1 GBP = 103.97

കൊച്ചി കപ്പൽശാലയിലെ പൊട്ടിത്തെറിക്ക് കാരണം അസറ്റിലിൻ വാതകം ചോർന്ന് തീ പിടിച്ചത്

കൊച്ചി കപ്പൽശാലയിലെ പൊട്ടിത്തെറിക്ക് കാരണം അസറ്റിലിൻ വാതകം ചോർന്ന് തീ പിടിച്ചത്

കൊച്ചി: കൊച്ചി കപ്പൽശാലയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ പൊട്ടിത്തെറിക്ക് കാരണം അസറ്റിലിൻ വാതകം ചോർന്ന് തീ പിടിച്ചാണെന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് കണ്ടെത്തി.
തലേന്ന് രാത്രിയിൽ ചോർന്ന് തേർഡ് ഡെക്കിൽ നിറഞ്ഞു നിന്ന വാതകമാണ് കത്തി അതിശക്തമായി പൊട്ടിത്തെറിച്ചത്. അറ്റകുറ്റപ്പണി നടത്തിയ വാട്ടർ ടാങ്കിന് സമീപത്തെ റഫ്രിജറേഷൻ, ശീതീകരണ പ്ളാന്റുകൾക്ക് സമീപത്തായിരുന്നു സ്ഫോടനം. ഫോറൻസിക് പരിശോധനകൾക്ക് ശേഷം വിശദമായ പരിശോധനയ്ക്ക് അഞ്ചംഗ സംഘത്തെ വകുപ്പ് ഡയറക്ടർ പ്രമോദ് നിയോഗിച്ചു. ജോയിന്റ് ഡയറക്ടർ അരുണൻ തലവനായ സമിതിയിൽ കെമിക്കൽ ഇൻസ്പെക്ടർ റെജി, സീനിയർ ഇൻസ്പെക്ടർ നിധീഷ്, സേഫ്ടി കൺട്രോളർ ലാൽ വർഗീസ്, ഇൻസ്പെക്ടർ ഷിബു എന്നിവരാണ് അംഗങ്ങൾ. അഞ്ചു ദിവസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കും.

പൊട്ടിത്തെറി നടന്ന കപ്പൽശാല കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി പൊൻ രാധാകൃഷ്ണൻ ഇന്നലെ രാവിലെ സന്ദർശിച്ചു. പൊലീസിന്റെ ഫോറൻസിക് വിദഗ്ദ്ധർ പൊട്ടിത്തെറി നടന്ന ഭാഗങ്ങൾ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കി. കേന്ദ്ര മർക്കന്റൈൽ മറൈൻ വകുപ്പ് പ്രിൻസിപ്പൽ ഓഫീസർ ഇന്നലെയും പരിശോധന നടത്തി അറ്റകുറ്റപ്പണികളുടെ രേഖകൾ ശേഖരിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

കപ്പലിന്റെ മുമ്പിലെ ഹോട്ട് വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ചെന്നാണ് കപ്പൽശാല അധികൃതർ ആദ്യം പറഞ്ഞത്. ടാങ്കിലല്ല പൊട്ടിത്തെറിയെന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് സ്ഥിരീകരിച്ചു. സ്ഫോടനം നടന്ന തേർഡ് ഡെക്കിൽ തിങ്കളാഴ്ച രാത്രി അസറ്റിലിൻ വൻതോതിൽ ചോർന്ന് നിറഞ്ഞിരുന്നതായാണ് നിഗമനമെന്ന് വകുപ്പ് ഉന്നതർ പറഞ്ഞു. ഇതറിയാതെ തൊഴിലാളികൾ ആരെങ്കിലും വെൽഡിംഗ് ടോർച്ച് കത്തിച്ചപ്പോൾ സ്ഫോടനം നടന്നതാവാം. കപ്പലിന് പുറത്തെ സിലിണ്ടറിൽ നിന്ന് റബർ ഹോസ് വഴിയാണ് പണി നടക്കുന്നിടത്തേക്ക് ഗ്യാസ് എത്തിച്ചിരുന്നത്. കനത്ത ഉരുക്കുപാളികൾ മുറിച്ചു നീക്കാനും വെൽഡ് ചെയ്ത് യോജിപ്പിക്കാനും അസറ്റിലിൻ വാതകമാണ് ഉപയോഗിക്കുന്നത്. തേർഡ് ഡെക്കിന്റെയും വാട്ടർ ടാങ്കിന്റെയും കൂറ്റൻ ഉരുക്കുപാളികൾ പലതും തകർന്നിട്ടുണ്ട്.

വൻ സ്ഫോടന ശേഷിയുള്ളതാണ് അസറ്റിലിൻ വാതകം. ചോരുന്ന വാതകം ഓക്സിജനുമായി കലർന്നാൽ പോലും തീ പിടിച്ച് പൊട്ടിത്തെറിക്കും. നേരിട്ട് കത്തിയാൽ ശക്തമായ സ്ഫോടനമുണ്ടാകും.

ഓരോ ഷിഫ്ടിലും പണി ആരംഭിക്കും മുമ്പ് സീറോ ഗ്യാസ് സർട്ടിഫിക്കറ്റ് സുരക്ഷാ വിഭാഗം നൽകിയ ശേഷമേ തൊഴിലാളികളെ കയറ്റാവൂ എന്നാണ് വ്യവസ്ഥ. രാവിലെ എട്ടിന് പെർമിറ്റ് നൽകണം. പണി സ്ഥലം പൂർണമായി സുരക്ഷിതമാണെന്ന് ഉറപ്പാക്കാനാണിത്. അപകട ദിവസം ഈ വർക്ക് പെർമിറ്റ് നൽകിയതിന്റെ രേഖകൾ കപ്പൽശാല കൈമാറിയിട്ടില്ലെന്ന് വകുപ്പ് അധികൃതർ പറഞ്ഞു. പെർമിറ്റ് നൽകിയിട്ടില്ലെങ്കിൽ സുരക്ഷയിൽ കപ്പൽശാലയുടെ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. സർട്ടിഫിക്കറ്റ് നൽകിയെന്നാണ് കപ്പൽശാല ചെയർമാൻ കഴിഞ്ഞ ദിവസം പറഞ്ഞത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more