1 GBP = 103.89

യുക്മയില്‍ പരസ്യ പ്രസ്താവനകള്‍ക്ക് കടിഞ്ഞാണിട്ട് അഡ്വ. ഫ്രാന്‍സിസ് മാത്യു (യുക്മ നാഷണല്‍ പ്രസിഡന്റ്)

യുക്മയില്‍ പരസ്യ പ്രസ്താവനകള്‍ക്ക് കടിഞ്ഞാണിട്ട്  അഡ്വ. ഫ്രാന്‍സിസ് മാത്യു (യുക്മ നാഷണല്‍ പ്രസിഡന്റ്)

അനീഷ് ജോണ്‍ (യുക്മ പി ആര്‍ ഒ)

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കമ്മറ്റി സെക്രട്ടറിയ്‌ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചു എന്ന നിലയില്‍ റീജണല്‍ പ്രസിഡന്റ് പ്രസിദ്ധീകരണത്തിന് വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരിയ്ക്കുന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ അറിയിച്ചു. യുക്മ റീജിയണല്‍ നാഷണല്‍ കമ്മറ്റികളുടെ പൊതുയോഗവും തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിന്റെ വിവിധ നടപടി ക്രമങ്ങളിലൂടെ സംഘടന കടന്നുപോകുന്ന സമയമാണിത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അത് ജനാധിപത്യപരമായ രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുക മാത്രമാണ് വിവിധ കമ്മറ്റികളുടെ ഉത്തരവാദിത്വം. സംഘടനാപരമായ ഏത് വിഷയവും ചര്‍ച്ച ചെയ്യുന്നതിനും തീരുമാനങ്ങളെടുക്കുന്നതിനും വരുന്ന പൊതുയോഗങ്ങള്‍ക്ക് പൂര്‍ണ്ണമായ അധികാരമുണ്ട്. തെരെഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ സുതാര്യമായി നടത്തുക എന്ന ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് മുഴുവന്‍ റീജിയനുകളുടെയും ഇലക്ഷന്‍ 21, 22 തിയതികളിലായി നടത്താന്‍ യുക്മ ദേശീയ നേതൃത്വം തീരുമാനിച്ചത്.

ഇതിനിടെ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കമ്മറ്റിയില്‍ ഉള്ള ഭാരവാഹികള്‍ക്കെതിരേ നടപടിയെടുക്കുവാന്‍ റീജിയണല്‍ പ്രസിഡന്റിന് അനുവാദം നല്‍കിയിട്ടില്ലെന്നും അത്തരം നടപടികള്‍ അസാധുവാണെന്നും ദേശീയ പ്രസിഡന്റ് അറിയിച്ചു. നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് താന്‍ റീജിയണല്‍ കമ്മിറ്റിയില്‍ പങ്കെടുത്തതെന്നും ഒഴിച്ച് കൂടാനാവാത്ത സാഹചര്യത്തിലാണ് സെക്രെട്ടറിക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്നും തനിക്ക് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ദേശീയ കമ്മിറ്റി നിര്‍ദ്ദേശിച്ചതില്‍ നിന്നും വിഭിന്നമായി വ്യക്തിപരമായ കാരണങ്ങളാല്‍ റീജിയണല്‍ പ്രെസിടെന്റിന് നാട്ടില്‍ പോകേണ്ട സാഹചര്യമുള്ളത് കൊണ്ട് മാറ്റിയ തിരഞ്ഞെടുപ്പ് തിയതിയുമായി ബന്ധപ്പെട്ടാണ് റീജിയണില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തത്.

നിലവിലെ സാഹചര്യത്തില്‍ ദേശീയ കമ്മറ്റിയുടെ തീരുമാനമനുസരിച്ച് ജനുവരി 21ന് നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കമ്മറ്റിയുടെ പൊതുയോഗവും തെരഞ്ഞെടുപ്പും നാഷണല്‍ കമ്മിറ്റിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മാഞ്ചസ്റ്ററില്‍ വച്ച് നടത്തപ്പെടുന്നതായിരിക്കും. നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അംഗ അസ്സോസിയേഷനുകള്‍ തങ്ങളുടെ യുക്മ പ്രതിനിധികളുടെ വിശദ വിവരങ്ങള്‍ നാഷണല്‍ സെക്രെട്ടറിക്ക് [email protected] എന്ന ഈമെയിലില്‍ ജനുവരി ഏഴിന് മുന്‍പായി അയക്കേണ്ടതാണെന്നും അഭ്യര്‍ത്ഥിക്കുന്നു. യുക്മ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിന് അന്നേ ദിവസം നടക്കുന്ന നോര്‍ത്ത് വെസ്റ്റ് റീജിയന്റെ പൊതുയോഗത്തില്‍ പങ്കെടുക്കുന്നതുമായിരിക്കും.

തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞതിനാല്‍ ഇനിയും ഒരു പരസ്യ പ്രസ്താവനക്ക് മുതിര്‍ന്നാല്‍ അച്ചടക്ക നടപടികള്‍ക്കു വിധേയരായി പുറത്തു പോകേണ്ടി വരും എന്നും ഇനി ഈ വിഷയത്തില്‍ പരസ്യ പ്രസ്താവനകള്‍ പാടുള്ളതല്ലെന്നും യുക്മ നാഷണല്‍ പ്രസിഡന്റ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more