1 GBP = 104.21

സ്റ്റീവനേജില്‍ ഫാത്തിമ സെന്റനറി ആഘോഷവും മലയാളം കുര്‍ബ്ബാനയും ശനിയാഴ്ച.

സ്റ്റീവനേജില്‍ ഫാത്തിമ സെന്റനറി ആഘോഷവും മലയാളം കുര്‍ബ്ബാനയും ശനിയാഴ്ച.

അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ്: പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ പരിശുദ്ധ അമ്മ ‘കുട്ടിയിടയര്‍ക്ക്’ പ്രത്യക്ഷപ്പെട്ടു ദിവ്യ സന്ദേശം നല്‍കിയതിന്റെ നൂറാം വാര്‍ഷികം ആഗോള കത്തോലിക്കാ സഭയോടൊപ്പം സ്റ്റീവനേജ് കേരള കത്തോലിക്കാ സമൂഹവും ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഫാത്തിമായില്‍ പരിശുദ്ധ അമ്മ നല്‍കിയ ദിവ്യ സന്ദേശം പൂര്‍ണ്ണമായി അനുവര്‍ത്തിച്ച വിശ്വാസി സമൂഹം പൈശാചിക ശക്തിയുടെ മേല്‍ പ്രാര്‍ത്ഥനകള്‍ കൊണ്ട് കൈവരിച്ച വിജയത്തിന്റെ ആഹ്‌ളാദവും, പരിശുദ്ധ ജപമാലയുടെയും ദൈവീക കരുതലിന്റെയും ശക്തിയും, വിശ്വാസവും പ്രഘോഷിക്കുവാനും ഒപ്പം മാതൃ വണക്കത്തിനായും ആയിട്ടാണ് ഈ നൂറാം വാര്‍ഷികം ആഘോഷിക്കുന്നത്.

മെയ് 20 നു ശനിയാഴ്ച ഉച്ചക്ക് 2:00 മണിക്ക് സ്റ്റീവനേജ് സെന്റ് ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണ് മലയാളി കത്തോലിക്കാ സമൂഹം മാതൃ ഭക്തി പ്രഘോഷണം നടത്തുക. വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതയുടെ പരിധിയിലുള്ള സീറോ മലബാര്‍ സമൂഹത്തിന്റെ ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയില്‍ ശുശ്രുഷകള്‍ നയിക്കും. ഫാത്തിമയില്‍ ആശീര്‍വ്വദിക്കപ്പെട്ട് യു കെ യില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഫാത്തിമാ മാതാവിന്റെ തിരുസ്വരൂപം ഉച്ചയോടെ ദേവാലയ അങ്കണത്തില്‍ എത്തിച്ചേരും.

പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിക്കുന്ന ഫാത്തിമ നൂറാം വാര്‍ഷിക ശുശ്രുഷകളില്‍ വിശുദ്ധ ബലിയെത്തുടര്‍ന്ന്, ലദീഞ്ഞും നടത്തപ്പെടും. ഫാത്തിമ മാതാവിന്റെ രൂപം വഹിച്ചു കൊണ്ട് ലുത്തീനിയ ആലപിച്ച് നടത്തപ്പെടുന്ന പ്രദക്ഷിണത്തിനു ശേഷം സമാപന ആശീര്‍വ്വാദം നല്‍കും.ഫാത്തിമ അമ്മയെ വണങ്ങുന്നതിനും മുത്തുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്.

‘പരിശുദ്ധ അമ്മ’ ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാര്‍ഷിക ആഘോഷ വേളയില്‍ യു കെ യിലുടനീളം സഞ്ചരിക്കുന്ന ഫാത്തിമ മാതാവിന്റെ വെഞ്ചരിച്ച രൂപം സ്റ്റീവനേജിലെ കേരള കത്തോലിക്കാ സമൂഹത്തിനു അവിചാരിതമായി ലഭിച്ചപ്പോള്‍ വന്നു ഭവിച്ച അനുഗ്രഹം ഏറെ ഭക്തിപൂര്‍വ്വം ആഘോഷിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

ഫാത്തിമ മാതാവിന്റെ മാദ്ധ്യസ്ഥത്തില്‍ സംരക്ഷണവും, അനുഗ്രഹങ്ങളും പ്രാപിക്കുവാന്‍ ഏവരെയും സ്‌നേഹാദരവോടെ പള്ളിക്കമ്മിറ്റി ക്ഷണിച്ചു കൊള്ളുന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ‘പാല്‍ച്ചോറ്’ നേര്‍ച്ച വിതരണവും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 07737956977, 07533896656 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more