1 GBP = 104.02

തിരഞ്ഞെടുപ്പ് ചൂടില്‍ വേങ്ങര: കൂളായി യുഡിഫ് ; പ്രതീക്ഷയോടെ എല്‍ ഡി എഫ്

തിരഞ്ഞെടുപ്പ് ചൂടില്‍ വേങ്ങര: കൂളായി യുഡിഫ് ; പ്രതീക്ഷയോടെ എല്‍ ഡി എഫ്

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ചൂട് സൃഷ്ടിക്കുന്ന രാഷ്ട്രീയ ന്യൂനമര്‍ദ്ദം വേങ്ങരയുടെ അന്തരീക്ഷത്തില്‍ രൂപപ്പെട്ടു. ഇനിയുള്ള ഒരു മാസം രാഷ്ട്രീയ ഇടിമുഴക്കങ്ങളുടെ തുലാപ്പെയ്ത്താണ് . ഒന്നേകാല്‍ വര്‍ഷം പിന്നിടുന്ന ഇടതുമുന്നണി സര്‍ക്കാര്‍ നേരിടുന്ന രണ്ടാമത്തെ ബലാബലം.

മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ സംഭവിക്കാതിരുന്ന അദ്ഭുതം എല്‍.ഡി.എഫിന് വേങ്ങരയില്‍ എങ്ങനെ സംഭവിപ്പിക്കാനാവുമെന്ന മട്ടിലാണ് മുസ്‌ളിംലീഗും യു.ഡി.എഫും. എന്നാല്‍, മലപ്പുറത്ത് 2014 നെക്കാള്‍ വോട്ട്‌നില ഉയര്‍ത്താനായത് നേട്ടമെന്ന് വ്യാഖ്യാനിക്കുന്ന ഇടതുമുന്നണി, അത് വേങ്ങരയിലും ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ്. ഒപ്പം, അതും കവിഞ്ഞൊരു അട്ടിമറിക്കുള്ള ശ്രമമാവും നടത്തുകയെന്ന മുന്നറിയിപ്പും.

തുലാവര്‍ഷം ചതിച്ചാലും ഇല്ലെങ്കിലും രാഷ്ട്രീയ കാലാവസ്ഥാ വ്യതിയാനം വേങ്ങരയില്‍ സംഭവിക്കില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ ഉറച്ച വിശ്വാസം. അരയും തലയും മുറുക്കി മുന്നണികളും പാര്‍ട്ടികളും ഇന്ന് മുതല്‍ രംഗത്തിറങ്ങുന്നതോടെ വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ കടുത്ത ചൂടേറ്റുവാങ്ങും.

ഏറ്റവുമൊടുവില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്ത് വിട്ട കണക്കനുസരിച്ച് 1, 68,475 പേരാണ് വേങ്ങരയിലെ വോട്ടര്‍മാര്‍. 86,934 പുരുഷന്മാരും 81,541 സ്ത്രീകളും. മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് മത്സരിക്കാനായി രാജി വച്ച ഒഴിവിലേക്കാണ് വേങ്ങരയില്‍ ഒന്നേകാല്‍ വര്‍ഷത്തിന് ശേഷം വീണ്ടുമൊരു തിരഞ്ഞെടുപ്പ് പോര്. 2016ലെ ഇടത് തരംഗത്തിനിടയിലും 38,057 വോട്ടിന്റെ തിളക്കമാര്‍ന്ന വിജയമായിരുന്നു വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിയുടേത്. ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഏപ്രിലില്‍ നടന്ന മലപ്പുറം ലോക് സഭാ ഉപതിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടി ലീഡ് നാല്പതിനായിരത്തില്‍പ്പരമായി വര്‍ദ്ധിപ്പിച്ചു.

എന്നാല്‍, 2014ലേതിനേക്കാള്‍ ഒരു ലക്ഷത്തില്‍പ്പരം വോട്ട് കൂടുതല്‍ സി.പി.എമ്മിന് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നേടാനായത് വലിയ നേട്ടമാണെന്ന് സി.പി.എമ്മും ഇടതുമുന്നണിയും അവകാശപ്പെടുന്നു. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാനാവുമെന്ന പ്രതീക്ഷയും നേതൃത്വം വച്ചുപുലര്‍ത്തുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങളില്‍ പ്രാരംഭ ചര്‍ച്ചകളിലേക്ക് സി.പി.എം ഇന്ന് കടക്കും. ഇന്ന് മലപ്പുറത്ത് അടിയന്തര ജില്ലാ കമ്മിറ്റി ചേരും.

വേങ്ങരയില്‍ ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ. മജീദിന്റെ പേരിനാണ് മുന്‍തൂക്കം. അന്തിമ തീരുമാനം പാര്‍ട്ടി നേതൃത്വം കൈക്കൊള്ളും. നാളെ തിരുവനന്തപുരത്ത് ചേരുന്ന യു.ഡി.എഫ് യോഗം വേങ്ങരയിലെ സാഹചര്യങ്ങളും ചര്‍ച്ച ചെയ്യും. അത് കഴിഞ്ഞ് ലീഗ് നേതൃയോഗം ചേരും.

ബി.ജെ.പിയാകട്ടെ, കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ നിറം മങ്ങിയ പ്രകടനമാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ കാഴ്ച വച്ചത്. വോട്ട് 7.58 ശതമാനത്തില്‍ നിന്ന് 7.02 ശതമാനത്തിലേക്ക് താഴ്ന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 7055 വോട്ട് മാത്രമാണ് ബി.ജെ.പി നേടിയത്. എങ്കിലും, തിരഞ്ഞെടുപ്പ് ഗോദയില്‍ ശക്തമായ സാന്നിദ്ധ്യമറിയിക്കാനാണ് നീക്കം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more