1 GBP = 103.12

സിനിമാ തിയറ്റർ പീഡനം: കുട്ടിയുടെ മാതാവി​നെ ചോദ്യം ചെയ്​തു

സിനിമാ തിയറ്റർ പീഡനം: കുട്ടിയുടെ മാതാവി​നെ ചോദ്യം ചെയ്​തു

എടപ്പാൾ: സിനിമ തിയറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസിൽ  അറസ്റ്റിലായ പാലക്കാട്​  തൃത്താലയിലെ  പ്രമുഖ വ്യവസായി കാങ്കനകത്ത്​ മൊയ്​തീൻകുട്ടിയെ(60) ഇന്ന് മഞ്ചേരി പോക്​സോ കോടതിയിൽ ഹാജരാക്കും. മൊയ്തീൻ കുട്ടിയെ  ഇന്നലെയാണ്​ പൊലീസ് അറസ്റ്റ് ചെയ്തത്​. അതിനിടെ, കേസിൽ പൊലീസ്​ കുട്ടിയു​െട മാതാവി​​​​നെ പൊലീസ്​ ചോദ്യം ചെയ്​തു. കുട്ടിയുടെ മാതാവിനെയും കേസിൽ പ്രതിയാക്കുമെന്നാണ്​ സൂചന. ഇവരുടെ അറിവോടെയാണ്​ പീഡനം നടന്നതെന്നാണ്​ പൊലീസിന്​ ലഭിച്ചിരിക്കുന്ന വിവരം. തിയറ്റർ ജീവനക്കാരുടെയും മൊഴി എടുക്കും. വനിതാ കമ്മീഷൻ അധ്യക്ഷ  എം.സി ജോസഫൈൻ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്​. തിയറ്റർ ജീവനക്കാരുമായി വനിത കമീഷൻ അധ്യക്ഷ സംസാരിച്ചു. നിലവിലെ സാഹചര്യത്തിൽ കുട്ടിയുടെയും അമ്മയേയും കാണേണ്ട സാഹചര്യമില്ലെന്ന്​ ജോസഫൈൻ പറഞ്ഞു. പിന്നീട്​ ഇവരെ കാണുമെന്നും അവർ അറിയിച്ചു.

എടപ്പാളിലെ ഒരു തിയറ്ററില്‍ ഏപ്രില്‍ 18ന് വൈകീട്ട്​ ആറിനുള്ള പ്രദര്‍ശനത്തിനിടയിലാണ് ഒരു സ്ത്രീക്കൊപ്പം ഇരുന്ന മൊയ്​തീൻകുട്ടി തൊട്ടടുത്തിരുന്ന പത്ത് വയസ്സ് തോന്നിക്കുന്ന ബാലികയെ പീഡിപ്പിച്ചത്​. പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന സ്​ത്രീയുടെ അറിവോടെയാണ്​ ഇയാൾ ഏകദേശം രണ്ടരമണിക്കൂറോളം പെൺകുട്ടി​യെ പീഡിപ്പിച്ചത്​. പെൺകുട്ടിയുടെ അമ്മയുമായി ഇയാൾക്ക്​ നേരത്തെ ബന്ധമുണ്ടായിരുന്നെന്നും പൊലീസ്​ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളിൽ ഇത്​ വ്യക്തമായിരുന്നു. ഏപ്രില്‍ 26ന്​ സി.സി.ടി.വി ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട തിയറ്റർ ജീവനക്കാര്‍ ദൃശ്യങ്ങൾ ചൈൽഡ്‌ ലൈനിന്​ കൈമാറി. ദൃശ്യങ്ങൾ സഹിതം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ചങ്ങരംകുളം പൊലീസിന് അന്നുതന്നെ പരാതി നല്‍കിയെങ്കിലും ചൈൽഡ് ലൈൻ പ്രവർത്തകർ  ദൃശ്യങ്ങളടക്കം പരാതി നൽകിയിട്ടും  കേസെടുക്കാനോ പ്രതിയെ  പിടികൂടാനോ പൊലീസ് തയ്യാറായിരുന്നില്ല. സംഭവം നടന്ന്​ ദിവസങ്ങൾക്ക്​ ശേഷമാണ്​ ദൃശ്യങ്ങൾ പുറത്തായത്​. പിന്നീട്​ സംഭവം വാർത്തയായതോടെയാണ്​ അറസ്​റ്റുണ്ടായത്​.

കേസ്​ അന്വേഷിച്ച്​ നടപടി എടുക്കുന്നതിൽ  ഗുരുതരമായ  വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ ബേബിയെ അന്വേഷണ വിധേയമായി  തൃശൂർ റേഞ്ച് ഐ.ജി. എം.ആർ അജിത്ത് കുമാർ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. മലപ്പുറം ഡി.സി.ആർ.ബി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള  പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഇന്ന്​ ജില്ല പൊലീസ്​ മേധാവിക്ക് സമര്‍പ്പിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more