1 GBP = 103.85

ദിലീപിനെതിരെ ഇന്ന് കുറ്റപത്രം സമർപ്പിക്കും; മഞ്ജു വാര്യർ പ്രധാന സാക്ഷി

ദിലീപിനെതിരെ ഇന്ന് കുറ്റപത്രം സമർപ്പിക്കും; മഞ്ജു വാര്യർ പ്രധാന സാക്ഷി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കി ഇന്ന് ഉച്ചയോടെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ദിലീപ് എട്ടാം പ്രതിയാണ്. അന്തിമ കുറ്റപത്രത്തിൽ ദിലീപ് ഉൾപ്പടെ 11 പ്രതികൾ ഉണ്ടാകും. 450 രേഖകളും മുന്നൂറിലേറെ സാക്ഷികളും കുറ്റപത്രത്തിന്റെ ഭാഗമാകും. ഗൂഡാലോചനയിൽ ദിലീപിന്റെയും പൾസർ സുനിയുടെയും പേരുകൾ മാത്രമാണ് ഉള്ളത്. പൾസർ സുനിയ്‌ക്ക് ജയിലിൽ നിന്നും ഫോൺവിളിക്കാൻ സഹായിച്ച പൊലീസ് ഡ്രൈവർ അനീഷ് കുമാർ, സഹതടവുകാരൻ വിപിൻലാൽ എന്നിവരെ മാപ്പുസാക്ഷിയാക്കും.
വിദേശത്ത് പോകാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയ സാഹചര്യത്തിലാണ് കുറ്റപത്രം എത്രയും പെട്ടെന്ന് സമർപ്പിക്കാനുള്ള തീരുമാനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഹൈക്കോടതിയിലെത്തി ഡയറക്‌ടർ ജനറൽ ഒഫ് പ്രോസിക്യൂഷനെ കണ്ടിരുന്നു.

കഴിഞ്ഞ മാസം ഏഴിന് കുറ്റപത്രം സമർപ്പിക്കുമെന്നാണ് ആദ്യം അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നത്. ഇതിനിടെ, അന്വേഷണ സംഘത്തെ ഞെട്ടിച്ച് ദിലീപിന് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചു. ഇതോടെ, കുറ്റപത്രം തിരക്കിട്ട് സമർപ്പിക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലേക്ക് പൊലീസ് എത്തി. കേസിന്റെ അന്വേഷണച്ചുമതല ഉണ്ടായിരുന്ന എസ്.പി സുദർശനെ സോളാർ കേസുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലം മാറ്റിയതോടെ വീണ്ടും കുറ്റപത്രം വൈകുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. എന്നാൽ, ദിലീപിനെതിരായ കുറ്റപത്രം തയ്യാറായ സാഹചര്യത്തിൽ എത്രയും വേഗത്തിൽ വിചാരണ കോടതിയിൽ സമർപ്പിക്കാമെന്ന തീരുമാനത്തിലേക്ക് അന്വേഷണ സംഘം എത്തുകയായിരുന്നു.

കേസിൽ, സമഗ്രമായ കുറ്റപത്രം തന്നെയാണ് പൊലീസ് തയ്യാറാക്കിയിട്ടുള്ളത്. ഇതുവരെ അന്വേഷണ സംഘം വെളിപ്പെടുത്താത്ത ചില നിർണ്ണായക വിവരങ്ങളും കുറ്റപത്രത്തിൽ ഉണ്ടെന്നാണ് സൂചന. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളകളിൽ മുദ്രവച്ച കവറിൽ കോടതിയിൽ നേരിട്ട് സമർപ്പിച്ചിരുന്ന വിവരങ്ങളാണിത്. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവു നശിപ്പിക്കൽ, പ്രതിയെ സംരക്ഷിക്കൽ, തൊണ്ടി മുതൽ സൂക്ഷിക്കൽ, ഭീഷണി, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ദിലീപിനെതിരെ ചുമത്തും. കുറ്റപത്രം സമർപ്പിച്ചാലും അന്വേഷണം തുടരുമെന്ന് കോടതിയെ അറിയിക്കും. ഇക്കാര്യം കുറ്റപത്രത്തിൽ അന്വേഷണസംഘം വ്യക്തമാക്കും.

ദിലീപിനൊപ്പം നേരത്തെ അറസ്റ്റിലായ രണ്ട് അഭിഭാഷകരെ കൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയേക്കും. കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് മറ്റു ചില നിർണായക നീക്കങ്ങളും പൊലീസ് ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്.ഇരുപതിലേറെ നിർണായക തെളിവുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുറ്റസമ്മത മൊഴികൾ, സാക്ഷിമൊഴികൾ, കോടതി മുമ്പാകെ നൽകിയ രഹസ്യ മൊഴികൾ, ഫോറൻസിക് റിപ്പോർട്ടുകൾ, സൈബർ തെളിവുകൾ, നേരിട്ടുള്ള തെളിവുകൾ, സാഹചര്യ ത്തെളിവുകൾ എന്നിവ പട്ടികയാക്കി പ്രത്യേക ഫയലുകളാക്കിയാണ് അനുബന്ധ കുറ്റപത്രമായി സമർപ്പിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more