1 GBP = 103.14

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെയുള്ള കുറ്റപത്രം ഇന്നു സമർപ്പിക്കും

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെയുള്ള കുറ്റപത്രം ഇന്നു സമർപ്പിക്കും

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടൻ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം ഇന്നു സമർപ്പിക്കും. മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറ്റിയൻപതിലേറെ രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയിൽ സമർപ്പിക്കും. പൾസർ സുനിയും ദിലീപും മാത്രമാണു ഗൂഢാലോചനയിൽ പങ്കെടുത്തതെന്നും കുറ്റപത്രത്തിൽ പറയുന്നതായാണു വിവരം. അന്തിമ കുറ്റപത്രത്തിൽ ദിലീപടക്കം 11 പേരാണു പ്രതികൾ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക.

നടി ആക്രമണ കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആദ്യ നീക്കം. എന്നാല്‍ ഇത്തരത്തില്‍ കുറ്റപത്രം കോടതിയിലെത്തിയാല്‍ കേസ് പൊളിയുമെന്ന നിയമോപദേശം കിട്ടിയതോടെ ഈ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്നു വിശദമായ കൂടിയാലോചനകള്‍ക്കൊടുവിലാണു ദിലീപിനെ എട്ടാം പ്രതിയാക്കാന്‍ അന്വേഷണ സംഘത്തില്‍ ധാരണയായത്. ആക്രമണത്തിനു നേതൃത്വം നല്‍കിയ പള്‍സര്‍ സുനി തന്നെയാകും കുറ്റപത്രത്തില്‍ ഒന്നാം പ്രതിസ്ഥാനത്തുണ്ടാവുക. എന്നാല്‍ ഗൂഡാലോചന കുറ്റവുമായി ബന്ധപ്പെട്ടു ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പിനൊപ്പം പള്‍സര്‍ സുനിക്കും കൂട്ടാളികള്‍ക്കും മേല്‍ ചുമത്തിയിരിക്കുന്ന വകുപ്പുകളും ദിലീപിനെതിരെ ചുമത്തും.

‘ദേ പുട്ട്’ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി ദുബായിൽ പോകാൻ പാസ്പോർട്ട് വിട്ടു നൽകണമെന്ന് ദിലീപ് ഹൈക്കോടതിയോട് അഭ്യർഥിച്ചതിനു പിന്നാലെയാണ് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് ഒരുങ്ങുന്നത്. പാസ്പോർട്ട് വിട്ടു നൽകണമെന്ന ദിലീപിന്റെ ആവശ്യത്തെ കോടതിയിൽ എതിർക്കുന്നതിനും പൊലീസ് തീരുമാനമായിട്ടുണ്ട്. വിദേശത്തു നിന്ന് ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന വാദമാവും പൊലീസ് കോടതിയിലുയര്‍ത്തുക. ദുബായില്‍ പോകാന്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള പാസ്പോര്‍ട്ട് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസമാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more