1 GBP = 103.92

പുനരുത്ഥാനം നല്‍കുന്ന സന്ദേശം…ഫാ. ഗീവര്‍ഗീസ് ജേക്കബ് തരകന്‍ നല്‍കിയ ഈസ്റ്റര്‍ സന്ദേശം

പുനരുത്ഥാനം നല്‍കുന്ന സന്ദേശം…ഫാ. ഗീവര്‍ഗീസ് ജേക്കബ് തരകന്‍ നല്‍കിയ ഈസ്റ്റര്‍ സന്ദേശം

ഫാ. ഗീവര്‍ഗീസ് ജേക്കബ് തരകന്‍

യോഹന്നാന്‍ 20:19 ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ ആയ ദിവസം നേരം വൈകിയപ്പോള്‍ ശിഷ്യന്മാര്‍ ഇരുന്ന സ്ഥലത്തു യഹൂദന്മാരെ പേടിച്ചു വാതില്‍ അടച്ചിരിക്കെ യേശു വന്നു നടുവില്‍ നിന്ന് കൊണ്ട് നിങ്ങള്‍ക്ക് സമാധാനം എന്ന് അവരോട് പറഞ്ഞു.

ഭയപ്പാടുകള്‍ക്ക് നടുവില്‍ സമാധാനം ആശംസിക്കുന്ന പുനരുത്ഥാനം

യഹൂദന്മാരെ ഭയന്ന് വാതിലുകള്‍ അടച്ചിരിക്കുന്ന ശിഷ്യന്മാര്‍, അവരെ സംബന്ധിച്ചിടത്തോളം ജീവിതം ഒരു വലിയ പ്രതിസന്ധിയിലെത്തിനില്‍ക്കുന്നു. വിളിച്ചവന്‍, വഴികാട്ടിയായവന്‍, ഒപ്പം നടന്നവന്‍ വിടവാങ്ങല്‍ പ്രഖ്യാപിച്ചിരിക്കുന്നു. യേശു ദൈവപുത്രനാണെന്നറിഞ്ഞിട്ടും ആ സത്യം ലോകത്തോട് പ്രഘോഷിക്കുവാന്‍ സാധിക്കാതെ ഭയത്തെയും നിശബ്ദതയെയും ഭജിക്കേണ്ടി വന്നവര്‍ക്ക് മദ്ധ്യേ അവന്‍ വന്ന് സമാധാനം ആശംസിക്കുന്നു.

സമകാലീന സമൂഹത്തില്‍ ഏറെ പ്രസക്തമായ സമാധാനാശംസ. ക്രിസ്തുവിനെയും അവന്റെ സ്‌നേഹത്തെയും തിരിച്ചറിഞ്ഞവര്‍ ഭയപ്പാടോടെ ഇരിക്കെ പ്രത്യാശയും പ്രതീക്ഷയുമായി മാറുന്ന ആശംസയാണിത്. ഓശാന സ്തുതികളാല്‍ ഭക്തിസാന്ദ്രമായിരുന്ന കാതടപ്പിക്കുന്ന പൊത്തിത്തെറിയുടെ ശബ്ദത്താല്‍ വിറകൊണ്ട് ആ സ്ഫോടനത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടമായത് മൂലം ഭയചകിതരായവര്‍ക്കുള്ള സാന്ത്വനത്തിന്റെ സന്ദേശം കൂടിയാണിത്.

ക്രിസ്തു എന്ന സത്യം എവിടെയെല്ലാം പീഢിക്കപ്പെടുന്നുവോ ക്രൂശിക്കപ്പെടുന്നുവോ അതെല്ലാം ഒരു പുനരുത്ഥാനത്തിന്റെ മുന്നോടിയാണെന്നും അത് നിമിത്തം ക്ലേശിക്കുന്നവര്‍ക്ക് ദിവ്യമായ സമാധാന സന്ദേശം കേള്‍ക്കുവാന്‍ കഴിയുമെന്നും പുനരുത്ഥാനം ഉറപ്പ് നല്‍കുന്നു. ജീവിതത്തില്‍ ക്രിസ്തുവിനെ മുറുകെ പിടിക്കുന്നവര്‍ക്ക് താല്‍ക്കാലികമായ ചില ഭയപ്പാടുകളും പ്രതിസന്ധികളും ഉണ്ടാകും എന്നാല്‍ അതില്‍ തളര്‍ന്നു പോകാതെ അവനില്‍ ശരണം വയ്ക്കുന്നവര്‍ക്ക് നിത്യമായ സമാധാനം അവന്‍ വാഗ്ദാനം ചെയ്യുന്നു. ശിഷ്യന്മാര്‍ സന്ധ്യക്ക് സമാധാന സന്ദേശം ശ്രവിച്ചത് പോലെ ജീവിതത്തില്‍ ഒരുപക്ഷെ പ്രദോഷം വരെയുള്ള കാത്തിരുപ്പ് അനിവാര്യമായി വരും. അതിനെ അതിജീവിക്കുന്നവര്‍ക്കു ഉയിര്‍ത്തെഴുന്നേല്‍പ്പ് നല്‍കുന്ന സമാധാനസന്ദേശം ശ്രവിക്കുവാനും ഭയപ്പാടില്ലാതെ ആ നിത്യസമാധാനം അനുഭവിക്കാനും സാധിക്കും. ആ പുനരുത്ഥാന പെരുന്നാള്‍ നമ്മുടെ ജീവിതത്തിലും നിത്യ സമാധാനവും പ്രത്യാശയും നല്‍കി ഭയപ്പാടുകളെയും പ്രതിസന്ധികളെയും ഇല്ലായ്മ ചെയ്യുന്നതാകട്ടെ എന്നാശംസിക്കുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more