1 GBP = 103.33

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; ജാര്‍ഖണ്ഡില്‍ മൂന്ന് പേര്‍ അറസ്റ്റില്‍ – പിടിയിലായവരില്‍ എബിവിപി അംഗവും

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; ജാര്‍ഖണ്ഡില്‍ മൂന്ന് പേര്‍ അറസ്റ്റില്‍ – പിടിയിലായവരില്‍ എബിവിപി അംഗവും

ദില്ലി: സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒന്‍പത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. അറസ്റ്റിലായവരില്‍ കോച്ചിങ് സെന്റര്‍ ഡയറക്ടര്‍മാരും വിദ്യാര്‍ത്ഥികളുമാണ് ഉള്‍പ്പെടുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസം തന്നെ 50ഓളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച്  ഉന്നതതല സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മലയാളി വിദ്യാര്‍ത്ഥി രോഹന്‍ മാത്യു സുപ്രീം കോടതിയെ സമീപിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രക്ഷിതാക്കളുടെ സംഘടന.   അതിനിടെ കൂടുതല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന വെളിപ്പെടുത്തലുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.

ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കിടയായ സാഹചര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി രോഹന്‍ മാത്യു സുപ്രീംകോടതിയെ സമീപിച്ചത്. ഹരിയാനയിലേയും ദില്ലിയിലേയും പരീക്ഷാ തീയതി പ്രഖ്യാപിക്കാത്തതിലെ അവ്യക്തത നീക്കണം.  മറ്റ് മേഖലകളിലുള്ള വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്താന്‍ നിര്‍‍ദ്ദേശിക്കണമെന്നും രോഹന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പന്ത്രണ്ടാം ക്ലാസിലെ അക്കൗണ്ടന്‍സി, പത്താംക്ലാസിലെ ബയോളജി പരീക്ഷകളുടെ ചോദ്യപേപ്പറും ചോര്‍ന്നുവെന്നുമാണ് ലുധിയാനയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജാന്‍വി ബെഹലിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യം പൊലീസിനേയും കത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഈ മാസം 17ന് അറിയിച്ചെന്നും ജാന്‍വി പറഞ്ഞു. മുഴുവന്‍ വിഷയങ്ങളിലും പുനഃപരീക്ഷ വേണമെന്നാണ് ജാന്‍വിയുടെ ആവശ്യം.

അതിനിടെ പന്ത്രണ്ടാം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറും ചോര്‍ന്നുവെന്ന അഭ്യൂഹവും അന്വേഷണ സംഘം പരിശോധിക്കും. ആറായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ചോര്‍ന്ന ചോദ്യപേപ്പര്‍ കിട്ടിയെന്നാണ് കണ്ടെത്തല്‍. സി.ബി.എസ്.ഇ ദില്ലി മേഖലാ ഡയറക്ടറും സെക്രട്ടറിയും അന്വേഷണ സംഘത്തിന് വിവരങ്ങള്‍ കൈമാറി. പരീക്ഷാ കേന്ദ്രങ്ങളിലേയും പ്രസ്സിലേയും ചോദ്യപേപ്പര്‍ സൂക്ഷിച്ച ബാങ്കിലേയും ഉദ്യോഗസ്ഥരുടെ വിവരങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. അതിനിടെ പത്താം ക്ലാസുകാരനായ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് അച്ഛന്റെ ഇ-മെയിലില്‍ നിന്ന് കണക്ക് ചോദ്യപേപ്പര്‍ ചോര്‍ന്ന വിവരം സിബിഎസ്ഇ അധ്യക്ഷയെ അറിയിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി.

ജാര്‍ഖണ്ഡില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന പരാതിയില്‍ പൊലീസ് നാലു വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തതോടെ ദില്ലിക്ക് പുറത്തേക്ക് ചോദ്യപേപ്പര്‍ എത്തിയിട്ടില്ലെന്ന സിബിഎസ്ഇയുടെ വാദമാണ് പൊളിയുന്നത്. അതിനിടെ ഇന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് സിബിഎസ്ഇ ആസ്ഥാനത്തേക്ക് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more