1 GBP = 103.58
breaking news

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് ഒക്ടോബര്‍ 9ന് ഒരു വയസ് തികയുന്നു; കൃതജ്ഞതാബലിയും വാര്‍ഷികാഘോഷങ്ങളും തിങ്കളാഴ്ച പ്രസ്റ്റണ്‍ കത്തീഡ്രലില്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് ഒക്ടോബര്‍ 9ന് ഒരു വയസ് തികയുന്നു; കൃതജ്ഞതാബലിയും വാര്‍ഷികാഘോഷങ്ങളും തിങ്കളാഴ്ച പ്രസ്റ്റണ്‍ കത്തീഡ്രലില്‍

ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രസ്റ്റന്‍: 2016 ഒകോബെര്‍ 9ന് ഔദ്യോഗികമായി പിറവിയെടുത്ത ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഒന്നാം പിറന്നാള്‍ പ്രാര്‍ത്ഥനാനിര്‍ഭരമായി വരുന്ന തിങ്കളാഴ്ച രൂപതാ ആസ്ഥാനമായ പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ആഘോഷമായ വി. കുര്‍ബാനയ്ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. സഹകാര്‍മ്മികരായി വികാരി ജനറാള്‍മാരും മറ്റ് നിരവധി വൈദികരും പങ്കെടുക്കുന്ന ദിവ്യബലിയില്‍ രൂപതയിലെ സന്യസ്തരുടെയും ഓരോ വി. കുര്‍ബാന കേന്ദ്രത്തില്‍ നിന്നുമുള്ള അല്‍മായ പ്രതിനിധികളുടെയും സാന്നിധ്യമുണ്ടായിരിക്കും. കഴിഞ്ഞ വര്‍ഷം പ്രസ്റ്റണ്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങുകളിലാണ് പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി രൂപതയുടെ പ്രഥമ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായതും ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഔദ്യോഗികമായി ഉത്ഘാടനം ചെയ്യപ്പെട്ടതും.

173 വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യാനായി 50 ല്‍ അധികം വൈദികരുടെ സേവനവും നാല് സന്യസ്തരുടെ സേവനവും ഇപ്പോള്‍ രൂപതയ്ക്ക് ലഭിക്കുന്നുണ്ട്. ഇത് കൂടാതെ വിവിധ പ്രവര്‍ത്തനമേഖലകളെ ഏകോപിക്കുന്നതിനായി 18 ഓളം കമ്മീഷനുകള്‍, നടക്കാനിരിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍, രൂപതയെ 8 റീജിയനുകളായി തിരിച്ചുള്ള പ്രവര്‍ത്തനം, രൂപതാ കൂരിയാ ഉള്‍പ്പടെയുള്ള ഔദ്യോഗിക ആലോചനാസംഘങ്ങള്‍, അല്മായര്‍ക്കായി ‘ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ ആഭിമുഖ്യത്തില്‍ ദൈവ ശാസ്ത്ര പഠനത്തിന് അവസരം, തുടങ്ങിയ പല കാര്യങ്ങളിലൂടെ രൂപതയുടെ ഭാവി വളര്‍ച്ചയ്ക്കായി ബഹുമുഖ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കാനും ഉറച്ച അടിത്തറ നല്‍കാനും രൂപതാധ്യക്ഷന്‍ നേതൃത്വം നല്‍കുന്ന രൂപതാവികാരികള്‍ക്കു ഈ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സാധിച്ചു. രൂപതയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി അവതരിപ്പിക്കുന്ന ആദ്യ ബുള്ളറ്റിന്‍ ‘ഭനഹാ’, രൂപത പുറത്തിറക്കിയ കലണ്ടര്‍, ക്രിസ്തുമസ് അവസരത്തില്‍ നല്‍കപ്പെട്ട രൂപതാധ്യക്ഷന്റെ ക്രിസ്തുമസ് സന്ദേശ കാര്‍ഡുകള്‍ തുടങ്ങിയവയും വിശ്വാസികളുടെ കൈകളിലെത്തിക്കാന്‍ ഈ ഒരു വര്‍ഷത്തിനുള്ളില്‍ സാധിച്ചു.

സമര്‍ത്ഥമായ നേതൃത്വത്തിലൂടെ രൂപതയെ മുന്‍പോട്ട് നയിക്കുന്ന രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അജപാലന മികവും ഈ നേട്ടങ്ങളിലും പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായകമായി. മൂന്ന് രാജ്യങ്ങളിലായി പരന്നു കിടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ വിശ്വാസികളുടെ ആത്മീയ കാര്യങ്ങളില്‍ നേതൃത്വം വഹിക്കുവാന്‍ അല്‍പ്പം പോലും വിശ്രമം എടുക്കാതെയാണ് അദ്ദേഹം ഓടിയെത്തുന്നത്. സൗമ്യഭാവവും ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വ ഗുണങ്ങളുമുള്ള മാര്‍ സ്രാമ്പിക്കല്‍ ഇതിനോടകം വിശ്വാസികളുടെ മനസ്സില്‍ ഇടം പിടിച്ചു കഴിഞ്ഞു. രൂപതാമെത്രാന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന റവ. ഫാ. ഫാന്‍സുവാ പത്തിലിന്റെ സേവനവും എടുത്ത് പറയേണ്ടതാണ്.

തിണകളാഴ്ച പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ രാവിലെ 11 മണിക്ക് നടക്കുന്ന ദിവ്യബലിക്കും സ്‌നേഹവിരുന്നിനും ശേഷം ഉച്ച കഴിഞ്ഞു പ്രിസ്ബിറ്റല്‍ കൗണ്‍സിലിന്റെ സമ്മേളനവും ജോയിന്റ് പ്രിസ്ബിറ്റല്‍ കൗണ്‍സിലിന്റെ സമ്മേളനവും പ്രസ്റ്റണ്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടക്കും. ഈ ഒരു വര്‍ഷത്തിനിടയില്‍ ദൈവം നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയാനായി സാധിക്കുന്ന എല്ലാവരും പ്രസ്റ്റണ്‍ കത്തീഡ്രലില്‍ എത്തിച്ചേരണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more