1 GBP = 104.27
breaking news

മാഞ്ചസ്റ്ററിന്റെ അവസാന സ്‌നേഹവായ്‌പേറ്റു വാങ്ങാന്‍ ബോബന്‍ നാളെയെത്തും…. മരിയ മോളെ ആദ്യമായും അവസാനമായും സ്‌കൂളിലാക്കാന്‍ ഇനി പപ്പായില്ലാ…

മാഞ്ചസ്റ്ററിന്റെ അവസാന സ്‌നേഹവായ്‌പേറ്റു വാങ്ങാന്‍ ബോബന്‍ നാളെയെത്തും…. മരിയ മോളെ ആദ്യമായും അവസാനമായും സ്‌കൂളിലാക്കാന്‍ ഇനി പപ്പായില്ലാ…

അലക്‌സ് വര്‍ഗീസ്

മാഞ്ചസ്റ്റര്‍:- കഴിഞ്ഞ മാസം 24 ന് അകാലത്തില്‍ വേര്‍പിരിഞ്ഞ് പോയ പ്രിയപ്പെട്ട ജോംലാല്‍ പെരുമ്പിള്ളിച്ചിറ എന്ന ബോബന്റെ ഭൗതിക ശരീരം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാനായി നാളെ വൈകുന്നേരം 4.30 ന് വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയ കവാടത്തില്‍ എത്തിക്കും. തുടര്‍ന്ന് ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് മ്യതദേഹം ദേവാലയത്തിനുള്ളില്‍ എത്തിച്ചതിന് ശേഷമായിരിക്കും പൊതുദര്‍ശത്തിനായുള്ള ദിവ്യബലിയും മറ്റ് ശുശ്രൂഷകളും ആരംഭിക്കുന്നത്.

വിഥിന്‍ഷോ സെന്റ്.തോമസ് സീറോ മലബാര്‍ ഇടവകാംഗമായിരുന്ന ബോബന്റെ യു കെയിലെ അന്ത്യകര്‍മ്മ ശുശ്രൂഷകള്‍ക്ക്
ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ രൂപതാ ചാപ്ലയിന്‍ റവ.ഡോ. ലോനപ്പന്‍ അറങ്ങാശ്ശേരി ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികനാകും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ സജി മലയില്‍ പുത്തന്‍പുരയില്‍ സന്ദേശം നല്‍കും. വിവിധ റീത്തുകളെ പ്രതിനിധീകരിച്ച് റവ.ഫാ.രഞ്ജിത്ത് മഠത്തിറമ്പില്‍, റവ.ഫാ റോബിന്‍സന്‍ മെല്‍ക്കിസ്, റവ.ഫാ തോമസ് തൈക്കൂട്ടത്തില്‍ തുടങ്ങി നിരവധി വൈദികര്‍ സഹകാര്‍മികരാകും.

ദേവാലയ ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം എല്ലാവര്‍ക്കും കാണുന്നതിനും അന്തിമോപചാരം അര്‍പ്പിക്കുന്നതിനും അവസരം ലഭിക്കും. മൃതദേഹത്തില്‍ വയ്ക്കുവാനുള്ള പൂക്കള്‍ ദേവാലയത്തില്‍ തന്നെ ലഭിക്കുന്നതിനാല്‍ കാണാനെത്തുന്നവര്‍ പ്രത്യേകം പൂക്കള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടു പോകുന്ന മ്യതദേഹത്തെ ഭാര്യയും കുഞ്ഞും മറ്റ് ബന്ധുക്കളും അനുഗമിക്കും. തുടര്‍ന്ന് വെള്ളിയാഴ്ച ബോബന്റെ ഇടവക ദേവാലയമായ കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കും.

കഴിഞ്ഞ പതിനാല് വര്‍ഷക്കാലം മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍ താമസിച്ചിരുന്ന ബോബന്‍ ട്രീസാ ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് ജനിച്ചത് മൂന്ന് വര്‍ഷം മുന്‍പായിരുന്നു. മരിയ മോളുടെ മൂന്നാം പിറന്നാളിന് തൊട്ട് മുന്‍പായിരുന്നു വിധി ബോബനെ തട്ടിയെടുത്തത്. വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്‌കൂളില്‍ നഴ്‌സറിയില്‍ പഠിക്കുവാനായി ചേര്‍ന്ന മരിയ മോളെ സ്‌കൂളില്‍ കൊണ്ട് വിടുവാന്‍ അവളുടെ പ്രിയപ്പെട്ട പപ്പ ഒരിക്കലും ഉണ്ടാകില്ല. പ്രിയതമന്റെ വേര്‍പാടില്‍ മനംനൊന്ത് കഴിയുന്ന ഭാര്യ ട്രീസാ കുഞ്ഞുമായി സ്‌കൂളില്‍ വന്ന് പോകുന്നത് കാണുന്നവരില്‍ വലിയ വേദനക്ക് കാരണമാവുകയും ചെയ്യുന്നു. ഇന്നാട്ടില്‍ കുടുംബത്തില്‍ ഒരാള്‍ വേര്‍പിരിഞ്ഞാല്‍ ഉണ്ടാവുന്ന ശൂന്യതയുടെ കാഠിന്യം ഒരിക്കല്‍ കൂടി വെളിപ്പെടുത്തുന്നു.

കോതമംഗലം എലവുപറമ്പിലെ പെരുമ്പള്ളിച്ചിറയിലെ വീട്ടില്‍ മാതാപിതാക്കളും മറ്റ് ബന്ധുക്കളും ദു:ഖാര്‍ത്തരായി കാത്തിരിക്കുന്നു തങ്ങളുടെ പ്രിയപ്പെട്ട ബോബനെ അവസാനമായി ഒരു നോക്ക് കാണാന്‍. ഭാര്യ ട്രീസ ചങ്ങനാശ്ശേരി പുളിങ്കുന്ന് മണലേല്‍ കുടുംബാംഗമാണ്. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെ ആല്‍ഫാ എല്‍ എസ് ജി സ്‌കൈ ഷെഫ് എന്ന കമ്പനിയിലായിരുന്നു ബോബന്‍ ആദ്യം മുതല്‍ ജോലി ചെയ്തിരുന്നത്. ട്രീസ വിഥിന്‍ഷോ ഹോസ്പിറ്റലില്‍ നഴ്സാണ്.

ഇന്നലെ ഇടവക വികാരി ഫാ.ലോനപ്പന്‍ അറങ്ങാശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വിവിധ സംഘടനകളടെ പ്രതിനിധികള്‍ പങ്കെടുത്തു. ട്രസ്റ്റിമാരായ ബിജു ആന്റണി, സുനില്‍ കോച്ചേരി, ടിങ്കിള്‍ ഈപ്പന്‍, എം.എം.സി.എ പ്രസിഡന്റ് ജോബി മാത്യു, ട്രഷറര്‍ സി ബി മാത്യു, കെ. സി. എ.എം പ്രസിഡന്റ് ജയ്‌സന്‍ ജോബ്, സെക്രട്ടറി ജിനോ മറ്റ് സംഘടനാ പ്രതിനിധികളായി രാജു ചെറിയാന്‍, രാജു അന്റണി, ജോയി പോള്‍, ജയ്‌സന്‍ റപ്പായി, ജോജി ജോസഫ് തുടങ്ങി നിരവധി പേര്‍ സംബന്ധിച്ച് നാളത്തേക്കുള്ള ക്രമീകരണങ്ങള്‍ക്ക് അന്തിമരൂപം നല്കി. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ സ്ഥലത്തെ വീട്ടുകാര്‍ക്കും മറ്റും അസൗകര്യമുണ്ടാവാത്ത വിധത്തില്‍ പാര്‍ക്ക് ചെയ്യണമെന്ന് അറിയിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more