കോട്ടയം: ചെങ്ങന്നൂരില്‍ കെഎം മാണി മനസാക്ഷി വോട്ടിന് ആഹ്വാനം നല്കുമെന്നുറപ്പായതോടെ സാഹചര്യം ആര്‍ക്ക് ഗുണം ചെയ്യുമെന്നതാണ് മുന്നണികള്‍ക്ക് മുന്നിലുള്ള ചോദ്യം. എല്‍ഡിഎഫിന് പരസ്യ പിന്തുണ നല്കിയാല് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമെന്ന വിലയിരുത്തലില്‍ നിന്നാണ് മാണി മൗനം പാലിക്കുന്നത് എന്നാണ് സൂചന. മണ്ഡലത്തില്‍ എല്‍ഡിഎഫിനോടും യുഡിഎഫിനോടും അനുഭാവം പുലര്‍ത്തുന്ന പ്രവര്‍ത്തകര്‍ ഉണ്ടെന്നതിനാല്‍ കേരളാകോണ്‍ഗ്രസ് വോട്ട് ഭിന്നിക്കാനാണ് സാധ്യത.
മണ്ഡലത്തില്‍ 5000 ത്തിലധികം വോട്ടുകള്‍ കേരളകോണ്‍ഗ്രസ് മാണി വിഭാഗത്തിനുണ്ടെന്നാണ് കണക്ക്. ചെങ്ങന്നൂരിലേത് പ്രബുദ്ധരായ വോട്ടര്‍മാരാണെന്നും സ്വയം തീരുമാനമെടുക്കുമെന്നുമുള്ള മാണിയുടെ വാക്കുകള്‍ ഫലത്തില്‍ എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്ന് പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം സംശയിക്കുന്നുണ്ട്. ആലപ്പുഴ ജില്ലാ നേതൃത്വവും ചെങ്ങന്നൂരിലെ പ്രാദേശിക ഘടകവും എല്‍ഡിഎഫുമായി ബന്ധമാകുന്നതില് തെറ്റില്ലെന്ന നിലപാടുള്ളവരാണ് എന്നത് ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലാപ്രസിഡന്റ് ജേക്കബ് തോമസ് അരികുപുറം ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം പരസ്യമായി പലതവണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
എല്‍ഡിഎഫ് ബന്ധത്തില്‍ പഴയ നിലപാട് മയപ്പെടുത്താന്‍ പിജെ ജോസഫ് തയ്യാറായെന്നാണ് പുറത്തു വരുന്ന വിവരം. എന്നാല്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നവര്‍ക്കും പഴയ മാണി വിഭാഗത്തിലെ നേതാക്കളില്‍ പലര്‍ക്കും ഇതിനോട് കടുത്ത വിയോജിപ്പാണ് ഇപ്പോഴുമുള്ളത്. ചെങ്ങന്നൂരിലും ഈ വ്യത്യസ്ഥ അഭിപ്രായം പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. അതുകൊണ്ടു തന്നെ നേതൃത്വം മനസില്‍ കാണുന്നത് അതേപടി വോട്ടായി മാറില്ല എന്നു മുന്നണികള്‍ക്കറിയാം. ചെറിയ ശതമാനം വോട്ടുകള്‍ പോലും നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ഈ സാഹചര്യം സ്ഥാനാര്‍ഥികള്‍ക്കിടയില്‍ ഒരേ സമയം പ്രതീക്ഷയ്ക്കും ആശങ്കയ്ക്കും കാരണമാകുന്നു.
കെഎം മാണി ചെങ്ങന്നൂരില്‍ എല്‍ഡിഎഫുമായി സഹകരിക്കാന്‍ തീരുമാനിച്ചാല്‍ ഇനി മാണിക്കൊപ്പം തുടരാനില്ലെന്ന കടുത്ത നിലപാടിലേക്ക് തങ്ങള്‍ കടക്കുമെന്ന് ചില നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്. മാണിയുടെ തട്ടകമായ കോട്ടയം ജില്ലയില്‍ നിന്നു തന്നെ ഇതിനെതിരെ ശക്തമായ വിയോജിപ്പുയര്‍ന്നു വരും. ഈ സാഹചര്യം മുന്നില്‍ കണ്ട് തന്നെയാകും 11 ന് നടക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ മനസാക്ഷി വോട്ടിന് മാണി ആഹ്വാനം ചെയ്യുക. വിജയം ആര്‍ക്കായാലും അതില്‍ അവകാശം സ്ഥാപിക്കാന്‍ കഴിയുമെന്നതും അതിന് കാരണമായി മാറും.
click on malayalam character to switch languages