1 GBP = 103.12

തിയേറ്റര്‍ പീഡനം: മാനേജരെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്തു

തിയേറ്റര്‍ പീഡനം: മാനേജരെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്തു

എടപ്പാള്‍: തിയേറ്റര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് തിയേറ്റര്‍ മാനേജരെ അന്വേഷണസംഘം വീണ്ടും വിളിപ്പിച്ചു. വ്യാഴാഴ്ച മലപ്പുറത്തേക്ക് വിളിപ്പിച്ചാണ് ചോദ്യംചെയ്യല്‍ നടത്തിയത്. പീഡനദൃശ്യങ്ങള്‍ പോലീസിനു നല്‍കാതെ എന്തു കൊണ്ടാണ് ചൈല്‍ഡ് ലൈനിനു നല്‍കിയതെന്നായിരുന്നു ഇവരുടെ പ്രധാന ചോദ്യം. ആദ്യത്തെ സംഭവമായതിനാല്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നുവെന്ന് മാനേജര്‍ മറുപടി പറഞ്ഞു. പിന്നീട് എടപ്പാളിലെ ഒരു സാമൂഹികപ്രവര്‍ത്തകന്റെ ഉപദേശപ്രകാരമാണ് മാറഞ്ചേരിയിലെ സ്‌കൂള്‍ കൗണ്‍സലര്‍ മുഖേന ചൈല്‍ഡ് ലൈനിന് കൈമാറിയത്. അവര്‍ തിയേറ്ററില്‍ വന്ന് ദൃശ്യങ്ങള്‍ കൈപ്പറ്റിയ ശേഷമുള്ള കാര്യങ്ങളൊന്നും തങ്ങള്‍ക്കറിയില്ലെന്നും പിന്നീട് ചാനലില്‍ കണ്ടപ്പോഴാണ് വിവരമറിയുന്നതെന്നും അദ്ദേഹം മൊഴിനല്‍കി. തിയേറ്ററിലെ അറ്റന്‍ഡന്‍സ് രജിസ്റ്ററും പോലീസ് പരിശോധനയ്ക്കായി വാങ്ങി.

ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ ഉപദേശിച്ച സാമൂഹിക പ്രവര്‍ത്തകന്റെ വിവരങ്ങളും ഇവര്‍ ശേഖരിച്ചു. അദ്ദേഹത്തെ മൊഴിയെടുക്കാന്‍ വിളിക്കുമെന്ന് സൂചനയുണ്ട്. വക്കീലന്‍മാരുമായും പോലീസുകാരുമായുമെല്ലാം ചര്‍ച്ച ചെയ്ത ശേഷമാണ് ഇത്തരമൊരുപദേശം നല്‍കിയതെന്ന് അദ്ദേഹം  പറഞ്ഞു. അതില്‍ നിയമപരമായ ഒരപാകവുമില്ലെന്ന് ഇപ്പോഴും വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. നേരത്തെ മാനേജരെ മൊഴിയെടുക്കാന്‍ വിളിപ്പിച്ച് ദൃശ്യങ്ങള്‍ പോലീസിനാണ് കൈമാറിയതെന്ന് എഴുതിവാങ്ങിയിരുന്നു.   അത് വാര്‍ത്തയായതോടെ തിരുത്തി എഴുതിക്കുകയുംചെയ്തു. ദൃശ്യങ്ങള്‍ അടുത്തദിവസമേ പോലീസിന് കൈമാറിയിട്ടുള്ളൂവെന്നും അവര്‍ക്ക് കാലതാമസം വന്നിട്ടില്ലെന്നും വരുത്തിത്തീര്‍ക്കാനായിരുന്നു നീക്കം. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംഭവം വിവാദമാക്കിയതിന്റെ പേരില്‍ അവരെ കുടുക്കാന്‍ ശ്രമമുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more