1 GBP = 103.91

ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ ആത്മശാന്തിക്കായി ദിവ്യ ബലിയര്‍പ്പിച്ച് മാര്‍ ജോസഫ് സ്രാമ്പിക്കല്‍; നൂറു കണക്കിന് വിശ്വാസികള്‍ പങ്കു ചേര്‍ന്നു…..

ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ ആത്മശാന്തിക്കായി ദിവ്യ ബലിയര്‍പ്പിച്ച് മാര്‍ ജോസഫ് സ്രാമ്പിക്കല്‍; നൂറു കണക്കിന് വിശ്വാസികള്‍ പങ്കു ചേര്‍ന്നു…..

ഫാ. ബിജു കുന്നയ്ക്കാട്ട്

എഡിന്‍ബറോ: കഴിഞ്ഞ ദിവസം സ്‌കോട്ട്‌ലാന്ഡിലെ എഡിന്‍ബറോയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ഫാ. മാര്‍ട്ടിന്‍ വാഴച്ചിറക്ക് വേണ്ടി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പണം നടന്നു. സ്‌കോട്ട്‌ലാന്ഡിലും പരിസര പ്രദേശങ്ങളിലുമുള്ള വിശ്വാസികളെ പ്രതിനിധീകരിച്ച് അര്‍പ്പിച്ച ദിവ്യബലിയില്‍ 6 വൈദികരും നൂറ് കണക്കിന് വിശ്വാസികളും തങ്ങളുടെ പ്രിയപ്പെട്ട മാര്‍ട്ടിനച്ചന് വേണ്ടി വേദന നിറഞ്ഞ ഹൃദയവുമായി പ്രാര്‍ത്ഥിക്കാനെത്തി. വി. കുര്‍ബാനയുടെ സമാപനത്തില്‍ അച്ചന് വേണ്ടി ഒപ്പീസ് പ്രാര്‍ത്ഥനയും നടന്നു.

എപ്പോഴും സന്തോഷവാനായിരുന്ന വൈദികനായിരുന്നു മാര്‍ട്ടിനച്ചനെന്ന് അനുസ്മരണ സമ്മേളനത്തില്‍ മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. ആഴമായ വിശ്വാസമുള്ളവര്‍ക്കേ സന്തോഷത്തോടെയായിരിക്കാന്‍ പറ്റൂ എന്നും ഈ സന്തോഷം നിറഞ്ഞ വിശ്വാസമാണ് സ്തുത്യര്‍ഹമായ സേവനം സമൂഹത്തില്‍ ചെയ്യാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനു മുന്‍പ് സ്‌കോട്ട്‌ലാന്‍ഡില്‍ വന്ന രണ്ട് അവസരങ്ങളിലും മാര്‍ട്ടിനച്ചനെ കണ്ടിരുന്നുവെന്നും അച്ചന്റെ ആകസ്മിക വേര്‍പാടിന്റെ വാര്‍ത്ത കേട്ട പലരും തന്നെ ഫോണില്‍ വിളിച്ചു അച്ചനെ കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ പങ്കുവച്ചെന്നും മാര്‍ സ്രാമ്പിക്കല്‍ അനുസ്മരിച്ചു. ഇന്നലെ വൈകീട്ട് 5.30 നാണ് എഡിന്‍ബറോ സെന്റ്. കാതറീന്‍ ദേവാലയത്തില്‍ വച്ച് മാര്‍ട്ടിനച്ചന് വേണ്ടി അനുസ്മരണ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടന്നത്.

അച്ചന്‍ ശുശ്രൂഷ ചെയ്തിരുന്ന എഡിന്‍ബറോ അതിരൂപതയില്‍ മാര്‍ട്ടിനച്ചന്റെ അനുസ്മരണാര്‍ത്ഥം ദിവ്യബലിയും മറ്റു പ്രാര്‍ത്ഥനാശുശ്രൂഷകളും ജൂലൈ ആറാം തീയതി വ്യാഴാഴ്ച ഉച്ചക്ക് 12.45ന് എഡിന്‍ബറോ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് നേതൃത്വം നല്‍കും. എഡിന്‍ബര്‍ഗ് അതിരൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും വിശ്വാസികളും പ്രതിനിധികളും പങ്കെടുക്കും.

മാര്‍ട്ടിനച്ചന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്നലെ നടന്നുവെങ്കിലും തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്കായി റിസള്‍ട്ട് പുറത്തു വിട്ടിട്ടില്ലെന്നും വരുന്ന തിങ്കളാഴ്ചയോട് കൂടി അറിയാന്‍ സാധിച്ചേക്കുമെന്നും പോലീസ് അധികാരികള്‍ അറിയിച്ചതായി റവ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍, റവ. ഫാ. ടെറിന്‍ CMI എന്നിവര്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more