24 വര്‍ഷം ബ്രിട്ടനില്‍ കഴിഞ്ഞ സ്ത്രീയ്ക്ക് പെര്‍മനന്റ് റസിഡന്‍സി നിഷേധിച്ച് ഹോം ഓഫീസ്, റസിഡന്‍സി അപേക്ഷയിലെ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കണമെന്ന് ആവശ്യം


24 വര്‍ഷം ബ്രിട്ടനില്‍ കഴിഞ്ഞ സ്ത്രീയ്ക്ക് പെര്‍മനന്റ് റസിഡന്‍സി നിഷേധിച്ച് ഹോം ഓഫീസ്,  റസിഡന്‍സി അപേക്ഷയിലെ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കണമെന്ന് ആവശ്യം

കഴിഞ്ഞ 24 വര്‍ഷമായി ബ്രിട്ടനില്‍ കഴിഞ്ഞ സ്ത്രീയ്ക്ക് പാസ്സ്‌പോര്‍ട്ട് ഹാജരാക്കാന്‍ സാധിക്കില്ലെന്ന കാരണത്താല്‍ പെര്‍മനന്റ് റസിഡന്‍സി നിഷേധിച്ച സംഭവത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഇയു പൗരന്‍മാര്‍ക്കുള്ള പെര്‍മനന്റ് റെസിഡന്‍സി അപേക്ഷകള്‍ സങ്കീര്‍ണ്ണതകളില്ലാത്തതാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് യുകെയില്‍ താമസിക്കുന്ന ഇയുപൗരന്‍മാരുടെ സംഘടനയായ ദ 3മില്യണ്‍ രംഗത്തെത്തി.

ഡച്ചുകാരിയായ മോനിക് ഹോക്കിന്‍സ് എന്ന സ്ത്രീയോടാണ് ഹോം ഓഫീസ് നാടുവിടാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ 24 വര്‍ഷമായി ഹോക്കിന്‍സ് യുകെയിലാണ് താമസിക്കുന്നത്. ബ്രക്‌സിറ്റിന് ശേഷം തന്റെ അവകാശങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയത്താലാണ് ഹോക്കിന്‍സ് പെര്‍മനനന്റ് റെസിഡന്‍സിയ്ക്കായി അപേക്ഷിച്ചത്. എന്നാല്‍ നാട്ടിലുള്ള വിധവയായ അമ്മയെ സന്ദര്‍ശിക്കാന്‍ പോകേണ്ടതിനാല്‍ അപേക്ഷയ്‌ക്കൊപ്പം പാസ്സ്‌പോര്‍ട്ട് കൂടി സമര്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് ഹോക്കിന്‍സ് അറിയിച്ചതോടെയാണ് ഹോം ഓഫീസ് അപേക്ഷ നിരസിച്ച് ഇവരോട് നാടുവിടാന്‍ ആവശ്യപ്പെട്ടത്.

യുകെയിലെ പെര്‍മനന്റ് റെസിഡന്‍സിയ്ക്കുള്ള അപേക്ഷ ഒരു വലിയ ഉദ്യോഗസ്ഥ നടപടിയാണ് എന്ന് 3 മില്യണിന്റെ സ്ഥാപകനായ ഫ്രഞ്ച് പൗരന്‍ നിക്കോളാസ് ഹട്ടണ്‍ ചൂണ്ടിക്കാട്ടുന്നു. ദിവസേന നിരവധി പേര്‍ക്കാണ് അപേക്ഷകള്‍ നിരസിച്ചുകൊണ്ടുള്ള കത്തുകള്‍ ലഭിക്കുന്നതെന്നും ഇതിനൊരു ഉദാഹരണം മാത്രമാണ് ഹോക്കിന്‍സിന്റെ സംഭവമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ അവസ്ഥ തുടരുകയാണെങ്കില്‍ ബ്രക്‌സിറ്റിന് മുന്‍പായി യുകെയിലുള്ള മൂന്ന് മില്യണോളം വരുന്ന ഇയു പൗരന്‍മാരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ നടത്താന്‍ ഹോം ഓഫീസിന് സാധിക്കുകയില്ലെന്നും പെര്‍മനനന്റ് റസിഡന്‍സി അപേക്ഷാ നടപടികളുടെ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കി നടപടി ലളിതമാക്കണമെന്നും ഹോം ഓഫീസ് അറിയിച്ചു.

എന്നാല്‍ റഫറണ്ടത്തിന് മുന്‍പ് ഇവിടെയുള്ള ഇയുപൗരന്‍മാരുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്ന് ടോറി എംപി ഡൊമിനിക് റാബ് ചൂണ്ടിക്കാട്ടി. ഇതേപോലെ ഇയു അംഗരാജ്യങ്ങള്‍ അവിടെയുള്ള ബ്രിട്ടീഷ് പൗരന്‍മാരുടെ കാര്യത്തിലും പ്രത്യേക താല്‍പ്പര്യമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റഫറണ്ടത്തിന് മുന്‍പുള്ള പൗരന്‍മാരുടെ അവകാശങ്ങള്‍ ബ്രിട്ടന്‍ സംരക്ഷിക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും പെര്‍മനന്റ് റസിഡന്‍സിയ്ക്കായി അപേക്ഷിക്കുന്ന ഇയു പൗരന്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് റഫറണ്ടത്തിന് ശേഷം ഉണ്ടായിട്ടുള്ളത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 558
Latest Updates