1 GBP = 103.12

അച്ഛന്റെ ശ്രാദ്ധചടങ്ങുകള്‍ പൂര്‍ത്തിയാക്കി ദിലീപ് ജയിലിലേക്ക് മടങ്ങി

അച്ഛന്റെ ശ്രാദ്ധചടങ്ങുകള്‍ പൂര്‍ത്തിയാക്കി ദിലീപ് ജയിലിലേക്ക് മടങ്ങി

കൊച്ചി: കര്‍ശന സുരക്ഷയില്‍ നടന്‍ ദിലീപ് അച്ഛന്റെ ശ്രാദ്ധചടങ്ങുകള്‍ ആലുവയിലെ വീടായ പദ്മസരോവരത്തില്‍ നിര്‍വഹിച്ച ശേഷം ജയിലിലേക്ക് മടങ്ങി. രാവിലെ 7.55ന് കനത്ത സുരക്ഷയില്‍ ജയിലില്‍ നിന്ന് പുറത്തിറക്കിയ ദിലീപിനെ എട്ടു മണിയോടെ ഒന്നര കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ എത്തിച്ചു. വീടിന് മുന്നിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ദിലീപിനേയും വഹിച്ചു കൊണ്ടുള്ള വാഹനം വീടിന്റെ മുറ്റത്തേക്ക് പൊലീസ് കയറ്റി. തുടര്‍ന്ന്, നീല ജീന്‍സും വെള്ള ഷര്‍ട്ടും ധരിച്ച ദിലീപ് ജീപ്പില്‍ നിന്ന് ഇറങ്ങി. താടി വളര്‍ന്ന് ക്ഷീണിതനായി കാണപ്പെട്ട ദിലീപ് ഉടന്‍ തന്നെ വീടിന്റെ ഉമ്മറത്തേക്ക് കയറിപ്പോയി. അവിടെയാണ് ശ്രാദ്ധചടങ്ങിനുള്ള ഒരുക്കങ്ങള്‍ ചെയ്തിരുന്നത്. വീട്ടിലേക്ക് കയറിയ ദിലീപ് പാന്റ്‌സ് അഴിച്ച ശേഷം മുണ്ട് ധരിച്ചു. ഷര്‍ട്ട് ഊരി തോര്‍ത്ത് തോളിലൂടെയിട്ട ശേഷം പൂജാരിയുടെ നിര്‍ദ്ദേശപ്രകാരം കര്‍മങ്ങള്‍ ചെയ്യാന്‍ ആരംഭിച്ചു. ചടങ്ങുകള്‍ നടക്കുന്നിടത്തേക്ക് അടുത്ത ചില ബന്ധുക്കളെ മാത്രമാണ് പൊലീസ് അനുവദിച്ചത്. സഹോദരന്‍ അനുപ്, സഹോദരി സബിത,ദിലീപിന്റെ മകള്‍ മീനാക്ഷി എന്നിവരും ചടങ്ങുകളില്‍ പങ്കെടുത്തു.

ഒന്പതു മണിയോടെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി.തുടര്‍ന്ന് ദിലീപ് വീടിന്റെ സിറ്റൗട്ടിലിരുന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം ആഹാരം കഴിച്ചു. പിന്നീട് കുറച്ച് സമയം കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിച്ചു. 9.45ഓടെ വീട്ടിലേക്ക് കൊണ്ടുവന്ന പൊലീസ് വാഹനത്തില്‍ ദിലീപിനെ തിരികെ ജയിലില്‍ എത്തിച്ചു.

ദിലീപിനെ കൊണ്ടുവരുന്നതറിഞ്ഞ് നിരവധി പേരാണ് വീടിന് സമീപത്ത് തടിച്ചു കൂടിയത്. വീടിന്റെ ഇരുവശത്തുമായി 50 മീറ്റര്‍ അകലത്തില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. ഗേറ്റിന് മുന്നില്‍ 15 പൊലീസുകാരെ വേറെയും നിയോഗിച്ചു. മാദ്ധ്യമ പ്രവര്‍ത്തകരേയും വീടിനുള്ളിലേക്ക് പ്രവേശിപ്പിച്ചില്ല.

ആലുവ ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തില്‍ സി.ഐയും എസ്.ഐമാരും അടങ്ങുന്ന സംഘം ദിലീപിനെ അതീവസുരക്ഷയോടെയാണ് ജയിലില്‍ നിന്ന് പുറത്തിറക്കിയത്. ജനങ്ങള്‍ തടിച്ചു കൂടിയിരുന്നതിനാല്‍ തന്നെ ജയില്‍ പരിസരത്ത് പൊലീസ് വലയം തീര്‍ത്തിരുന്നു. മാദ്ധ്യമങ്ങളോട് സംസാരിക്കാനും മൊബൈല്‍ഫോണ്‍ ഉപയോഗിക്കാനും അനുമതിയില്ലായിരുന്നു. ജയിലില്‍ നിന്ന് പുറത്തിറക്കിയ ദിലീപിനോട് മാദ്ധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും മിണ്ടാതെ ദിലീപ് ജീപ്പിലേക്ക് കയറി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more