1 GBP = 104.21
breaking news

കുമ്പസാരരഹസ്യം ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് ഭർതൃമതിയായ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ ഓർത്തഡോക്സ് സഭയുടെ മറുപടിക്കായി വീട്ടമ്മയുടെ ഭർത്താവ്

കുമ്പസാരരഹസ്യം ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് ഭർതൃമതിയായ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ ഓർത്തഡോക്സ് സഭയുടെ മറുപടിക്കായി വീട്ടമ്മയുടെ ഭർത്താവ്

തിരുവനന്തപുരം: കുമ്പസാരരഹസ്യം ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് ഭർതൃമതിയായ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ ഓർത്തഡോക്സ് സഭയുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് പരാതിക്കാരൻ. മറ്റുള്ളവർ ചെയ്ത തെറ്റിന് താൻ ബലിയാടാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം ന്യൂസ് 18നോട് പറഞ്ഞു. ‘സഭയ്ക്കാണ് പരാതി നൽകിയത്. സഭയുടെ മറുപടിയ്ക്കായി കാത്തിരിക്കുന്നു. അത് അറിഞ്ഞശേഷം മറ്റു നടപടികളിലേക്ക് പോയാൽ മതിയെന്നാണ് എനിക്ക് ലഭിച്ച നിയമോപദേശം’- പ്രവാസിയായ പരാതിക്കാരൻ പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇക്കാര്യം പ്രചരിപ്പിച്ചത് ഞാനല്ലെന്ന് വ്യക്തമായി പറഞ്ഞതാണ്. എന്നാൽ സംഭവം റിപ്പോർട്ട് ചെയ്ത ഒരു മാധ്യമവും ഇക്കാര്യം പറയാൻ തയ്യാറായിട്ടില്ല’- അദ്ദേഹം പറഞ്ഞു. വീട്ടമ്മയുമായി ബന്ധം പുലർത്തിയ അഞ്ച് വൈദികരെ സഭ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ കൂടുതൽ കടുത്ത നടപടി വേണമെന്ന നിലപാടിലാണ് വീട്ടമ്മയുടെ ഭർത്താവ്. സഭയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ലെങ്കിൽ വൈദികർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് പരാതിക്കാരന്‍റെ നീക്കം എന്നാണ് സൂചന.

വാട്ട്സ്ആപ്പിൽ ബന്ധം വളർന്നു; വൈദികർ പരസ്പരം അറിഞ്ഞില്ല!

തിരുവല്ല സ്വദേശിനിയുമായി ഓർത്തഡോക്സ് സഭയിലെ അഞ്ച് വൈദികർക്കുള്ള  ബന്ധമാണ് ഇപ്പോൾ പുറത്തുവന്നത്.  തങ്ങൾക്ക് ഒരേ സ്ത്രീയുമായാണ് അടുപ്പമുള്ളതെന്ന കാര്യം വൈദികർക്ക് പരസ്പരം അറിയില്ലായിരുന്നു. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് വീട്ടമ്മ വൈദികരുമായി ബന്ധം പുലർത്തിയത്.

ഡെബിറ്റ് കാർഡിൽ കള്ളി വെളിച്ചത്തായി

പരാതിക്കാരന്റെ ഭാര്യ കൊച്ചിയിലെ ഹോട്ടലിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ചത് എന്തിനെന്ന അന്വേഷണമാണ് അവരുടെ മറ്റു ബന്ധങ്ങളുടെ ഉള്ളറകളിലേക്ക് നയിച്ചത്.  മൊബൈൽ ഫോൺ, വാട്ട്സ്ആപ്പ് എന്നിവയിൽ  നടത്തിയ അന്വേഷണത്തിനൊടുവിലാണ്  ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. ഡൽഹിയിലെ വൈദികനുമൊത്താണ് കൊച്ചിയിലെ ഹോട്ടലിൽ തങ്ങിയതെന്നു മനസിലായി. കൂടുതൽ അന്വേഷണത്തിൽ മറ്റ് നാല് വൈദികരുമായും ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് വ്യക്തമായി.   കുമ്പസാര രഹസ്യം ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്നാണ്  ഭർത്താവിനോട് പറഞ്ഞത്.

അരമന രഹസ്യം അങ്ങാടിപ്പാട്ട്

വീട്ടമ്മയുടെ ഭർത്താവ് മെത്രാപൊലീത്തയ്ക്ക് പരാതി നൽകി ഏറെ നാൾ കഴിഞ്ഞിട്ടു ഒരു പ്രതികരണവും ഉണ്ടായില്ല. അങ്ങനെയാണ് സഭയുടെ അധ്യക്ഷനായ കാതോലിക്കാ ബാവയെ നേരിൽക്കണ്ട് വിവരം അറിയിച്ചത്. വിശദമായി നൽകിയ പരാതിയുടെ നിജസ്ഥിതി പ്രാഥമിക അന്വേഷണത്തിൽ തന്നെ ബോധ്യമായ ബാവ അഞ്ച് വൈദികരെയും ഉടനടി സസ്പെൻഡ് ചെയ്തു. എന്നാൽ കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്തെന്ന ഗുരുതരമായ പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ സഭാ നേതൃത്വം തയ്യാറായില്ലെന്നാണ് ആക്ഷേപം. ഇതിനിടെ അഞ്ച് വൈദികർക്കെതിരെ സഭ പ്രത്യേക സമിതിയെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചതായി വീട്ടമ്മയുടെ ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു.

സംഭവം പുറംലോകം അറിഞ്ഞതോടെ വീട്ടമ്മയുടെ ഭർത്താവിന് മേൽ കനത്ത സമ്മർദമുണ്ടെന്നാണ് സൂചന. വൈദികർക്കെതിരെ നിയമപരമായി നീങ്ങാതിരിക്കാനും പല തരത്തിൽ ഇടപെടൽ നടക്കുന്നുണ്ട്. എന്നാൽ സഭയുടെ ഭാഗത്തുനിന്ന് തനിക്ക് അനുകൂലമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കണമെന്ന നിയമോപദേശം ഭർത്താവിന് ലഭിച്ചതായും വിവരമുണ്ട്. ഏതായാലും വൈദികർക്കെതിരായ ലൈംഗികാരോപണവും സസ്പെൻഷൻ നടപടികളും ഇതിനോടകം സഭയ്ക്ക് അകത്തും പുറത്തും ഏറെ ചർച്ചയായിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more