1 GBP = 103.97

‘അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളും’ പാര്‍ലമെന്റ് ഇലക്ഷനെക്കുറിച്ച് യുകെ മലയാളികള്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നു. ഇന്ന് യുക്മ ന്യൂസില്‍ ശ്രീ അജിത്ത് പാലിയത്ത്

‘അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളും’ പാര്‍ലമെന്റ് ഇലക്ഷനെക്കുറിച്ച് യുകെ മലയാളികള്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നു. ഇന്ന് യുക്മ ന്യൂസില്‍ ശ്രീ അജിത്ത് പാലിയത്ത്

പതിനെട്ടടവും പയറ്റി തിരഞ്ഞെടുപ്പ് ഗോദ.

അജിത്ത് പാലിയത്ത്

കുടിയേറ്റം, സാമൂഹ്യ ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യരംഗം എന്നിവയിലൂന്നിയാണ് ഇക്കുറി നടക്കുന്ന തിരഞ്ഞെടുപ്പ് മാമാങ്കം. ചര്‍ച്ചകളും സംവാദങ്ങളും ഈ രംഗങ്ങളെ ചുറ്റിപ്പറ്റിയുമാണ്. തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ യുക്കെ എങ്ങോട്ടാണ് ചിന്തിക്കുന്നതെന്ന് മീഡിയായിലൂടെ നമ്മള്‍ ദിനം പ്രതി അറിഞ്ഞുകൊണ്ടിരിക്കുന്നു. അതിലേക്കു ഒരു പൊതുവായ ചിന്ത പങ്കുവെക്കുകയാണ്.

‘ബ്രക്‌സിറ്റ്’ എന്ന കുടത്തിലെ ഭൂതം അഴിച്ചുവിട്ട കൊടുംകാറ്റ് യൂക്കെയുടെ സമ്പത്തിക രംഗം മാത്രമല്ല കച്ചവടം, സാമൂഹ്യ ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യരംഗം തുടങ്ങിയ ഏതാണ്ട് എല്ലാ സ്ഥലത്തും അതിന്റെ അനുരണനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒരിയ്ക്കലും പ്രവചിക്കാന്‍ പറ്റാത്ത തരത്തിലുള്ള തിരഞ്ഞെടുപ്പ് ചിത്രത്തിലേക്കാണ് ഓരോ ദിവസവും യൂക്കെ ഉണരുന്നത് തന്നെ. ഈക്കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന ലോക്കല്‍ കൌണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് നേടിയ കൂറ്റന്‍ വിജയം എല്ലാ എതിര്‍ പാര്‍ട്ടികളെയും നിഷ്പ്രഭമാക്കുന്ന തിരഞ്ഞെടുപ്പായി മാറി. ഈ ആത്മവിശ്വാസമായിരുന്നു ടോറികളുടെ തിരഞ്ഞെടുപ്പ് നടത്തുവാനുള്ള കൈമുതലും ഒപ്പം എല്ലാം വെട്ടിപ്പിടിക്കാം എന്നുള്ള തെരേസ മേയ്യുടെ അത്യാഗ്രഹവും. എന്നാല്‍ തിരഞ്ഞെടുപ്പ് തീയതി അടുക്കും തോറും ആത്മവിശ്വാസത്തില്‍ സ്വരുകൂട്ടിയ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് കണ്ട് തെരേസ മേയും പാര്‍ട്ടി പ്രവര്‍ത്തകരും വിളറിപ്പിടിച്ചിരിക്കുകയാണ് .

ജനപ്രിയ വാഗ്ദാനങ്ങള്‍ നിറച്ച പ്രകടനപത്രികയുമായി തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ ലേബറിന്റെ സൂക്ഷ്മമായ ഓരോ നീക്കവും ജനത്തെ രോമാഞ്ചമണിയിക്കുകയാണ്. എന്തു എഴുതികൂട്ടി നീട്ടിയാലും വെള്ളം തൊടാതെ വിഴുങ്ങും എന്നു വിചാരിച്ച് തെയ്യാറാക്കിയ ടോറികളുടെ മാനിഫെസ്‌റ്റോ അങ്ങനെ ജനം വിഴുങ്ങിയില്ല എന്നു തുടക്കത്തില്‍ തന്നെ അവര്‍ക്ക് മനസ്സിലായി. ഇവിടെയാണ് ലേബറിന്റെ നല്ലകാലം തെളിഞ്ഞത്. എല്ലാ കണക്ക് കൂട്ടലുകളും മാറ്റിമറിച്ച സാധാരണക്കാരുടെ മനസ്സറിഞ്ഞ മാനിഫെസ്‌റ്റോ ഒരു സുനാമിയായി ടോറികളുടെ കളിക്കളത്തില്‍ അടിച്ച് കയറുന്നു. നുണകള്‍ കൊണ്ട് പൊതിഞ്ഞതാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ എന്നു പറഞ്ഞുകൊണ്ടുള്ള പോപ്പ് ഗാനം യുക്കെ മ്യൂസിക് ചാര്‍ട്ടില്‍ ഒന്നാമതായി മാറി. യുവതലമുറയുടെ മുന്നില്‍ കോര്‍ബന്‍ തരംഗമായി മാറുന്നതിന്റെ ചിത്രമാണ് ഇതെല്ലാം. .

ബ്രക്‌സിറ്റ് വോട്ടിങ് വഴി യുവതലമുറയുടെ ഭാവി മുതിര്‍ന്നവര്‍ തീരുമാനിച്ചത്തിലുള്ള പ്രതിക്ഷേധം ഇക്കുറി വോട്ടിങ്ങില്‍ പ്രതിഫലിക്കാന്‍ ഈ ചിത്രം സാധ്യത നല്കുന്നു. അടുത്തയിടെ നടന്ന മാഞ്ചസ്റ്റര്‍ ഭീകരാക്രമണം ടോറികളുടെ പ്രകടന പത്രിക, ഒരുമിച്ചുള്ള സംവാദത്തിന് പങ്കെടുക്കാതെ മാറിനില്‍ക്കുന്ന പ്രധാനമന്ത്രി തുടങ്ങി പലതുമാണ് ലേബര്‍ പാര്‍ട്ടിക്ക് ഗുണമായി ഭവിക്കുന്നത്. കിട്ടുന്ന അവസരങ്ങള്‍ വേണ്ടരീതിയില്‍ ഉപയോഗിച്ചുകൊണ്ടുള്ള കോര്‍ബിന്റെ സംവാദ മികവ് ലെബറിന് മുതല്‍കൂട്ടാവുകയാണ്. ലേബറിന്റെ പാളയത്തില്‍ പോലും അനഭിമതനായിരുന്ന കോര്‍ബന്റെ ഈ അടുത്ത ദിവസങ്ങളിലെ പ്രകടനങ്ങള്‍ ലേബറിന്റെ ജനസമ്മിതി ടോറിക്ക് ഒപ്പമായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് . കോര്‍ബിന്‍ ഒരു പഴഞ്ചന്‍ മനുഷ്യനാണ് എന്നു പറഞ്ഞവര്‍ക്കുള്ള ചുട്ട മറുപടിയാണ് ഇപ്പോള്‍ കാണുന്ന ലേബറിന്റെ മുന്നേറ്റം. ഓരോ ദിവസവും യൂഗോവ് നടത്തുന്ന സര്‍വേ ആളുകള്‍ ഉറ്റുനോക്കുകയാണ്. ഈ മുന്നേറ്റം ടോറികളുടെ ഉറക്കം കെടുത്തുന്നുണ്ട്. അതിനായി ഇപ്പോള്‍ പത്രങ്ങളെ കൂട്ടുപിടിച്ച് വാര്‍ത്തകള്‍ എഴുതി ലേബറിനെതിരെ പ്രചരണം ആരംഭിച്ചു കഴിഞ്ഞു.

കുടിയേറ്റം ശക്തമായി തടയുമെന്നു പറഞ്ഞ ടോറികള്‍, തെരഞ്ഞെടുപ്പില്‍ എങ്ങനെയും ജയിക്കാന്‍ ഇപ്പോള്‍ കളം മാറ്റിചവുട്ടി പതിനെട്ടടവും പയറ്റുകയാണ്. ഒരിക്കല്‍ തള്ളി പറഞ്ഞ ഇന്‍ഡ്യക്കാരുടെ പിന്തുണ തേടി സാരിച്ചുറ്റിയും ഹിന്ദിപ്പാട്ട് പാടിയും നടക്കുന്ന കാഴ്ച ഇന്ന് ദിനവും കാണുന്നു. ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ ചെയ്യാറുള്ള എല്ലാ കള്ളത്തരങ്ങളും തെരെസ മെയ് പഠിച്ചു കഴിഞ്ഞു എന്നു സാരം. മുന്‍പ് തെരേസ മേയുടെ തിരഞ്ഞെടുപ്പ് റാലികളില്‍ ‘ടേൃീിഴ മിറ ടമേയഹല ഘലമറലൃവെശു’എന്ന എഴുതി പിടിച്ചിരുന്ന പ്ലക്കാര്‍ഡ് ഇപ്പോള്‍ കാണുന്നില്ല എന്നുള്ളത് ടോറികള്‍ക്കിടയില്‍ തന്നെ തെരേസ മേയുടെ നേതൃസ്ഥാനത്തിന് കോട്ടം തുടങ്ങി എന്നതിന് തെളിവായി മീഡിയ കാണുന്നു. ഈയിടെ ചാനല്‍ 4 ല്‍ നടന്ന സംവാദത്തില്‍ ടോറികള്‍ ഏതാണ്ട് എല്ലാ മേഖലകളിലും ഒരു നിശ്ചിത രീതിയില്‍ വിലയിട്ടാണ് സംസാരിച്ചത്. ഇതിന് ഇത്ര മില്യണ്‍ നീക്കിവെക്കും, മറ്റത്തിന് ഇത്ര മില്യണ്‍ വകയിരുത്തും എന്നിങ്ങനെ. എന്നാല്‍ ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും ഇങ്ങനെ വില ഇടാതെ അയഞ്ഞ സമീപനമാണ് വേണ്ടത് എന്നാണ് എന്‍ എച്ച് എസ് മേഖലയിലുള്ളവര്‍ ആവിശ്യപ്പെടുന്നത്. ഇവിടെയാണ് ലേബര്‍ ജനത്തിന്റെ കൂടെ ചരിക്കുന്നത്.

ടോറികളുടെ ഭൂരിപക്ഷം കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ചെറു പാര്‍ട്ടികളുമായി ചേര്‍ന്ന് ഒരു തൂക്കു മന്ത്രിസഭയ്ക്ക് സാഹചര്യം കാണുന്നുണ്ട്. ജനങ്ങളില്‍ നടത്തിയ നിലവിലെ പോള്‍ പ്രകാരം ഭരണകക്ഷിക്ക് 20 സീറ്റുകളുടെ കുറവും ലേബറിന് 28 സീറ്റിനടുത്ത് മുന്നേറ്റവും കാണുന്നു. എന്‍ എച്ച് എസ് , വിദ്യാഭ്യാസം, സോഷ്യല്‍ കെയര്‍ തുടങ്ങിയ മേഖലകളില്‍ ഫണ്ട് വെട്ടികുറച്ചതാണ് ടോറികള്‍ക്ക് വന്‍ തിരിച്ചടിയായത്. തെരേസ മേയുടെ ജനസമ്മതത്തിന് മേല്‍ക്കോയ്മ്മ ഉണ്ടായിരുന്നതുകൊണ്ടാണ് അത് വോട്ടാക്കി വന്‍ഭൂരിപക്ഷം നേടാം എന്നു ടോറികള്‍ ചിന്തിച്ചത്. എന്നാല്‍ അസമയത്ത് കൊണ്ടുവന്ന ഈ പൊതു തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം പൊതു സംവാദങ്ങളില്‍ നിന്നും ഓടി ഒളിക്കുന്ന തെരേസ മേയ് കടുത്ത വിമര്‍ശനങ്ങള്‍ ഇവിടെല്ലാം ഏറ്റുവാങ്ങുന്നു. ഇത്തരം സംവാദങ്ങളില്‍ കോര്‍ബന്‍ കാണിക്കുന്ന മാന്യത, മികവ് അവിടുള്ള മറ്റ് പലരും കാണിക്കുന്നില്ല. മറ്റ് പാര്‍ട്ടികള്‍ സംവാദങ്ങളില്‍ ബ്രക്‌സിറ്റ് സുഗമമാക്കുക എന്ന ആശയത്തിനാണ് മുന്‍തൂക്കം എപ്പോഴും കൊടുക്കുന്നത്. ‘സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി’യുടെ ഇപ്പോഴത്തെ നിലപാട് ലേബറിന് ഗുണമായി ഭവിക്കാന്‍ ഇടയുണ്ട്. എന്നാല്‍ ഇപ്പോള്‍ ആരുമായും സഖ്യം ചേരില്ല എന്ന കോര്‍ബന്റെ നിലപാട് ലേബറിന്റെ സൂക്ഷ്മതയാണ് കാണിക്കുന്നത്. ഏഷ്യന്‍ വംശജന്‍ മേയറായ ലണ്ടന്‍ ഒരിക്കല്‍ ടോറികളുടെ കുത്തകയായിരുന്നു. ഇന്ന് ലേബറിനൊപ്പം അവരുടെ മനസ്സും ചരിക്കുന്നു എന്നു കാണിക്കുന്ന റിസള്‍ട്ടാണ് എക്‌സിറ്റ് പൊളിലൂടെ ഇപ്പോള്‍ പുറത്തുവരുന്നത്. ഏതാണ്ട് അമ്പത് ശതമാനത്തിന് മേലെയാണ് ലണ്ടന്‍ ഭാഗത്ത് ഇപ്പോള്‍ ലേബറിന്റെ ജനസമ്മിതി. ലേബറിന്റെ വാഗ്ദാനങ്ങള്‍ ജനം രണ്ടുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതാണ് പത്രങ്ങള്‍ വളച്ചൊടിച്ചു ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. ഇവിടുള്ളവര്‍ ജോലിചെയ്യാന്‍ മടിക്കുന്ന കാര്‍ഷീക , ഭക്ഷണ ഉല്പ്പാദന / സംസ്‌കരണ മേഖല തുടങ്ങിയവയില്‍ യൂറോപ്യന്‍ കുടിയേറ്റക്കാരുടെ സഹായവും, ഈ രാജ്യത്തിലെ ആശുപത്രികള്‍ യൂണിവേഴ്‌സിറ്റികള്‍ തുടങ്ങിയ ഏതാണ്ട് എല്ലാ മേഖലകളിലും ഏഷ്യന്‍ വംശജര്‍ നല്കിയ വലിയതോതിലുള്ള സംഭാവനയും മാനിച്ച് കൊണ്ട് രാജ്യത്തിന്റെ വളര്‍ച്ചയില്‍ വിദേശികളുടെ കുടിയേറ്റത്തിന്റെ മേലുള്ള നിയന്ത്രണം ലഘുവാക്കും എന്നുള്ള ലേബറിന്റെ വാഗ്ദാനം ജനം സ്വീകരിച്ച മട്ടാണ് കാണുന്നത് . എന്നാല്‍ കുടിയേറ്റക്കാര്‍ ഭീകരവാദത്തിന്റെ ആളുകള്‍ ആണെന്നും കുടിയേറ്റം മൂലമാണ് എല്ലാ സ്ഥലത്തും ജനപ്പെരുപ്പവും കാലതാമസവും ഉണ്ടാവുന്നതെന്നും ഇതുമൂലം യൂക്കെയുടെ ജന ഭദ്രത തകരും എന്നു പറഞ്ഞു ജനങ്ങളെ പരിഭ്രാന്തരാക്കാന്‍ ടോറികള്‍ ഉള്‍പ്പടെ ചില പാര്‍ട്ടികള്‍ കിണഞ്ഞു ശ്രമിക്കുകയാണ്. ഇവിടുള്ള ഒരു വ്യക്തിക്ക് ഏജയെ കാണുവാനോ എന്‍ എച്ച് എസില്‍ മണിക്കൂറുകള്‍ ഇരിക്കുന്നതോ കുടിയേറ്റക്കാര്‍ മൂലമല്ല എന്നും അവരുടെ വിഹിതം ടോറികള്‍ വെട്ടികുറച്ചത്തിലുള്ള അപാകത കൊണ്ടാണെന്ന് ലേബര്‍ ഇവര്‍ക്കെതിരെ കുറ്റപ്പെടുത്തുന്നു.

എന്തൊക്കെയായാലും പ്രചാരണങ്ങള്‍ കൊഴുക്കുകയാണ്. സോഷ്യല്‍ മീഡിയായുടെ എല്ലാ സാധ്യതകളും എല്ലാ പാര്‍ട്ടികളും ഉപയോഗിക്കുന്നു. ഈ കഴിഞ്ഞ അമേരിക്കന്‍ പ്രസിഡെന്റ് തിരഞ്ഞെടുപ്പിലും, മോദി വിജയിച്ചുകയറിയ ഇന്‍ഡ്യന്‍ തിരഞ്ഞെടുപ്പിലും ഈയ്യിടെ നടന്ന ഫ്രാന്‍സിലെ തിരഞ്ഞെടുപ്പിലും ഭൂരിഭാഗം വോട്ടുകളുടെ ചോര്‍ച്ചയും വേലിയേറ്റവും തീരുമാനിച്ചത് ഇത്തരം സോഷ്യല്‍ മീഡിയായിലൂടെ നടന്ന പ്രചരണ കുപ്രചരണ തന്ത്രങ്ങളാണ്. ഫെയിക്ക് ഐടിയും മറ്റും ഉപയോഗിച്ച് അസത്യങ്ങള്‍ പടച്ചുവിടുന്നതിലൂടെ സത്യമേത് അസത്യമേത് എന്നു തിരിച്ചറിയാനാവാതെ സാധാരണക്കാര്‍ കുഴയുന്നു. ടോറികളുടെ മാനിഫെസ്‌റ്റോയുടെ വ്യപാരനിലവാരം കൂപ്പുകുത്തുന്നതില്‍ വിളറിപ്പൂണ്ടിരിക്കുന്ന നേതാക്കള്‍ ഇപ്പോള്‍ പത്രങ്ങളിലൂടെയും മറ്റ് മീഡിയായിലൂടെയും കോര്‍ബാനെതിരെയും ലേബറിനെതിരെയും വാര്‍ത്തകള്‍ നല്കി തിരഞ്ഞെടുപ്പ് പൊടിപൊടിക്കുന്നു. പത്രങ്ങള്‍ പാര്‍ട്ടി പത്രങ്ങളായി തരം താഴുന്നു. ഇവര്‍ നല്‍കുന്ന വിശകലനങ്ങള്‍ ഒരു പരുധി വരെ വോട്ടര്‍മാരെ സ്വാധീനിക്കുക തന്നെ ചെയ്യുന്നുണ്ട്.

എന്നത്തേയും പോലെ തന്നെ ഇക്കുറിയും മലയാളികള്‍ സജീവമായി സ്ഥാനാര്‍ത്ഥികളായും പ്രവര്‍ത്തകരായും തിരഞ്ഞെടുപ്പ് ഗോദയിലുണ്ട്. മലയാളികള്‍ യുക്കെ രാഷ്ട്രീയത്തില്‍ മേയറായും കൌസിലറായും തിരഞ്ഞെടുക്കപ്പെടുന്നത് കേരളീയര്‍ യുക്കെയുടെ രാഷ്ട്രീയത്തിലെ അനിഷേധ്യ പങ്കാണ് കാണിക്കുന്നത്. മുന്നോട്ടുള്ള പ്രയാണത്തില്‍ മലയാളികള്‍ മന്ത്രിമാര്‍ വരെ ആകാനുള്ള സാധ്യത തള്ളികളയാന്‍ സാധിക്കുകയില്ല.

ജൂണ്‍ 8നു നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ജനം വിധിയെഴുത്തും. അത് ലേബര്‍ ആയാലും ടോറി ആയാലും അതോ തൂക്കു മന്ത്രിസഭ ആയാലും ഈ രാജ്യത്തിന്റെ സമ്പല്‍സമൃദ്ധിക്കു അവരുടെ പ്രവര്‍ത്തനങ്ങള്‍ മുതല്‍കൂട്ടാവട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം പ്രത്യാശിക്കുന്നു.

ജെറമി കോര്‍ബന്റെ വരികള്‍ ചില മാറ്റങ്ങള്‍ വരുത്തി കടമെടുക്കട്ടെ!!!
“we’ve seen the real choice facing our country… Between a Labour government … and a Conservative government. This election will decide … Whether young people are saddled with debt … or freed from it. Whether we invest in our NHS, schools and social care … or they continue to be cut
Whether older people get the dignity they deserve … or see their incomes fall. On June 8th … you have the power to decide … Cast your Vote … for the many, not the few”

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more