1 GBP = 103.76

അവധിയാഘോഷിക്കാന്‍ നാട്ടിലേക്ക് പുറപ്പെടുകയാണോ? കേരളത്തില്‍ പടരുന്ന പനിയെ പേടിക്കുക തന്നെ വേണം ..ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍

അവധിയാഘോഷിക്കാന്‍ നാട്ടിലേക്ക് പുറപ്പെടുകയാണോ? കേരളത്തില്‍ പടരുന്ന പനിയെ പേടിക്കുക തന്നെ വേണം ..ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍

ഡോ ദീപാ ജേക്കബ്, യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ്

ഭീതി ജനിപ്പിച്ച് മരണസംഖ്യ ഉയര്‍ത്തുന്ന കേരളത്തിലെ പനിയെ പേടിക്കുക തന്നെ വേണം … അവധി ആഘോഷിക്കാനായി നാട്ടിലേക്ക് പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ ആണ് ഈ ലേഖനത്തില്‍ ; ഇവ ശ്രദ്ധിച്ചാല്‍ വൈറസ്/ബാക്ടീരിയ മൂലമുള്ള അസുഖങ്ങളെ പടിക്കു പുറത്തു നിര്‍ത്താവുന്നതേയുള്ളു…

ഡെങ്കി പനി, എലി പനി, എച്ച് വണ്‍ എന്‍ വണ്‍, വൈറല്‍ പനി എന്നിവയില്‍ ഏറ്റവുമധികം മരണം രേഖപ്പെടുത്തിയിരിക്കുനന്ത് ഡെങ്കി എന്ന വില്ലനില്‍ നിന്നാണ്.

ഡെങ്കി പനി:

മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് ഈഡിസ് കൊതുകുകള്‍ വഴി പകരുന്ന ഒരു വൈറസ് രോഗമാണ് ഡെങ്കി പനി (Dengue Fever). നല്ല പനി, കഠിനമായ തലവേദന, കണ്ണിനു പുറകില്‍ വേദന, പേശികള്‍ക്കും സന്ധികള്‍ക്കും വേദന, ഓക്കാനം, ഛര്‍ദി, തൊലിപ്പുറത്തെ ചുവന്ന പാടുകള്‍ ഇവയൊക്കെയാണ് രോഗ ലക്ഷണങ്ങള്‍. എല്ലാ പനിയും ഡെങ്കി പനി ആകണമെന്നില്ല. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ എന്തെങ്കിലും കാണുന്നെങ്കില്‍ എത്രയും വേഗം ഒരു ഡോക്ടറെ കാണണം. സ്വയം ചികിത്സ ഒരിക്കലും പാടില്ല.

രക്തത്തില്‍ ഡെങ്കി വൈറസുകളോ അതിനെതിരെയുള്ള പ്രതിവസ്തുക്കളോ (antibody) ഉണ്ടോയെന്ന് പരിശോധിച്ചാണ് രോഗനിര്‍ണ്ണയം നടത്തുന്നത്. രക്തപരിശോധന നടത്തി പ്ലേറ്റ്‌ലറ്റ് കൌണ്ട് പരിശോധിക്കുകയും വേണം.

95 % ഡെങ്കി പനിയും യാതൊരു ചികിത്സായും ഇല്ലാതെ 1 – 2 ആഴ്ച പൂര്‍ണ്ണമായും ഭേദമാകും. മറ്റു രോഗങ്ങള്‍ ഉള്ളവരിലാണ് ഇത് ഗുരുതരമാകുന്നത്. ഡെങ്കി പനിയുടെ ഗുരുതരമായ അവസ്ഥകളാണ്:
1. ഡെങ്കു ഹെമറാജിക് ഫീവര്‍ (DENGUE HEMARAGIC FEVER )
2. ഡെങ്കു ഷോക്ക് സിന്‍ഡ്രോം (DENGUE SHOCK SYNDROME)
രക്തത്തിലെ പ്‌ളേറ്റ്‌ലറ്റ് കൌണ്ട് കുറഞ്ഞു ബ്ലീഡിങ് ഉണ്ടാകാം.

ഇതിന് പ്രതിവിധി കൊതുക് കടി കൊള്ളാതെ നോക്കുക എന്നത് മാത്രമാണ്. അതാണെങ്കില്‍ അത്ര എളുപ്പവുമല്ല. എയര്‍ ഹോളുകള്‍ അടക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കെട്ടി നില്‍ക്കുന്ന വെള്ളം ഒഴിവാക്കുക എന്നിവ കൂടാതെ കൊതുക് തിരികള്‍, കൊതുക് നാശിനികള്‍, കൊതുക് വലകള്‍, മോസ്‌കിറ്റോ റിപ്പല്ലന്റുകള്‍ എന്നിവ ഉപയോഗിക്കുക വഴി ഇതിനെ പ്രതിരോധിക്കാന്‍ ഒരു പരിധി വരെ കഴിയും. നിലവില്‍ ഈ രോഗത്തിന് വാക്‌സിന്‍ ഇല്ല.

എലി പനി:

കേരളത്തിലെ കിഴക്കന്‍ ജില്ലകളില്‍ കൂടുതലായി കാണപ്പെടുന്ന ബാക്റ്റീരിയല്‍ രോഗമാണ് എലിപ്പനി. എലി മൂത്രത്തിലൂടെ വെള്ളത്തില്‍ കലരുന്ന ലെപ്‌റ്റോ സ്‌പൈറ എന്ന ബാക്ടീരിയ കാലിലെ മുറിവിലൂടെയും വ്രണങ്ങളിലൂടെയും ശരീരത്തിലെത്തും. യഥാസമയം ചികിത്സാ ലഭിച്ചില്ലെങ്കില്‍ രോഗം മാരകമാകും.

പനി, ശരീര വേദന, കണ്ണുകള്‍ക്ക് മഞ്ഞയും ചുവപ്പും നിറം, മൂത്രത്തില്‍ രക്തം, പേശിവേദന, നടുവേദന എന്നിവയാണ് ലക്ഷണങ്ങള്‍. രക്തപരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാം. വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങളില്‍ ഇറങ്ങുകയോ ജോലി ചെയ്യുകയോ ചെയ്യുമ്പോള്‍ സംരക്ഷിത കവചം ഉപയോഗിക്കുക. പ്രതിരോധ മരുന്ന് കഴിക്കുന്നതും രോഗ സാധ്യത കുറയ്ക്കും.

എച്ച് വണ്‍ എന്‍ വണ്‍ (H1N1) :

അധികമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ചെറിയ തോതില്‍ കണ്ടു വരുന്ന പനിയാണിത്. പനിയും തൊണ്ട വേദനയും ചുമയുമാണ് രോഗലക്ഷണങ്ങള്‍,. വേണ്ടത്ര ചികിത്സയും വിശ്രമവും നല്‍കിയില്ലെങ്കില്‍ രോഗം മാരകമായേക്കാം. വായുവിലൂടെയാണ് ഇത് പകരുന്നത്.

സ്വയം ചികിത്സ് ആപത്താണ്. ഇവയില്‍ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും വേഗം ഡോക്ടറെ കാണുകയാണ് വേണ്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more