1 GBP = 104.05

വിമാനയാത്രയില്‍ തടസ്സങ്ങള്‍ നേരിടാറുണ്ടോ? ഉണ്ടെങ്കില്‍ അറിയേണ്ട കാര്യങ്ങളും നിങ്ങളുടെ അവകാശങ്ങളും

വിമാനയാത്രയില്‍ തടസ്സങ്ങള്‍ നേരിടാറുണ്ടോ? ഉണ്ടെങ്കില്‍ അറിയേണ്ട കാര്യങ്ങളും നിങ്ങളുടെ അവകാശങ്ങളും

ബിബിന്‍ വി അബ്രഹാം, ന്യൂസ് ടീം

ഇംഗ്ലണ്ടില്‍ കുടിയേറിയിരിക്കുന്ന മലയാളികളില്‍ ഒട്ടുമിക്കവര്‍ക്കും ഇന്ന് ബ്രിട്ടിഷ് പൗരത്വമോ, പെര്‍മനന്റ് റസിഡന്‍സി സ്റ്റാറ്റസോ ഉള്ളവരാണ്. ഇതില്‍ നല്ല ഒരു വിഭാഗം എല്ലാ വര്‍ഷവും നാട്ടിലേക്ക് യാത്ര ചെയ്യുന്നവരും വേറൊരു വിഭാഗം അവധി സമയത്തു മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും താല്പര്യം പ്രകടപ്പിക്കുന്നവരാണ്.

നാട്ടിലേക്കു ഉള്ള വിമാനയാത്രകളില്‍ പൊതുവേ നമുക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറില്ലെങ്കിലും യു.കെ യിലോ യുറോപ്യന്‍ യൂണിയനിലോ ഉള്ള വിമാനയാത്രക്കിടയില്‍ മിക്കവാറും തടസ്സങ്ങള്‍ നേരിടാറുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അങ്ങനെ തടസ്സം നേരിട്ടാല്‍ യൂറോപ്യന്‍ നിയമം അനുസരിച്ചു വിമാനയാത്രയില്‍ നിങ്ങളുടെ അവകാശങ്ങളെന്തൊക്കെയാണന്ന് നിങ്ങള്‍ക്കറിയാമോ?
നിങ്ങളുടെ അവകാശങ്ങളെ കുറിച്ചും നഷടപരിഹാരം അടക്കം നിങ്ങള്‍ക്കു ലഭ്യമാക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നതു. ഈ അവകാശങ്ങള്‍ നിങ്ങള്‍ക്കു ലഭ്യമാകുന്നതു നിങ്ങള്‍ യു.കെ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യുമ്പോള്‍ മാത്രം ആണ്.

ഒന്നാമതായി വിമാനം പുറപ്പെടേണ്ട സമയത്തു നിന്നു രണ്ടു മണിക്കൂറോ അതില്‍ കൂടുതലോ യാത്ര തുടങ്ങാന്‍ താമസിച്ചാല്‍ നിങ്ങള്‍ ബുക്ക് ചെയ്തിരിക്കുന്ന വിമാനകമ്പനി നിങ്ങള്‍ക്ക് ഭക്ഷണ സൗകര്യം ഒരുക്കി തരാന്‍ ഉത്തരവാദിത്വപ്പെട്ടിരിക്കുന്നു. കൂടാതെ ഫോണ്‍ ചെയ്യാനും, ഇ മെയില്‍ ചെക്ക് ചെയ്യാനുള്ള സൗകര്യത്തിനും നിങ്ങള്‍ അര്‍ഹരാണ്.
യാത്രാ തടസ്സം രാത്രിയിലേക്കു നീണ്ടാല്‍ താമസ സൗകര്യം, താമസസ്ഥലത്തേക്കുള്ള യാത്ര ചിലവ് തുടങ്ങിയവ നല്‍കാന്‍ വിമാന കമ്പനികള്‍ക്ക് ബാധ്യതയുണ്ട്.

ഈ അധിക ചിലവുകള്‍ക് സാധാരണ ഗതിയില്‍ വിമാന കമ്പനികള്‍ വൗച്ചറുകള്‍ എയര്‍പോര്‍ട്ടില്‍ വച്ച് തരുന്നതാണ്. സൗകര്യങ്ങള്‍ ഓഫര്‍ ചെയ്തില്ലങ്കില്‍ ചോദിച്ചു മേടിക്കാന്‍ മറക്കാതിരിക്കുക.
അല്ലെങ്കില്‍ മതിയായ രേഖകള്‍ സൂക്ഷിച്ചു വച്ച് വിമാന കമ്പനിയില്‍ നിന്ന് പിന്നിടു പണം ഈടാക്കാം. (ആഢംബര ഹോട്ടല്‍ ബില്ലുകള്‍, മദ്യം തുടങ്ങിയവ ക്ലെയിമില്‍ ഉള്‍പെടുന്നതല്ലാ)

നിങ്ങള്‍ സഞ്ചരിക്കാന്‍ ബുക്ക് ചെയ്തിരുന്ന വിമാനം മൂന്നു മണിക്കൂറോ അതില്‍ കൂടുതല്‍ സമയം വൈകിയാല്‍ മേല്‍ പറഞ്ഞ എല്ലാ അവകാശങ്ങളോടൊപ്പം നഷ്ടപരിഹാരം ലഭിക്കുവാനും നിങ്ങള്‍ അര്‍ഹരാണ്. നഷ്ടപരിഹാരത്തിനുള്ള അര്‍ഹത യാത്രയുടെ ദൈര്‍ഘ്യത്തേയും, ക്യാന്‍സല്‍ ചെയ്യാനുണ്ടായ കാരണത്തേയും ആശ്രയിച്ചിരിക്കുന്നു.

1,500 കിലോമീറ്റര്‍ താഴെ ദൈര്‍ഘ്യമുള്ള യാത്രകള്‍ക്ക് 250 യൂറോയും
1500 മുതല്‍ 3500 കിലോമീറ്ററുനുള്ളിലെ യാത്രയ്ക്ക് 400 യൂറോയും
3500 കിലോമീറ്ററിനു മുകളിലുള്ള യാത്രകള്‍ക്ക് 600 യൂറോയും നഷ്ടപരിഹാരമായി ലഭിക്കുന്നതാണ്.

അടിയന്തിര സാഹചര്യങ്ങളിലും മോശം കാലാവസ്ഥ മൂലമോ വിമാന സര്‍വീസ് റദ്ദാക്കിയാല്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതല്ല.

ഇനി, നിങ്ങളുടെ വിമാനം അഞ്ചു മണിക്കൂറിനു മുകളില്‍ വൈക്കുകയും നിങ്ങള്‍ക്ക് യാത്ര സാധ്യമല്ലാതെ വരികയുമാണങ്കില്‍ ടിക്കറ്റ് തുക മുഴുവനായും റീഫണ്ട് ചെയ്തു നല്‍കേണ്ടതാണ്. കൂടാതെ മേല്‍ പറഞ്ഞിരിക്കുന്ന സൗകര്യങ്ങളായ ഭക്ഷണം, ഫോണ്‍, ഇമെയില്‍ തുടങ്ങിയവ നിങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതാണ്.

ഇനി നിങ്ങള്‍ യാത്ര ചെയ്യാനിരുന്ന വിമാനം ക്യാന്‍സല്‍ ചെയ്യപ്പെട്ടാല്‍
1 സാധ്യമാണങ്കില്‍ എത്രയും പെട്ടന്ന് സൗജന്യമായി റീ റൂട്ട് ചെയ്യുക
2. അല്ലങ്കില്‍ മറ്റൊരു ദിവസത്തേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റി എടുക്കുക
3. മുഴുവന്‍ തുകയും റീ ഫണ്ട് ചെയ്തു മേടിക്കുക

വിമാനം കാന്‍സല്‍ ചെയ്യപ്പെടുകയും നിങ്ങള്‍ റീ റൂട്ട് തിരഞ്ഞെടുക്കുകയും ചെയ്യുകയാണെകില്‍ താമസം, ഭക്ഷണം, യാത്ര എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ നല്‍കാന്‍ വിമാന കമ്പനികള്‍ക്ക് ബാധ്യതയുണ്ട്. നിങ്ങള്‍ റീഫണ്ടാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വിമാന കമ്പനികളുടെ ബാധ്യത നിങ്ങള്‍ക്ക് പണം തിരിച്ചു നല്‍കുക എന്നതു മാത്രമായിരിക്കും.

മേല്‍ പറഞ്ഞ ഏതെങ്കിലും രീതിയില്‍ നിങ്ങളുടെ വിമാനയാത്രയില്‍ തടസ്സം നേരിട്ടാല്‍ നഷ്ടപരിഹാരത്തിനായി നിങ്ങളുടെ എയര്‍ലൈന്‍ ആയി ഉടനടി ബന്ധപ്പെടുക. നഷ്ടപരിഹാരങ്ങള്‍ സാധരണയായി എയര്‍പോര്‍ട്ടുകളില്‍ വച്ച് നല്‍കാറില്ല. നിങ്ങളുടെ യാത്ര വിവരങ്ങളുമായി അതാത് വിമാന സര്‍വീസിന്റെ കസ്റ്റമര്‍ സര്‍വീസില്‍ ബന്ധപ്പെടുമ്പോള്‍ അവര്‍ നിങ്ങളെ സഹായിക്കുന്നതായിരിക്കും. എന്നാല്‍ ഏതെങ്കിലും വിധത്തില്‍ തൃപ്തികരമായ മറുപടി ലഭ്യമായില്ലെങ്കില്‍ പ്രശ്‌നം സിവില്‍ ഏവിയേഷന്‍ അതോററ്റിയുടെ മുമ്പില്‍ കൊണ്ടുവരാവുന്നതാണ്.

വിമാനയാത്രകളില്‍ നേരിടുന്ന തടസങ്ങളില്‍ നിങ്ങളുടെ അവകാശങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

https://www.citizensadvice.org.uk/consumer/holiday-cancellations-and-compensation/if-your-flights-delayed-or-cancelled/

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more