1 GBP = 104.06

നടിയെ ആക്രമിച്ച കേസ്: ദിലീപ് ഒന്നാം പ്രതി ?, ആക്രമിച്ച ആളും ആക്രമണത്തിന് നിര്‍ദേശം നല്‍കിയ ആളും തമ്മില്‍ വ്യത്യാസമില്ലെന്ന് അന്വേഷണസംഘം

നടിയെ ആക്രമിച്ച കേസ്: ദിലീപ് ഒന്നാം പ്രതി ?, ആക്രമിച്ച ആളും ആക്രമണത്തിന് നിര്‍ദേശം നല്‍കിയ ആളും തമ്മില്‍ വ്യത്യാസമില്ലെന്ന് അന്വേഷണസംഘം

നടിയെ തട്ടിക്കൊണ്ടുപോയി അശ്ളീലദൃശ്യം പകർത്തിയ സംഭവത്തിന്റെ ഗൂഢാലോചനക്കേസിൽ പതിനൊന്നാം പ്രതിയായ നടൻ ദിലീപിനെ ഒന്നാം പ്രതിയാക്കിയേക്കും. നിലവിൽ ക്വട്ടേഷൻ സംഘാംഗം പൾസർ സുനിയെന്ന സുനിൽകുമാറാണ് ഒന്നാംപ്രതി. നടിയെ ആക്രമിച്ചത് ദിലീപിന്റെ ഗൂഢാലോചന പ്രകാരമാണെന്നും ഇത് കൃത്യത്തിൽ പങ്കെടുക്കുന്നതിന് തുല്യമായ കുറ്റമായി കാണാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാൻ ആലോചിക്കുന്നത്. ഇക്കാര്യത്തിൽ എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിൽ നാളെ ചേരുന്ന യോഗത്തിൽ അന്വേഷണ സംഘം അന്തിമ തീരുമാനമെടുക്കും. കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറേയും യോഗത്തിലേക്ക് സംഘം വിളിച്ചിട്ടുണ്ട്.

ദിലീപിനെതിരായ കുറ്റപത്രം അന്വേഷണ സംഘം തയ്യാറാക്കിയെങ്കിലും കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്പ് നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാക്കാനുണ്ടെന്ന് ആലുവ റൂറൽ എസ്.പി എ.വി. ജോർജ് പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയടക്കമുള്ള പ്രതികൾക്കെതിരെ നേരത്തെ കുറ്റപത്രം നൽകിയിരുന്നു. ഗൂഢാലോചന കേസിൽ ദിലീപിനെതിരെ ഇതിന് അനുബന്ധമായാണ് കുറ്റപത്രം നൽകുക. നടിയുടെ അശ്ളീലദൃശ്യങ്ങൾ പകർത്താൻ ദിലീപ് ക്വട്ടേഷൻ നൽകിയെന്ന സുനിയുടെ വെളിപ്പെടുത്തൽ അടിസ്ഥാനമാക്കിയാണ് തുടരന്വേഷണം നടത്തി ദിലീപിനെ പ്രതിയാക്കിയത്. അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് ആലുവ സബ് ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയത്.

ഗൂഢാലോചനക്കുറ്റത്തിന് പുറമേ കൂട്ട മാനഭംഗം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ദിലീപിനെതിരെ ചുമത്തിയാകും കുറ്റപത്രം നൽകുക. ഗായിക റിമി ടോമിയടക്കം 21 പേരുടെ രഹസ്യമൊഴികളും സാക്ഷിമൊഴികളും കുറ്റസമ്മത മൊഴികളും ഫോറൻസിക് പരിശോധനാ ഫലവും ഫോൺ കോൾ രേഖ, ടവർ ലൊക്കേഷൻ വിവരങ്ങളും തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്. ദൃശ്യങ്ങൾ പകർത്താനുപയോഗിച്ച മൊബൈൽ ഫോണും മെമ്മറികാർഡും ഇനിയും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇവ കണ്ടെത്താൻ തുടരന്വേഷണത്തിന് പൊലീസ് കോടതിയിൽ അനുമതി തേടും. ഇതോടൊപ്പം കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന ആവശ്യം സർക്കാരിനോട് ഉന്നയിക്കുന്നുണ്ട്.

ഫെബ്രുവരി 17 നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് വരുന്ന വഴി നടി ആക്രമിക്കപ്പെട്ടത്. മഞ്ജു വാര്യരുമൊത്തുള്ള വിവാഹജീവിതം തകർത്തതിലുള്ള പക നിമിത്തമാണ് നടിക്കെതിരെ ദിലീപ് ക്വട്ടേഷൻ നൽകിയതെന്നും ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണ് നൽകിയതെന്നും പ്രോസിക്യൂഷൻ കോടതിയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more