1 GBP = 104.21
breaking news

ചേതനയുടെ സംഗീതപരിശീലനയാത്രക്ക് പൊന്‍തൂവലായി ഓക്സ്ഫോര്‍ഡ് കൗണ്ടി കൗണ്‍സിലിന്റെ അംഗീകാരം.

ചേതനയുടെ സംഗീതപരിശീലനയാത്രക്ക് പൊന്‍തൂവലായി ഓക്സ്ഫോര്‍ഡ് കൗണ്ടി കൗണ്‍സിലിന്റെ അംഗീകാരം.

ലിയോസ് പോള്‍

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഓക്സ്ഫോര്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ചു വിജയകരമായി മുന്നോട്ടു പോകുന്ന ചേതന മ്യൂസിക് അക്കാദമിക്ക് മികച്ച നവാഗത സംരംഭകര്‍ക്കുള്ള ഓക്സ്ഫോര്‍ഡ് കൗണ്ടി കൗണ്‍സിലിന്റെ അവാര്‍ഡ്. എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 4.30 മുതല്‍ 6.30 വരെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സമ്പൂര്‍ണ്ണ സഹകരണത്തോടെ രണ്ടു വിഭാഗങ്ങളിലായി നടക്കുന്ന പിയാനോ പരിശീലന പരിപാടി ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

നിരവധിയായ സന്നദ്ധസംഘടനകളും അസ്സോസ്സിയേഷനുകളും നല്‍കിയ നോമിനേഷനുകളില്‍ നിന്നാണ് ചേതനയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.ഓക്സ്ഫോര്‍ഡ് സെന്റര്‍ ഫോര്‍ മ്യൂസിക്കില്‍ ചേര്‍ന്ന ‘മ്യൂസിക് ഹബ് ഗാല അവാര്‍ഡ്സ് ‘എന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ചേതന യുകെ ഭാരവാഹികളായ ബിനു ജോസഫ്, ജോസ് പീറ്റര്‍, ജെയിംസ് ജോസ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു. പ്രസ്തുത ചടങ്ങില്‍ വച്ച് ചേതന മ്യൂസിക് അക്കാദമി കോര്‍ഡിനേറ്റര്‍മാരായ ബിനു ജോസഫും ജോസ് പീറ്ററും ചേര്‍ന്ന് ട്രോഫിയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം സ്വീകരിച്ചു.

ചേതനയുടെ ഓക്സ്ഫോര്‍ഡ് യൂണിറ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് അവാര്‍ഡദാന ചടങ്ങില്‍ അധികൃതര്‍ നടത്തിയ ചെറുവിവരണം ശ്രദ്ധേയമായിരുന്നു. വരും നാളുകളില്‍ കൂടുതല്‍ പദ്ധതികള്‍ ചേതനയുമായി യോജിച്ച് നടപ്പാക്കും എന്നും സംഘാടകര്‍ അറിയിച്ചു.അവാര്‍ഡ് ദാന ചടങ്ങിന് ശേഷം സംഘടിപ്പിച്ചിരുന്ന വൈവിധ്യമാര്‍ന്ന നൃത്തസംഗീത പരിപാടികള്‍ക്കും അത്താഴവിരുന്നിനും ശേഷം സംഘാടകര്‍ക്ക് നന്ദിയും അറിയിച്ചിട്ടാണ് ചേതന പ്രതിനിധികള്‍ പിരിഞ്ഞത്.

സംഗീതപരിശീലന രംഗത്തെ നിശ്ചയദാര്‍ഢ്യത്തിനും കൃത്യതയാര്‍ന്ന പ്രവര്‍ത്തനത്തിനും ലഭിച്ച അര്‍ഹമായ അംഗീകാരത്തിന് മ്യൂസിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും ഓക്സ്ഫോര്‍ഡ് മ്യൂസിക് സര്‍വീസ് ഭാരവാഹികളോടും ചേതന കമ്മറ്റി അംഗങ്ങള്‍ നന്ദി അറിയിച്ചു.മാത്രമല്ല,വളരെ പരിമിതമായ സാഹചര്യങ്ങളില്‍ നിന്നും പ്രവര്‍ത്തനമാരംഭിച്ച ചേതന മ്യൂസിക് അക്കാദമിക്ക് ലഭിച്ച ഈ അംഗീകാരം ഏറെ പ്രതീക്ഷകളോടെയാണ് നോക്കിക്കാണുന്നതെന്നും, യുകെ മലയാളികളുടെ വര്‍ത്തമാനകാല ജീവിതപരിസരങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിന് പ്രചോദനമേകുന്നതാണെന്നും കമ്മറ്റി അംഗങ്ങള്‍ അറിയിച്ചു.

മികച്ച പ്രവര്‍ത്തനത്തിന് ചേതനാ യുകെ ഓക്‌സ്‌ഫോര്‍ഡ് ഘടകത്തിന് ലഭിച്ച അംഗീകാരമാണെന്ന് ചേതനാ യുകെ പ്രസിഡണ്ട് വിനോ തോമസ് പറഞ്ഞു. ജനറല്‍ സെക്രട്ടറി ജെ എസ് ശ്രീകുമാര്‍ ട്രഷറര്‍ ലിയോസ് പോള്‍ തുടങ്ങിയവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more