1 GBP = 103.12

ഇന്ത്യ-ചൈന കൂടിക്കാഴ്‌ച: ഡോക്‌ലാമിന് ശേഷം ഇതാദ്യം

ഇന്ത്യ-ചൈന കൂടിക്കാഴ്‌ച: ഡോക്‌ലാമിന് ശേഷം ഇതാദ്യം

ബീജിംഗ്: അരുണാചൽ പ്രദേശിനോട് ചേർന്ന ഡോക്‌ലാം അതിർത്തിയിലുണ്ടായ സൈനിക സംഘർഷത്തിന് ശേഷം ഇതാദ്യമായി ഇന്ത്യയും ചൈനയും അതിർത്തി വിഷയത്തിൽ കൂടിക്കാഴ്‌ച നടത്തി. അതിർത്തിയിലെ എല്ലാ മേഖലകളിലുമുള്ള സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തിയ യോഗം നിലവിലെ സ്ഥിതിഗതികളും ചർച്ച ചെയ്‌തു.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തികാര്യങ്ങൾ ഏകോപിപ്പിക്കാനും ചർച്ച ചെയ്യാനുമുള്ള സമിതിയുടെ(വർക്കിങ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോഓർഡിനേഷൻ ഓൺ ഇന്ത്യ – ചൈന ബോർഡർ അഫേഴ്സ്) പത്താമത് യോഗമാണ് ബീജിംഗിൽ ചേർന്നതെന്നും ചൈനയിലെ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. അതിർത്തിയിലെ സംഘർഷത്തിന്റെ സാഹചര്യത്തിന്റെ പരസ്‌പരമുള്ള ആശയവിനിമയത്തിനും മേഖലയിലെ സമാധാനം സംരക്ഷിക്കുന്നതിനും 2012ലാണ് ഈ സമിതി രൂപീകരിക്കുന്നത്.

വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി പ്രണയ് വർമയും ഡിപ്പാർട്‌മെന്റ് ഓഫ് ഏഷ്യൻ അഫേഴ്‌സ് ഡയറക്ടർ ജനറൽ സിയ ഖിയാനും തമ്മിലായിരുന്നു കൂടിക്കാഴ്ച. ഡോക്‌ലാം അതിർത്തിയിൽ 72 ദിവസം നീണ്ടുനിന്ന സംഘർഷത്തിന് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ കൂടിക്കാഴ്‌ച നടത്തുന്നത്. സൈനിക സഹകരണവും പരസ്‌പര വിശ്വാസവും വർദ്ധിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഇരുഭാഗത്ത് നിന്നും ഉണ്ടായി. ചർച്ചകൾ ഭാവിയിലേക്ക് പ്രത്യാശ പകരുന്നതാണെന്നും വാർത്താ കുറിപ്പിൽ പറയുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് രണ്ടാമത് അധികാരത്തിലെത്തിയതിന് ശേഷം ഇന്ത്യയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്‌ച കൂടിയാണിത്.

ഡോക്‌ലാം മേഖലയിൽ ചൈന ചൈനയുടേതെന്നും ഭൂട്ടാൻ ഭൂട്ടാന്റേതെന്നും അവകാശപ്പെടുന്ന സ്ഥലത്തു ചൈനയുടെ സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ) റോഡ് നിർമിച്ചത് ഇന്ത്യൻ സൈന്യം തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. 72 ദിവസത്തോളം നീണ്ടുനിന്ന സംഘർഷത്തിനൊടുവിലാണ് ഇന്ത്യ സൈന്യത്തെ പിൻവലിക്കാൻ തയ്യാറായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more