1 GBP = 102.95
breaking news

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോര് ഇന്ന്; ആവേശത്തോടെ യുകെ മലയാളികള്‍

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോര് ഇന്ന്; ആവേശത്തോടെ യുകെ മലയാളികള്‍

ലണ്ടന്‍ : അയല്‍ വൈരപ്പോരിന്റെ പുത്തന്‍ അദ്ധ്യായം രചിക്കാന്‍ ഇന്ന് ഇന്ത്യയും പാകിസ്ഥാനും ഇംഗ്‌ളണ്ടിന്റെ മണ്ണില്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ കലാശക്കളിക്കിറങ്ങുന്നു. ഏറെ ആവേശത്തോടെയാണ് യുകെ മലയാളികളും. നിരവധി പേര്‍ മത്സരം നേരിട്ട് കാണാന്‍ ടിക്കറ്റുകള്‍ എടുത്ത് കഴിഞ്ഞു. കോലിക്കും കൂട്ടര്‍ക്കും ഗ്രൗണ്ട് സപ്പോര്‍ട്ടുമായി നിരവധി മലയാളികളും മത്സരം വീക്ഷിക്കാനുണ്ടാകും.

ഈ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ 124 റണ്‍സിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന വിരാട് കൊഹ്‌ലിക്കും കൂട്ടര്‍ക്കും 2013 ല്‍ ഇവിടെവച്ച് നേടിയ ചാമ്പ്യന്‍സ് ട്രോഫി നിലനിറുത്തുകയെന്ന ലക്ഷ്യമാണുള്ളത്. ആദ്യമായി ചാമ്പ്യന്‍സ് ട്രോഫി നേടാനുള്ള പോരാട്ടത്തിനാണ് സര്‍ഫ്രാസ് അഹമ്മദ് നയിക്കുന്ന പാകിസ്ഥാന്‍ ടീം ഇറങ്ങുന്നത്.

ഗ്രൂപ്പ് റൗണ്ടില്‍ ശ്രീലങ്കയോട് മാത്രം തോറ്റ ഇന്ത്യ പാകിസ്ഥാനെയും പിന്നീട് ദക്ഷിണാഫ്രിക്കയെയും കീഴടക്കിയാണ് ഗ്രൂപ്പ് റൗണ്ടില്‍ ഒന്നാമനായി സെമിയിലെത്തിയത്. സെമിയില്‍ ബംഗ്‌ളാദേശിനെ ഒന്‍പത് വിക്കറ്റിന് തരിപ്പണമാക്കിയാണ് പാകിസ്ഥാനെതിരായ ഫൈനലിന് ടിക്കറ്റെടുത്തത്. ഇന്ത്യയോട് തോറ്റ് ചാരമായിടത്തുനിന്നാണ് പാകിസ്ഥാന്റെ യുവനിര ഫൈനലിലേക്ക് ഉയിര്‍ത്തെണീറ്റിരിക്കുന്നത്. ലങ്കയെയും ദക്ഷിണാഫ്രിക്കയെയും ഗ്രൂപ്പ് റൗണ്ടില്‍ കീഴടക്കിയശേഷം സെമിയില്‍ ആതിഥേയരായ ഇംഗ്‌ളണ്ടിനെ അട്ടിമറിക്കുകയായിരുന്നു പാകിസ്ഥാന്‍.

ഇമ്രാന്‍ഖാന്‍, വാസിം അക്രം, ഷൊയ്ബ് അക്തര്‍, മിയാന്‍ ദാദവ് തുടങ്ങിയ പഴയകാല താരങ്ങളുടെ നിഴലുപോലുമാകാന്‍ യോഗ്യതയുള്ളവരാരും ഇന്നത്തെ പാക് നിരയിലില്ലെന്നത് സത്യമാണെങ്കിലും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം, അതൊരു ഐ.സി.സി ടൂര്‍ണമെന്റിന്റെ ഫൈനല്‍ കൂടിയാകുമ്പോള്‍ ആരാധക പ്രതീക്ഷ വാനോളമാണ്. കായിക രംഗത്ത് വാതുവയ്പ് നിയമവിധേയമായ ഇംഗ്‌ളണ്ടില്‍ ഈ മത്സരത്തിന് മാത്രം 2000 കോടിയോളം രൂപ ഒഴുകുമെന്നാണ് കരുതുന്നത്. വാതുവയ്പകാര്‍ ഇന്ത്യയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. ഇന്ത്യ ജയിക്കുമെന്ന് 100 രൂപ ബെറ്റ് വച്ച്, ജയിച്ചാല്‍ 147 രൂപവരെ ലഭിക്കും. പാകിസ്ഥാന് വേണ്ടി 100 രൂപ വയ്ക്കുന്നയാള്‍ക്ക് 300 വരെയാകും ലഭിക്കുക. ടിവി സംപ്രേഷണത്തിനിടയിലെ പരസ്യത്തിന് 30 സെക്കന്‍ഡിന് ഒരുകോടിരൂപവരെ നല്‍കാന്‍ കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ തയ്യാറായിരിക്കുകയാണ്.

കോച്ചും ക്യാപ്ടനും തമ്മിലുള്ള പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ടീം ഇന്ത്യയുടെ ലണ്ടനിലേക്കുള്ള വരവെങ്കിലും മികച്ച ഫോമിലാണ് ഇപ്പോള്‍ കൊഹ്‌ലിയും കൂട്ടരും. ലങ്കയ്‌ക്കെതിരായ മത്സരത്തിനുശേഷം ടീമില്‍ പ്രത്യേക ഊര്‍ജ്ജം നിറയ്ക്കാന്‍ കൊഹ്ലിയുടെ ക്യാപ്ടന്‍സിക്ക് കഴിഞ്ഞിട്ടുണ്ട്. സെമിയില്‍ ബംഗ്‌ളാദേശിനെതിരായ ചേസിംഗ് വിജയം ഇംഗ്‌ളണ്ടിലെ സാഹചര്യങ്ങളോട് ഇണങ്ങിച്ചേര്‍ന്നതിന്റെ തെളിവാണ്. ശിഖര്‍ ധവാന്‍ രോഹിത് ശര്‍മ്മ ഓപ്പണിംഗ് സഖ്യം മികച്ച തുടക്കമാണ് നല്‍കുന്നത്. പതിയെയാണ് സ്‌കോറിംഗ് തുടങ്ങുന്നതെങ്കിലും വമ്പന്‍ ടോട്ടലിലേക്കുള്ള അടിത്തറയിടാന്‍ അവര്‍ക്ക് കഴിയുന്നു.

കൊഹ്‌ലിയും യുവ്‌രാജും ഓപ്പണര്‍മാര്‍ക്കൊപ്പം പാകിസ്ഥാനെതിരായ ആദ്യമത്സരത്തില്‍ അര്‍ദ്ധസെഞ്ച്വറി നേടിയിരുന്നു. കേദാറും ധോണിയും ജഡേജയുമടങ്ങുന്ന മദ്ധ്യനിരയിലുള്ളവര്‍ക്ക് അന്ന് ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നില്ല. ഹാര്‍ദിക് പാണ്ഡ്യയുടെ സാന്നിദ്ധ്യം ബാറ്റിംഗിലും ബൗളിംഗിലും പ്രയോജനപ്രദമാണ്. ബംഗ്‌ളാദേശിനെതിരെ കേദാറിനെ ബൗളിംഗിന് ഉപയോഗിച്ചതുപോലെയുള്ള തന്ത്രങ്ങളും ഇന്ത്യയുടെ ആവനാഴിയില്‍ ബാക്കിയുണ്ട്. ഭുവനേശ്വര്‍, ബുംറ എന്നീ പേസര്‍മാര്‍ തന്നെയാകും ഇന്നും ടീമില്‍ ഉണ്ടാവുക.

ക്രിക്കറ്റ് കണക്കുകള്‍ അനുസരിച്ച് സര്‍ഫ്രാസിന്റെ നേതൃത്വത്തിലുള്ള പാക് ടീം ഇന്ത്യയ്ക്ക് ഒരു എതിരാളിയേ ആകുന്നില്ല. എന്നാല്‍ ഏതുദിവസം എങ്ങനെ കളിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവാത്തതാണ് പാക് ടീമിന്റെ മുഖമുദ്ര. അത് മാത്രമാണ് കൊഹ്‌ലിപ്പടയെ ടെന്‍ഷനടിപ്പിക്കുന്നതും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more