1 GBP = 103.85

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ്; കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ച് നിര്‍ണായക തീരുമാനം ഇന്ന്

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ്; കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ച് നിര്‍ണായക തീരുമാനം ഇന്ന്

ഹൈദരബാദ്: കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം ഇന്ന് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടാകും. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും അവതരിപ്പിച്ച രണ്ട് അടവുനയങ്ങളില്‍ ഏതു വേണമെന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കും. രാഷ്ട്രീയ പ്രമേയത്തിന് മേല്‍ രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് വേണം എന്ന് അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അതേസമയം വോട്ടെടുപ്പ് ഒഴിവാക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ഉച്ചക്ക് ശേഷം പോളിറ്റ് ബ്യുറോ യോഗം ചേരും.

ബിജെപിയെ പരാജയപ്പെടുത്താനായി കോണ്‍ഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പു സഖ്യമോ പാടില്ലെന്ന രാഷ്ട്രീയപ്രമേയത്തിലെ വാക്കുകളാണു സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ബല പരീക്ഷണത്തിന് വഴി വെക്കുന്നത്. ഉച്ചയോടെ പ്രതിനിധി സമ്മേളനത്തില്‍ കരട് രാഷ്ട്രീയ പ്രമേയത്തില്‍ മേല്‍ നടക്കുന്ന ചര്‍ച്ച പൂര്‍ത്തിയാകും. തുടര്‍ന്ന് മറുപടി തയ്യാറാക്കാനായി പോളിറ്റ് ബ്യുറോ യോഗം ചേരും. കേന്ദ്ര കമ്മിറ്റി ചേരാനുള്ള സാധ്യതയും തള്ളി കളയാനാകില്ല. ഒത്തുതീര്‍പ്പിന്റെ എന്തെങ്കിലും സാധ്യത ഈ യോഗങ്ങളില്‍ ഉരുത്തിരിഞ്ഞില്ലെങ്കില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ വോട്ടെടുപ്പ് ഉണ്ടാകും. കരട് രാഷ്ട്രീയ പ്രമേയത്തിന് മേല്‍ വോട്ടെടുപ്പിനുള്ള സാധ്യത ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ സൂചിപ്പിച്ചിരുന്നു. പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഏതൊരംഗത്തിനും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രേഖയില്‍ ഭേദഗതി കൊണ്ട് വരാം. ഭേദഗതിയില്‍ വോട്ടെടുപ്പ് വേണം എന്ന് ആവശ്യപ്പെട്ടാല്‍ അത് അംഗീകരിക്കാറാണ് പതിവ്.

സാധാരണ കൈപൊക്കിയാണ് വോട്ടെടുപ്പ്. എന്നാല്‍ രഹസ്യ വോട്ടെടുപ്പ് വേണം എന്ന് ഏതെങ്കിലും അംഗം ആവശ്യപ്പെട്ടാല്‍ അത് സമ്മേളനം നിയന്ത്രിക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കും എന്നും സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. രഹസ്യ വോട്ടെടുപ്പ് വേണം എന്ന് മഹാരാഷ്ട്ര തമിഴ്‌നാട് തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച 33 പേരില്‍ കാരാട്ട് പക്ഷത്തിനാണു മേല്‍ക്കൈ. എന്നാല്‍ തമിഴ്‌നാട്, മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഒഡീഷ, ഗുജറാത്ത്, യുപി, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളുടെ പിന്തുണ യെച്ചൂരിക്ക് ലഭിച്ചു. കേരളം കാരാട്ടിന് ഒപ്പം ഉറച്ച് നില്‍ക്കുമ്പോള്‍, ബംഗാളില്‍ യെച്ചൂരിക്കുള്ള പിന്തുണയില്‍ ഭിന്നത ഉണ്ട്. താന്‍ മുന്നോട്ടു വയ്ക്കുന്ന നിലപാട് പാര്‍ട്ടി കോണ്‍ഗ്രസ് തള്ളിക്കളഞ്ഞാല്‍ യെച്ചൂരി ജനറല്‍ സെക്രട്ടറി പദം ഒഴിഞ്ഞേക്കും എന്നാണ് സൂചന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more