തൊഴിലില്ലാത്ത പൗരന്‍മാര്‍ക്ക് മാസശമ്പളം നല്‍കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി ഫിന്‍ലാന്‍ഡ്, പ്രതിമാസം നല്‍കുന്നത് 560 യൂറോ


തൊഴിലില്ലാത്ത പൗരന്‍മാര്‍ക്ക് മാസശമ്പളം നല്‍കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി ഫിന്‍ലാന്‍ഡ്, പ്രതിമാസം നല്‍കുന്നത് 560 യൂറോ

തൊഴിലില്ലാത്ത പൗരന്‍മാര്‍ക്ക് മാസശമ്പളം നല്‍കുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമായി ഫിന്‍ലാന്‍ഡ്. പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് ആരംഭിച്ചു. ദാരിദ്രവും തൊഴിലില്ലായ്മയും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി രണ്ടായിരത്തോളം പേര്‍ക്ക് എല്ലാമാസവും 560 യൂറോ വീതം നല്‍കും. ഇവര്‍ തൊഴില്‍ അന്വേഷിക്കുന്നുണ്ടോ അല്ലെങ്കില്‍ പണം എങ്ങനെ ചെലവഴിക്കുന്നു എന്നൊന്നും ഗവണ്‍മെന്റ് അന്വേഷിക്കുന്നില്ല. എന്നാല്‍ നിലവില്‍ ഏതെങ്കിലും ബെനിഫിറ്റുകള്‍ കൈപ്പറ്റുന്നുണ്ടെങ്കില്‍ അത് ഈ തുകയില്‍ നിന്ന് കുറവ് ചെയ്യുന്നതാണ്.

ഫിന്‍ലാന്‍ഡിലെ സോഷ്യല്‍ ബെനിഫിറ്റുകള്‍ കൈകാര്യം ചെയ്യുന്ന ഗവണ്‍മെന്റ് ഏജന്‍സിയായ കേലയാണ് ഈ സ്‌കീം നടപ്പിലാക്കുന്നത്. ഇതിനായി രണ്ടായിരത്തോളം പേരെ കേല തന്നെ തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ജോലി ലഭിച്ചാലും സഹായം തുടരും. ഫിന്‍ലാന്‍ഡിലെ ഉദാരവും എന്നാല്‍ സങ്കീര്‍ണ്ണവുമായ സോഷ്യല്‍ സെക്യൂരിറ്റി സംവിധാനം ആളുകളെ ബെനിഫിറ്റ് നഷ്ടമാക്കുമോ എന്നുള്ള ഭയം മൂലം ജോലി സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് ഒഴിവാക്കാനാണ് ജോലി ലഭിച്ചാലും നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക സഹായം തുടരുന്നത്.

എന്നാല്‍ മാസം നല്ലൊരു തുക അക്കൗണ്ടിലെത്തുന്നതോടെ ആളുകള്‍ ജോലിയ്ക്ക് പോകാതെ മടിപിടിച്ചിരിക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. നവംബറില്‍ മാത്രം ഫിന്‍ലാന്‍ഡില്‍ ജോലി ഉപേക്ഷിച്ചവരുടെ എണ്ണം 213,000 ആണ്. ഫിന്‍ലാന്‍ഡിലെ തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കുന്നതിനായി മധ്യവലതുപക്ഷ ഗവണ്‍മെന്റിനെ നയിക്കുന്ന പ്രധാനമന്ത്രി ജൂഹ സിപിലയുടെ സോഷ്യല്‍ സെക്യൂരിറ്റി പദ്ധതികളുടെ ഭാഗമാണ് ഈ പദ്ധതിയും.

ഈ ബേസിക് ഇന്‍കം പദ്ധതി വരുമാനം കുറഞ്ഞ ഫ്രീലാന്‍സ് ജോലിക്കാര്‍, ചെറുകിട സംരംഭകര്‍, പാര്‍ട്ട് ടൈം ജോലിക്കാര്‍ എന്നിവര്‍ക്കും അടുത്ത ഘട്ടത്തില്‍ ലഭ്യമാക്കും. ഫിന്‍ലാന്‍ഡില്‍ സ്വകാര്യമേഖലയില്‍ ഒരാള്‍ക്ക് പ്രതിമാസം ലഭിക്കുന്ന ശരാശരി ശമ്പളം 3500 യൂറോയാണെന്ന് ഗവണ്‍മെന്റ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

സമാനമായ പദ്ധതിയുടെ പൈലറ്റ് പ്രോജക്ടുകള്‍ ഇന്ത്യയിലും അഫ്രിക്കയിലും നടപ്പിലാക്കുന്നുണ്ട്. സ്വിസ്റ്റര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലും അടിസ്ഥാന മാസശമ്പള പദ്ധതിയെ കുറിച്ച് ആലോചിക്കുന്നുണ്ട്. സ്‌കോട്ടിലാന്‍ഡിലും സമാനമായ പദ്ധതിയുടെ ട്രയല്‍ നടക്കുകയാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതിയുടെ ട്രയല്‍ നടത്താന്‍ ഫിഫെ, ഗ്ലാസ്‌ഗോ കൗണ്‍സിലുകളും തീരുമാനിച്ചിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317