‍ക്കുകയാണ്. നികുതി മരവിപ്പ് മാറ്റിയില്ലെങ്കില്‍ ഇത് കൂടുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

നികുതിദായകര്‍ കുറച്ച് കൂടുതല്‍ സംഭാവന നല്‍കേണ്ടി വരുമെന്ന് പ്രധാനമന്ത്രിയും, ചാന്‍സലറും വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നാണ് ട്രഷറി വക്താവ് അറിയിക്കുന്നത്. എല്ലാവരും ഉപയോഗിക്കുന്ന എന്‍എച്ച്എസിനെ സംരക്ഷിക്കാനാണിതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇന്ധന ഡ്യൂട്ടി ഉയര്‍ത്തുന്നത് സാധാരണക്കാരുടെ വയറ്റത്തടിക്കുമെന്ന് മുന്‍ മന്ത്രി റോബര്‍ട്ട് ഹാഫ്ടണ്‍ ഓര്‍മ്മിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more