1 GBP = 104.02

മന്ത്രി ചാണ്ടിയുടെ രാജിക്ക് സമ്മർദ്ദമേറി, വെട്ടിലായി ഇടതുമുന്നണി; വീണു കിട്ടിയ വടിയുമായി യു ഡി എഫ്

മന്ത്രി ചാണ്ടിയുടെ രാജിക്ക് സമ്മർദ്ദമേറി, വെട്ടിലായി ഇടതുമുന്നണി; വീണു കിട്ടിയ വടിയുമായി യു ഡി എഫ്

തിരുവനന്തപുരം: ഒരു സെന്റ് ഭൂമി കൈയേറിയതായി തെളിഞ്ഞാൽ മന്ത്രിപ്പണിയല്ല, എം.എൽ.എപ്പണി തന്നെ മതിയാക്കി വീട്ടിൽ പോകുമെന്ന് വികാരാധീനനായി നിയമസഭയിൽ പ്രഖ്യാപിച്ചയാളാണ് മന്ത്രി തോമസ് ചാണ്ടി. മന്ത്രി കായൽ കൈയേറിയെന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ടിലെ സ്ഥിരീകരണം തോമസ് ചാണ്ടിയെ മാത്രമല്ല, ഇടതുമുന്നണിയെയും വെട്ടിലാക്കി.
കളക്ടറുടെ അന്തിമ റിപ്പോർട്ടിലെ വിവരങ്ങൾ ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല. പുറത്ത് വന്ന വിവരങ്ങൾ മന്ത്രി ചാണ്ടിക്ക് അനുകൂലമല്ല. കൈയേറ്റം സ്ഥിരീകരിച്ചു കഴിഞ്ഞാൽ, രാജിയല്ലാതെ മന്ത്രിക്കും മുന്നണിക്കും മറ്റ് പോംവഴിയില്ല. മന്ത്രി ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. അഴിമതിവിരുദ്ധ മുദ്രാവാക്യമുയർത്തി അധികാരമേറ്റ ഇടത് സർക്കാരിന്, ഇ.പി. ജയരാജന്റെയും എ.കെ. ശശീന്ദ്രന്റെയും രാജിക്കാര്യത്തിൽ ഉയർത്തിപ്പിടിച്ച പ്രതിച്ഛായ നിലനിറുത്താൻ ചാണ്ടിയുടെയും രാജി ആവശ്യമായി വരും. മന്ത്രി ചാണ്ടി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് നിയമസഭയിൽ വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും ഇക്കാര്യത്തിൽ നിർണായകമാവും.

ഘടകകക്ഷി മന്ത്രിയായതിനാൽ ഇടതുമുന്നണിയിലും കൂടിയാലോചന വേണ്ടി വരും. എൻ.സി.പിയിൽ നിന്ന് വന്ന രണ്ടാമത്തെ മന്ത്രിയും രാജി വച്ചൊഴിയുന്ന സാഹചര്യം പാർട്ടി അഖിലേന്ത്യാ നേതൃത്വത്തിന് അത്രയെളുപ്പം സമ്മതിച്ചു കൊടുക്കാനുമാവില്ല. മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാൻ വേറെയാളില്ലെന്നത് തന്നെ കാരണം. എ.കെ. ശശീന്ദ്രനെതിരായ കേസ് അവസാനിച്ചിട്ടില്ല. രാജ്യത്ത് തന്നെ എൻ.സി.പിക്കുള്ള ഏക മന്ത്രിസ്ഥാനം കേരളത്തിലാണ്.

ഇടതുമുണണിയുടെ മേഖലാ ജാഥകൾക്കിടെയാണ് മുന്നണി നേടിടുന്ന ഈ വൈതരണി. കളക്ടറുടെ റിപ്പോർട്ട് പ്രകാരം ,ചട്ട ലംഘനം നടന്നെങ്കിൽ നടപടിയുണ്ടാവുമെന്ന് തെക്കൻ മേഖലാ ജാഥ ക്യാപ്ടനായ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചപ്പോൾ, റിപ്പോർട്ട് കാണാതെ പ്രതികരിക്കാനാവില്ലെന്നാണ് വടക്കൻ മേഖലാ ജാഥ ക്യാപ്ടനായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്.

സോളാർ കമ്മിഷൻ റിപ്പോർട്ടിന്റെ പേരിൽ പ്രതിരോധത്തിലായ കോൺഗ്രസിനും യു.ഡി.എഫിനും, മന്ത്രി തോമസ് ചാണ്ടി കായൽ കൈയേറിയെന്ന കളക്ടറുടെ റിപ്പോർട്ട് പിണറായി സർക്കാരിനെ അടിക്കാൻ വീണ് കിട്ടിയ വടിയാവും. ചാണ്ടിയുടെ രാജി നീളുന്തോറും അവർ പ്രതിഷേധം കനപ്പിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more