നിരോധിച്ചവയില്‍ 97 ശതമാനം നോട്ടും തിരിച്ചെത്തി, അപ്പോള്‍ കള്ളപ്പണം എവിടെ?


നിരോധിച്ചവയില്‍ 97 ശതമാനം നോട്ടും തിരിച്ചെത്തി, അപ്പോള്‍ കള്ളപ്പണം എവിടെ?

കഴിഞ്ഞ നവംബര്‍ എട്ടിന് ആയിരം, അഞ്ഞൂറ് നോട്ടുകള്‍ അസാധുവാക്കികൊണ്ടുള്ള പ്രധാനമന്ത്രിയുടെ നടപടിയെ കള്ളപ്പണത്തിന് എതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നായിരുന്നു വിശേഷിപ്പിച്ചത്. പദ്ധതിയുടെ ഉദ്ദേശശുദ്ധിയെ കുറിച്ച് ആരും ആക്ഷേപം ഉന്നയിച്ചില്ല, പകരം വിമര്‍ശനവിധേയമായത് സാധാരണക്കാരനെ മാത്രം ബുദ്ധിമുട്ടിലാക്കികൊണ്ട് യാതൊരു മുന്നൊരുക്കവുമില്ലാതെ പദ്ധതി നടപ്പിലാക്കിയതിനെ ആയിരുന്നു. പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പിന്‍വലിച്ച നോട്ടുകളില്‍ 97 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തികഴിഞ്ഞു. അപ്പോള്‍ ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളായി സൂക്ഷിച്ചിരുന്നുവെന്ന് പറയുന്ന ഈ കള്ളപ്പണം എവിടെ?

പഴയ നോട്ടുകള്‍ ഡെപ്പോസിറ്റ് ചെയ്യാനുള്ള അവസാനദിനമായ ഡിസംബര്‍ 30 വരെ ബാങ്കുകളില്‍ ഡെപ്പോസിറ്റ് ചെയ്യപ്പെട്ടത് 14.97 ട്രില്യണ്‍ ഇന്ത്യന്‍ രൂപയാണ്. റിസര്‍വ്വ്ബാങ്കിന്റെ കണക്ക് അനുസരിച്ച് ആയിരം, അഞ്ഞൂറ് രൂപയുടെ കറന്‍സിയായി വിനിമയത്തിലുണ്ടായിരുന്നത് 15.4 ട്രില്യണ്‍ രൂപയാണ്. ഇതില്‍ അഞ്ച് ട്രില്യണ്‍ രൂപയോളം ബാങ്കുകളില്‍ എത്തില്ലന്നായിരുന്നു റിസര്‍ബ്ബ് ബാങ്കിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് 97 ശതമാനം നോട്ടുകളും ബാങ്കുകളിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. 20-30 ശതമാനം കള്ളപ്പണം ബാങ്കുകളിലേക്ക് എത്തില്ലെന്നും അത് ബജറ്റ് വഴി ദരിദ്രവിഭാഗത്തിനായിട്ടുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാമെന്നുമായിരുന്നു സര്‍ക്കാരിന്റെ കണക്കൂകൂട്ടല്‍. ഈ പ്രതീക്ഷകളെല്ലാം തകിടം മറിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
നോട്ട് മാറ്റിവാങ്ങാനുള്ള പൂര്‍ണ്ണമായ സമയം കഴിഞ്ഞിട്ടില്ലെന്നതും ഇവിടെ ശ്രദ്ധേയമാണ്. ഇന്ത്യയിലുള്ള പൗരന്‍മാര്‍ക്കുള്ള കാലാവധി മാത്രമാണ് അവസാനിക്കുന്നത്. നവംബര്‍ 9 മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലത്ത് വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്കായി അസാധു നോട്ടുകള്‍ മാറ്റിവാങ്ങാന്‍ മാര്‍ച്ച് 31 വരെ സമയം അവശേഷിക്കുന്നുണ്ട്. മാത്രമല്ല വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരേയും നോട്ടുകള്‍ മാറ്റിവാങ്ങാം. മതിയായ കാരണം ബോധിപ്പിച്ചുകൊണ്ട് ആര്‍ബിഐ ഓഫീസുകളില്‍ അസാധു നോട്ടുകള്‍ തിരിച്ചേല്‍പ്പിക്കാന്‍ മൂന്ന് മാസം കൂടിയുണ്ട് താനും. ഈ കാലാവധി കൂടി തീരുമ്പോള്‍ മാത്രമേ ഇക്കാര്യത്തിലെ പൂര്‍ണ്ണമായ കണക്കുകള്‍ മനസ്സിലാക്കാനായി സാധിക്കൂ.

കള്ളപ്പണം തടയുക എന്ന ഉദ്ദേശത്തോടെ പ്രധാനമന്ത്രി നടപ്പിലാക്കിയ പദ്ധതി പൂര്‍ണ്ണപരാജയമാണ് എന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. അശാസ്ത്രീയമായി നടപ്പിലാക്കിയ പദ്ധതി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ മുരടിപ്പിക്കുക മാത്രമല്ല യാതൊരു ഫലം നല്‍കിയില്ല എന്നത് കൂടിയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഗവണ്‍മെന്റിനുണ്ടാകേണ്ടുന്ന ദീര്‍ഘവീക്ഷണം ഇക്കാര്യത്തില്‍ ലവലേശം ഉണ്ടായിട്ടില്ലെന്ന് വേണം പറയാന്‍.

നോട്ട് നിരോധനം മൂലമുണ്ടാകുന്ന പ്രതിസന്ധികളെ മറികടക്കാന്‍ യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ, ഒരു രാജ്യത്തിന്റെ വിനിമയ പ്രക്രീയയിലുണ്ടായിരുന്ന എണ്‍പത് ശതമാനം നോട്ടുകളും പിന്‍വലിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ് എന്ന് മുന്‍കൂട്ടി കാണാനുള്ള കഴിവ് ഗവണ്‍മെന്റിന്റേയും ആര്‍ബിഐയുടേയും തലപ്പത്ത് ഇരിക്കുന്നവര്‍ക്കുണ്ടാകണമായിരുന്നു. നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം ഈ വിഷയത്തില്‍ ആര്‍ബിഐ തങ്ങളുടെ ഉത്തരവുകള്‍ പരിഷ്‌കരിച്ചത് എത്രവട്ടമാണ് എന്നത് ആര്‍ബിഐയുടെ വെബ്ബ്‌സൈറ്റുകള്‍ നോക്കിയാല്‍ മനസ്സിലാക്കും. നോട്ട് നിരോധനത്തെ കുറിച്ച് ആര്‍ബിഐയ്ക്ക് പോലും വ്യക്തമായ ധാരണയില്ലായിരുന്നു എന്നതിന്റെ തെളിവാണ് അടിക്കടി മാറ്റിയ നയങ്ങള്‍.

നോട്ട് നിരോധനം അവസാനിക്കുന്ന ഡിസംബര്‍ 30 ന് ശേഷമെങ്കിലും ബാങ്കുകളിലും എടിഎമ്മുകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണ പരിധി ഗവണ്‍മെന്റ് എടുത്തുകളയുമെന്നായിരുന്നു ജനങ്ങള്‍ കരുതിയത്. എന്നാല്‍ സമയം അവസാനിച്ച ശേഷവും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം തുടരുകയാണ്. മതിയായ കറന്‍സി ബാങ്കുകളില്‍ ഇല്ലാത്തതാണ് ഇതിന് കാരണമായി ബാങ്ക് അധികൃതര്‍ പറയുന്നത്. ഒരു ദിവസം രാത്രി നാടകീയമായ നോട്ടുകള്‍ പിന്‍വലിച്ച് രാജ്യത്ത് സാമ്പത്തിക അടിയന്തിരാവസ്ഥയ്ക്ക് തുല്യമായ അവസ്ഥയുണ്ടാക്കിയ പ്രധാനമന്ത്രിയ്ക്ക് തന്റെ വികാരവിക്ഷോഭം നിറഞ്ഞ പ്രസംഗങ്ങള്‍ കൊണ്ട് ബാങ്കിംഗ് മേഖലയിലുണ്ടായ പ്രതിസന്ധികളെ മറികടക്കാനാകില്ല. ബാങ്കുകളില്‍ വിനിമയം ചെയ്യുന്ന പണത്തിന്റെ നല്ലൊരു പങ്ക് സാധാരണക്കാരായ ജനങ്ങള്‍ ബാങ്കുകളിലേക്ക് ദിവസേന ഡെപ്പോസിറ്റ് ചെയ്യുന്ന തുകയാണ്. നോട്ട് നിരോധനത്തിന് ശേഷം കറന്‍സിക്ഷാമം ഉണ്ടാവുകയും ബാങ്കുകളില്‍ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ആളുകള്‍ തങ്ങളുടെ കൈയ്യിലെത്തുന്ന സാധുവായ നോട്ടുകള്‍ തിരികെ ബാങ്കിലേക്ക് നിക്ഷേപിക്കാന്‍ മടികാട്ടുമെന്നും അതുവഴി ബാങ്കുകളിലേക്ക് സാധുവായ നോട്ടുകള്‍ വിനിമയത്തിനായി എത്തുന്നതില്‍ വന്‍ കുറവുണ്ടാകുമെന്നും ഇത് കൂടുതല്‍ കറന്‍സിക്ഷാമത്തിലേക്ക് നയിക്കുമെന്നും മനസ്സിലാക്കാന്‍ വമ്പന്‍ സാമ്പത്തിക ജ്ഞാനമൊന്നും ആവശ്യമില്ല.

നോട്ട്‌നിരോധനം മൂലം ഉടലെടുത്ത കറന്‍സി ക്ഷാമത്തെ മറികടക്കാന്‍ ഇന്ത്യയോട് കൂടുതല്‍ ഡിജിറ്റലാകാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാതെ എടുത്തുചാടി എടുത്ത ഒരു തീരുമാനമായി ഇതും മാറിയെന്നതാണ് വാസ്തവം. ഇന്ത്യയിലെ പല ഗ്രാമങ്ങളിലും ഇപ്പോഴും ഇന്റര്‍നെറ്റ് എന്നത് ഒരു കാഴ്ചവസ്തു മാത്രമാണ്. ഫേസ്ബുക്കിനപ്പുറത്തേക്ക് ഇന്റര്‍നെറ്റ് വളര്‍ന്നിട്ടില്ലാത്തവരാണ് ഇന്ത്യയില്‍ ഭൂരിഭാഗവും. ലോകം 4ജിയും കടന്ന് 5ജിയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഇഴഞ്ഞുനീങ്ങുന്ന ഇന്റര്‍നെറ്റും വച്ച് ഡിജിറ്റലാകാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത് വിഡ്ഢിത്തമല്ല, ക്രൂരതയാണ്. ഒരു റിലയന്‍സ് ജിയോ കൊണ്ടോ പേടിഎം കൊണ്ടോ ഇന്ത്യയെ ഡിജിറ്റലാക്കാന്‍ സാധിക്കില്ലെന്ന സാമാന്യബോധം ഗവണ്‍മെന്റിന് ഉണ്ടാകേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിലടക്കം വേഗതയുള്ള ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഒരുക്കാനും സാധാരണക്കാരായ ആളുകള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസം നല്‍കാനുമുള്ള പദ്ധതികള്‍ ആദ്യഘട്ടമായി നടപ്പിലാക്കണമായിരുന്നു. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് പുറത്തിറക്കിയ ഭീം ആപ്പ് പുറത്തിറങ്ങി രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പ്രവര്‍ത്തനരഹിതമായ അവസ്ഥയിലാണ്.

ഒരു ഭരണാധികാരി എങ്ങനെയല്ല പ്രവര്‍ത്തിക്കേണ്ടത് എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് നോട്ട് നിരോധനവും അതുവഴിയുണ്ടായ പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രി സ്വീകരിച്ച നിലപാടുകളും. പാര്‍ലമെന്റില്‍ നോട്ട് നിരോധനത്തെ കുറിച്ച് തുറന്ന ചര്‍ച്ചകള്‍ നടത്താന്‍ പ്രധാനമന്ത്രി തയ്യാറായില്ലെന്ന് മാത്രമല്ല പല പ്രശ്‌നങ്ങളും കണ്ടില്ലെന്ന് നടിക്കുക കൂടി ചെയ്തു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ മറുപടി പറയുക എന്ന സാമാന്യ മര്യാദകൂടി കാണിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. ഒരു പക്ഷേ ലോകം കണ്ട ഏറ്റവും ദുര്‍ബലമായ പ്രതിപക്ഷം ഇല്ലായിരുന്നെങ്കില്‍ നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയുടെ അവസ്ഥ ഇതാകുമായിരുന്നില്ല. ശക്തമായി ഒന്നു പ്രതിഷേധിക്കാന്‍ പോലുമാകാത്ത വിധം ദുര്‍ബലമാണ് ഇന്ത്യയിലെ ഇന്നത്തെ പ്രതിപക്ഷം.

ഫെബ്രുവരി 11 മുതല്‍ രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുകയാണ്. രണ്ടര വര്‍ഷത്തെ മോദി ഭരണത്തിന്റെ വിലയിരുത്തലാകും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ എന്ന് ഇതിനോടകം തന്നെ മാധ്യമങ്ങള്‍ വ്യക്തമാക്കിയിരുന്നു. നോട്ട് നിരോധനവും അതുവഴി രാജ്യത്തിന്റെ ചെറുകിട വ്യവസായ മേഖലകള്‍ക്ക് ഏറ്റ സാമ്പത്തിക ആഘാതവും സാധാരണക്കാരായ ജനങ്ങള്‍ അനുഭവിച്ച ദുരിതവും ഇക്കുറി തെരഞ്ഞെടുപ്പിനെ നല്ലൊരു അളവ് വരെ സ്വാധീനിച്ചേക്കാം. എന്തായാലും പിന്‍വലിക്കപ്പെട്ടതില്‍ 97 ശതമാനം നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തി കഴിഞ്ഞു. ലോകരാജ്യങ്ങളില്‍ അതിവേഗം സാമ്പത്തിക വളര്‍ച്ച നേടിയിരുന്ന രാജ്യമായ ഇന്ത്യയെ നോട്ട് നിരോധനം എപ്രകാരം ബാധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ട കാഴ്ചയാണ്. ദീര്‍ഘവീക്ഷണമില്ലാത്ത ഈ നടപടി ചരിത്രത്തില്‍ മോദി ഗവണ്‍മെന്റിനെ എവിടെ അടയാളപ്പെടുത്തുമെന്നും.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates