1 GBP = 103.87

പ്രവാസി വോട്ട്: നിയമഭേദഗതി പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ

പ്രവാസി വോട്ട്: നിയമഭേദഗതി പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ

ന്യൂഡൽഹി: പ്രവാസികൾക്ക് ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ പകരക്കാരെ ഉപയോഗിച്ച് വോട്ടുചെയ്യാൻ അനുവദിക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കും. ഇത് സംബന്ധിച്ച കേസ് പരിഗണിക്കവെ സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികൾക്ക് പ്രോക്‌സി വോട്ട് ചെയ്യാനുള്ള അവകാശം നൽകാൻ 12 ആഴ്‌ചത്തെ സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. പ്രവാസികൾക്ക് വിദേശത്ത് വോട്ട് ചെയ്യാൻ സൗകര്യമാവശ്യപ്പെട്ട് ദുബായ് വ്യവസായിയായ ഡോ. വി.പി. ഷംഷീറും യു.കെയിലെ സംരംഭകനായ നാഗേന്ദ‌ർ ചിന്ദമും നൽകിയ ഹർജിയാണ് ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.

പ്രവാസികൾക്ക് കൂടി സമ്മതിദാനാവകാശം വിനിയോഗിക്കാവുന്ന രീതിയിൽ തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യാൻ കേന്ദ്രമന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. നേരത്തെ, പ്രവാസികൾക്ക് വോട്ടവകാശം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തിമ തീരുമാനം വൈകുന്നതിൽ സുപ്രീംകോടതിയും അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഇന്ന് കോടതിയിൽ ഹാജരായ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. എന്നാൽ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം മാറ്റിവയ്‌ക്കാനോ വെട്ടിച്ചുരുക്കാനോ സാധ്യതയുണ്ട്.

പാർലമെന്റ് 2010ൽ പാസാക്കിയ ഭേദഗതിപ്രകാരം, പ്രവാസികൾക്ക് ഇന്ത്യയിലെ തങ്ങളുടെ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ പേരു ചേർക്കുകയും തിരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തിലുണ്ടെങ്കിൽ വോട്ട് ചെയ്യുകയുമാവാം. എന്നാലിത് വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള അവസരം മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more