1 GBP = 104.16

കോണ്‍ഗ്രസിന് നിര്‍ണ്ണായക ദിനം;വിവാദങ്ങളുടെ പശ്ചാത്തലത്തിലെ ആദ്യ രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന്

കോണ്‍ഗ്രസിന് നിര്‍ണ്ണായക ദിനം;വിവാദങ്ങളുടെ പശ്ചാത്തലത്തിലെ ആദ്യ രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന്

തിരുവനന്തപുരം : കലാപങ്ങളുടെ നടുവിലിരിക്കുന്ന കോണ്‍ഗ്രസിന് ഇന്ന് നിര്‍ണ്ണായക ദിനം. രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് നടുവില്‍ ഇന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ചേരുന്നുണ്ട്. പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധമുയരാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നത്തെ യോഗം നാടകീയ നീക്കങ്ങള്‍ക്കാകും സാക്ഷ്യം വഹിക്കുക.

രാജ്യസഭാ സീറ്റ് കേരളകോണ്‍ഗ്രസിന് നല്‍കിയതിനെതിരെയുള്ള പ്രതിഷേധം ഒരാഴ്ച പിന്നിട്ടിട്ടും തുടരുകയാണ്. പാര്‍ട്ടി സമിതിയെ നോക്കുകുത്തിയാക്കി നേതൃനിരയിലെ ചിലര്‍ നിര്‍ണ്ണായക തീരുമാനമെടുത്തുവെന്നാണ് ആരോപണം. ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഉയരുന്ന ഈ പ്രതിഷേധം രാഷ്ട്രീയകാര്യ സമിതിയിലും പ്രതിഫലിക്കാനാണ് സാധ്യത. പരസ്യ പ്രതികരണങ്ങള്‍ വിലക്കിയുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനവും യോഗത്തിലുണ്ടാകുമെന്നാണ് സൂചന.ഉമ്മന്‍ ചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചെന്നുള്ള വിമര്‍ശനം എ ഗ്രൂപ്പ് യോഗത്തില്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ട്. നേതൃമാറ്റം ആവശ്യപ്പെട്ട് കൊണ്ടുള്ള കടുത്ത നീക്കങ്ങളും കെപിസിസിയുടെ പുനഃസംഘടനയും രാഷ്ട്രീയകാര്യ സമിതിയുടെ അജണ്ടയിലുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് വളരെയധികം പ്രസക്തിയാണുള്ളത്.

അതേസമയം രാഷ്ട്രീയകാര്യ സമിതിക്ക് മുന്നോടിയായി നേതാക്കന്‍മാര്‍ നടത്തിയ സമവായ ശ്രമങ്ങള്‍ ഫലം കണ്ടോയെന്നും ഇന്നറിയാം. യുഡിഎഫിന്റെ പൊതുതാത്പര്യത്തെ മുന്നില്‍ക്കണ്ടെടുത്ത തീരുമാനമാണെന്ന ഔദ്യോഗിക വിശദീകരണം കൊണ്ട് വിമതസ്വരങ്ങളെ ശമിപ്പിക്കാനാകുമോയെന്നാണ് കണ്ടറിയേണ്ടത്. ഈ യോഗത്തോടെ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂല അന്തരീക്ഷം പാര്‍ട്ടിയിലുണ്ടാക്കുകയാണ് നേതൃത്വത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more