1 GBP = 103.54
breaking news

സാലിസ്ബറി സ്പൈ ആക്രമണത്തിന് പിന്നിൽ റഷ്യയെന്ന് യൂറോപ്യൻ യൂണിയൻ; ബ്രിട്ടന് പിന്തുണയുമായി യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളും

സാലിസ്ബറി സ്പൈ ആക്രമണത്തിന് പിന്നിൽ റഷ്യയെന്ന് യൂറോപ്യൻ യൂണിയൻ; ബ്രിട്ടന് പിന്തുണയുമായി യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളും

ബ്രെസ്സൽസ്; സാലിസ്ബറി റഷ്യൻ സ്പൈ ആക്രമണത്തെത്തുടർന്ന് ബ്രിട്ടന് പിന്തുണയുമായി യൂറോപ്യൻ രാജ്യങ്ങളും രംഗത്തെത്തി. ഇന്നലെ ബ്രെസ്സൽസിൽ യൂറോപ്യൻ പാർലമെന്റിനെ അഭിമുഖീകരിക്കവേ സാലിസ്ബറി വിഷയത്തിൽ രാജ്യങ്ങളുടെ പിന്തുണ പ്രധാനമന്ത്രി തെരേസാ മെയ് അഭ്യർത്ഥിച്ചിരുന്നു. സാലിസ്ബറിയിൽ എം ഐ 6 മുൻ റഷ്യൻ ചാരൻ സെർഗെയ് സ്ക്രിപാലിനും മകൾ യൂലിയയ്‌ക്കുമെതിരെയാണ് നെർവ് ഏജന്റുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്. റഷ്യയാണ് ആക്രമണത്തിന് പിന്നിലെന്ന് ബ്രിട്ടൻ ആരോപിച്ചിരുന്നു. 23 റഷ്യൻ നയതന്ത്ര പ്രതിനിധികളെയും ബ്രിട്ടൻ പുറത്താക്കിയിരുന്നു.

ബ്രിട്ടന് പിന്തുണയുമായി നേരത്തെ അമേരിക്ക, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ വൻ ശക്തികളും റഷ്യക്കെതിരെ തിരിഞ്ഞിരുന്നു. പുതിയ നീക്കങ്ങളനുസരിച്ച് യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളായ ഫ്രാൻസ്, പോളണ്ട്, എസ്റ്റോണിയ, ലാത്‌വിയ, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളും റഷ്യൻ നയതന്ത്ര പ്രതിനിധികളെ തങ്ങളുടെ രാജ്യങ്ങളിൽ നിന്ന് പുറത്താക്കാനൊരുങ്ങുകയാണ്. റഷ്യക്കെതിരെ നയതന്ത്ര തലത്തിൽ ഉപരോധങ്ങൾ ഒരുക്കാൻ മെയ് നടത്തിയ ശ്രമങ്ങൾ ഫലം കണ്ടുവെന്ന് വേണം കരുതാൻ.

നേരത്തെ വിദേശകാര്യ മന്ത്രി ബോറിസ് ജോൺസണും റഷ്യക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. റഷ്യയിൽ നടക്കാൻ പോകുന്ന ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ 1936 ൽ ഹിറ്റ്ലർ ഒളിമ്പിക്സ് ഉപയോഗപ്പെടുത്തിയത് പോലെ ആകുമെന്ന് ആരോപിച്ചിരുന്നു. എന്നാൽ ബ്രിട്ടനിലെ റഷ്യൻ അംബാസഡർ ആരോപണങ്ങളെ എതിർത്ത് രംഗത്തെത്തിയിരുന്നു.

ആക്രമണത്തെ തുടർന്ന് ആശുപത്രിയിലായ സ്ക്രിപാലിന്റെയും മകളുടെയും നില ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി സ്ക്രിപാലിന്റെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥൻ നിക്ക് ബെയ്‌ലിക്കും വിഷാംശം ഏറ്റിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന നിക്കിന്റെ ആരോഗ്യസ്ഥിതി ഏറെ മെച്ചപ്പെട്ടതിന് ശേഷം ഡിസ്ചാർജ്ജ് ചെയ്തിരുന്നു. സാലിസ്ബറിയിൽ സ്കോട്ട്ലൻഡ് യാർഡ് കൗണ്ടർ ടെററിസം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more