1 GBP = 103.91

സാര്‍വ്വദേശീയ തൊഴിലാളി ദിനത്തോട് രാഷ്ട്രീയമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ചേതന യുകെ മെയ് ദിനം ആചരിച്ചു

സാര്‍വ്വദേശീയ തൊഴിലാളി ദിനത്തോട് രാഷ്ട്രീയമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ചേതന യുകെ മെയ് ദിനം ആചരിച്ചു

ലോകമെമ്പാടുമുള്ള അധ്വാനവര്‍ഗ്ഗത്തിന്റെ വിമോചനത്തിനും,മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കും വേണ്ടി നടന്ന ഐതിഹാസികമായ പോരാട്ടസമരങ്ങളുടെ സ്മരണ പുതുക്കിക്കൊണ്ടു ഓക്‌സ്‌ഫോര്‍ഡിലെ ഹോളിഫാമിലി ചര്‍ച് ഹാളില്‍ നടന്ന പൊതുയോഗം അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ഹര്‍സെവ് ബൈന്‍സ് ഉത്ഘാടനം ചെയ്തു.

സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്താനിരുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും,കണ്ണൂര്‍ എംപിയുമായ പി കെ ശ്രീമതിടീച്ചര്‍ ചില സാങ്കേതിക തടസ്സങ്ങള്‍ മൂലം നേരിട്ടെത്തിയില്ലെങ്കിലും ടെലികോണ്‍ഫെറെന്‍സിലൂടെ പൊതുയോഗത്തെ അഭിസംബോധ ചെയ്തു സംസാരിച്ചു.

ചേതന യുകെ ട്രഷറര്‍ ലിയോസ് പോള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിറ്റ് സെക്രട്ടറി എബ്രഹാം സ്വാഗതവും ബിനു ജോസഫ് നന്ദിയും പറഞ്ഞു.യുകെയിലെ മലയാളിസമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ചും,രാഷ്ട്രീയമായി ഐക്യപ്പെടേണ്ടതിന്റെ ആവശ്യകതെയെയും സംബന്ധിച് ചേതന യുകെ സെക്രട്ടറി ശ്രീകുമാര്‍,പ്രസിഡന്റ് വിനോ തോമസ്,വൈസ് പ്രസിഡന്റ് സുജു ജോസഫ്,കമ്മിറ്റി അംഗം കോശി തെക്കേക്കര തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന പൊതുചര്‍ച്ചയില്‍ എല്ലാ അംഗങ്ങളും ക്രിയാത്മകമായി ഇടപെട്ടുകൊണ്ട് വരാന്‍ പോകുന്ന ജനറല്‍ ഇലക്ഷനില്‍ കുടിയേറ്റവിരുദ്ധ,തൊഴിലാളിവിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോകുന്ന തീവ്ര വലതുപക്ഷത്തിന്റെ മുഖമായ തെരേസ മെയ് സര്‍ക്കാരിനെതിരെ ബാലറ്റിലൂടെ പ്രതികരിക്കണമെന്ന് തീരുമാനിച്ചു. വംശീയതയെ തടയുന്നതിനും,തൊഴില്‍നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുന്നതിനും ബ്രെക്‌സിറ് നീതിപൂര്‍വ്വവും,ജനക്ഷേമകരവുമായി നടപ്പാക്കുന്നതിനും ടോറി ഗവണ്മെന്റിനെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് യോഗം വിലയിരുത്തി.

ചേതന യുകെ ഓക്‌സ്‌ഫോര്‍ഡ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഓക്‌സ്‌ഫോര്‍ഡില്‍ നിന്നുള്ള മുഴുവന്‍ കുടുംബങ്ങളുടെയും പ്രാതിനിധ്യമുണ്ടായിരുന്നു. സ്‌നേഹവിരുന്നും,അതിനു ശേഷം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോസ് പീറ്ററിന്റെ നേതൃത്വത്തില്‍ നടന്ന ചേതന കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ക്കും ശേഷം മെയ്ദിനാഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more