1 GBP = 103.69

അപ്പവും വീഞ്ഞും വിശ്വാസികളുടെ നാവിൽ നൽകുന്നരീതി അനാരോഗ്യകരമെന്ന് ഡോക്ടർമാർ

അപ്പവും വീഞ്ഞും വിശ്വാസികളുടെ നാവിൽ നൽകുന്നരീതി അനാരോഗ്യകരമെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: ക്രൈസ്തവ ദേവാലയങ്ങളിൽ കുർബാനയുടെ ഭാഗമായി അപ്പവും വീഞ്ഞും വിശ്വാസികളുടെ നാവിൽ നൽകുന്നരീതി അനാരോഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം ഡോക്ടർമാർ വീണ്ടും രംഗത്ത്. ഇതവസാനിപ്പിക്കുന്നതിന് സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുൻ പ്ലാസ്റ്റിക് സർജൻ ഡോ. പി.എ. തോമസ് ആരോഗ്യസെക്രട്ടറിക്ക് കത്തുനൽകി.

ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് അസോസിയേഷനും നേരത്തേ ഈ ആവശ്യവുമായി സഭാ നേതൃത്വങ്ങൾക്ക് കത്തുനൽകിയിരുന്നു. ഡോക്ടറുടെ കത്ത് ലഭിച്ചെന്നും എന്നാൽ, പ്രശ്നത്തിൽ ഇടപെടുന്നില്ലെന്നും ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി രാജീവ് സദാനന്ദൻ പറഞ്ഞു.

യേശുവിന്റെ കുരിശുമരണത്തിന്റെ തലേന്ന് ശിഷ്യന്മാരുമൊത്ത് അന്ത്യ അത്താഴം കഴിച്ചതിന്റെ ഓർമയ്ക്കായാണ് കുർബാന ആചരിക്കുന്നത്. പ്രത്യേകം നിർമിച്ച അപ്പവും വീഞ്ഞുമാണ് ഇതിനുപയോഗിക്കുന്നത്. ക്രൈസ്തവസഭകൾ പലതും പലരീതിയിലാണ് ഇവ വിശ്വാസികൾക്ക് നൽകുന്നത്.

നിപ, ഹെപ്പറ്റൈറ്റിസ് തുടങ്ങി ഉമിനീരിലൂടെ പകരുന്ന രോഗങ്ങൾ മനുഷ്യന് വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഡോ. പി.എ. തോമസ് പറയുന്നു.

‘കുർബാനയിൽ ചെറിയ അപ്പം പട്ടക്കാരൻ കൈകൊണ്ട് സ്വീകർത്താവിന്റെ വായിൽ വെച്ചുകൊടുക്കുമ്പോൾ പട്ടക്കാരന്റെ കൈവിരലുകളിൽ സ്വീകർത്താവിന്റെ ഉമിനീർ പുരളാറുണ്ട്. വീഞ്ഞ് ഒരേ സ്പൂണിൽ എല്ലാവരുടെയും വായിൽ പകരുമ്പോൾ പല സ്വീകർത്താക്കളുടെയും നാക്കിലും പല്ലിലും സ്പർശിക്കുകയും സ്പൂണിൽ ഉമിനീര് പുരളുകയും ചെയ്യും. ഇത് വളരെ അനാരോഗ്യകരമാണ്. ഈ അപകടകരമായ രീതി ഇന്നും പല ക്രിസ്ത്യൻ പള്ളികളിലും ഞായറാഴ്ച ദിവസങ്ങളിൽ തുടരുന്നുണ്ട്. കേരളത്തിലെ പല പരിഷ്‌കൃതസഭകളും ചെയ്യുന്നതുപോലെ അപ്പം സ്വീകർത്താവിന്റെ കൈകളിലും വീഞ്ഞ് ചെറുകപ്പുകളിലും നൽകിയാൽ പ്രശ്നം പരിഹരിക്കാം’ -കത്തിൽ പറയുന്നു.

കഴിഞ്ഞവർഷമാണ് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ കേരള കത്തോലിക്ക മെത്രാൻ സമിതിക്കും ഓർത്തഡോക്‌സ്, യാക്കോബായ, മാർത്തോമ്മ, സി.എസ്.ഐ. സഭകൾക്കും കത്തുനൽകിയത്. വിഷയം മെത്രാൻ സമിതിയിൽ ആലോചിക്കാമെന്ന് കത്തോലിക്ക മെത്രാൻസമിതി മറുപടി നൽകിയിരുന്നു. മറ്റുസഭകളൊന്നും പ്രതികരിച്ചില്ലെന്ന് ക്യു.പി.എം.പി.എ. മുൻപ്രസിഡന്റ് ഡോ. ഒ. ബേബി പറഞ്ഞു. മനുഷ്യന് ഹാനികരമാകുന്ന ഇത്തരം ആചാരങ്ങൾ പരിഷ്‌കരിക്കാൻ സഭകൾ തയ്യാറാകണം. നിയമനടപടികൾ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ടും പരിസരങ്ങളിലും നിപ വൈറസ് പടർന്നപ്പോൾ ‘ഒരറിയിപ്പുണ്ടാകുന്നതുവരെ കുർബാന അപ്പം കൈകളിൽ നൽകണമെന്ന് സിറോ മലബാർ സഭയുടെ താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനി ഇടയലേഖനം ഇറക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more