1 GBP = 103.92

അവസാനം ദിലീപ് ജയിലില്‍ നിന്ന് പുറത്തേക്ക്, അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി

അവസാനം ദിലീപ് ജയിലില്‍ നിന്ന് പുറത്തേക്ക്, അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് താല്‍ക്കാലിക ആശ്വാസം നല്‍കിക്കൊണ്ട് അച്ഛന്‍ പദ്മനാഭന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് അങ്കമാലി മജിസ്‌ട്രേട്ട് കോടതി അനുമതി നല്‍കി. ബുധനാഴ്ച രാവിലെ ഏഴ് മണി മുതല്‍ 11 മണിവരെ ആലുവ മണപ്പുറത്തും വീട്ടിലുമായി നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാനാണ് കോടതി അനുമതി നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപ് കോടതിയില്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി സ്ഥിരമായി താന്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പൊലീസ് കാവലില്‍ ശ്രാദ്ധ ചടങ്ങ് നടക്കുന്ന സമയത്ത് മാത്രമായിരിക്കും ദിലീപിനെ ആലുവയിലെ വീട്ടിലേക്ക് കൊണ്ടുവരിക. രാവിലെ ദിലീപിന്റെ അപേക്ഷയില്‍ വാദം നടന്നപ്പോള്‍ പ്രോസിക്യൂഷന്‍ ശക്തമായ എതിര്‍പ്പുമായാണ് രംഗത്തെത്തിയത്. ഇതിന് മുന്പ് പലപ്പോഴും ദിലീപ് അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുത്തിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ദിലീപ് ഷൂട്ടിംഗ് ലൊക്കേഷനില്‍ ആയിരുന്നുവെന്നും പുറത്തിറങ്ങാനുള്ള ദിലീപിന്റെ തന്ത്രമാണിതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, പ്രോസിക്യൂഷന്റെ എതിര്‍പ്പ് മറികടന്ന് മാനുഷിക പരിഗണന കണക്കിലെടുത്ത്ദിലീപിന് അനുമതി നല്‍കുകയാണെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

അതിനിടെ, ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 16വരെ നീട്ടി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ റിമാന്‍ഡ് നീട്ടിയത്. എന്തെങ്കിലും പരാതിയുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ദിലീപിന്റെ മറുപടി.

നേരത്തെ, ദിലീപ് ഹൈക്കോടതിയില്‍ രണ്ടാം തവണയും ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. മുന്പ് ജാമ്യം നിഷേധിച്ച സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപിന് ജാമ്യം നിഷേധിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more