1 GBP = 103.12

ആഗ്രഹങ്ങൾ ബാക്കിയാക്കി നിഷയോടും എയ്ഞ്ചലിനോടും അലോണയോടും മൗനമായി യാത്രപറഞ്ഞുകൊണ്ടു യുകെ മലയാളികളുടെ സ്നേഹവും ആദരവും ഏറ്റുവാങ്ങി ജീവിതം കരുപ്പിടിപ്പിക്കാൻ കാലുകുത്തിയ നാട്ടിൽ ബൈജു ഒരു ഓർമ്മയായി….

ആഗ്രഹങ്ങൾ ബാക്കിയാക്കി നിഷയോടും എയ്ഞ്ചലിനോടും അലോണയോടും മൗനമായി യാത്രപറഞ്ഞുകൊണ്ടു യുകെ മലയാളികളുടെ സ്നേഹവും ആദരവും ഏറ്റുവാങ്ങി ജീവിതം കരുപ്പിടിപ്പിക്കാൻ കാലുകുത്തിയ നാട്ടിൽ ബൈജു ഒരു ഓർമ്മയായി….

വർഗ്ഗീസ് ഡാനിയേൽ

ലണ്ടൻ:- സീറോ മലബാര്‍ യുകെ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്‍റെ പ്രധാന കാര്‍മ്മികത്വത്തിൽ ബൈജുവിന്‍റെ കുടുംബത്തിന് താങ്ങായി കൂടെനിന്ന വൈദികന്‍ ഹാന്‍സ് പുതിയകുളങ്ങരയും, മറ്റ് ആറോളം വൈദികരും ചേര്‍ന്ന് ലീയിലുള്ള ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ചര്‍ച്ചില്‍ ബൈജുവിന്‍റെ അന്ത്യ ശുശ്രൂഷ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയപ്പോൾ സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പം തണുപ്പിന്റെ ആലസ്യത്തിൽ പ്രകൃതിയും കണ്ണീർ പൊഴിച്ചു .

കടുത്ത തണുപ്പിനിടയില്‍ കൂടുതല്‍ അസ്വസ്ഥനാക്കാന്‍ എത്തിയ മഴയ്ക്കൊപ്പം ആയിരുന്നു വികാരനിര്‍ഭരമായ ആ വിടവാങ്ങൽ. ബൈജുവിന്‍റെ മൃത ശരീരവുമായി കൃത്യം 11 മണിക്ക് ഫ്യൂണറല്‍ സര്‍വീസുകാരുടെ വാഹനം ബൈജുവിന്‍റെ കുടുംബം ഇപ്പോള്‍ താമസിക്കു വീട്ടിലെത്തി. അവിടെനിന്നും ഭാര്യ നിഷയെയും മക്കളായ എയ്ഞ്ചൽ, അലോണ എന്നിവര്‍ ഉള്‍പ്പടെയുള്ള ഏറ്റവും അടുത്ത ബന്ധുക്കളെയും കയറ്റി 11.30നു ലീയിലുള്ള ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ചര്‍ച്ചില്‍ എത്തിച്ചേർന്നു. മൃതദേഹം വീട്ടില്‍ എത്തുമ്പോഴും പള്ളിയിലേക്ക് പോകുമ്പോഴും നിറകണ്ണുകളോടെ ബന്ധുക്കളും സുഹൃത്തുക്കളും കാത്ത് നിൽക്കുന്നുണ്ടായിരുന്നു.

വികാരി ജനറാൾ മോൺസിഞ്ഞോർ തോമസ് പാറയടിയുടെ പ്രാർത്ഥനകൾക്ക് ശേഷം മ്യതദേഹം ദേവാലയത്തിനകത്തേക്ക് ആനയിച്ചു. തുടർന്ന് അരമണിക്കൂറോളം പൊതുദര്‍ശനം നടത്തി.. ബൈജുവിന്‍റെ സുഹൃത്തുക്കളും ഇടവകക്കാരും ബന്ധുക്കളും ഉള്‍പ്പടെ ഒരു വലിയ ജനസമൂഹം അകാലത്തില്‍ പൊലിഞ്ഞ യുവ സുഹൃത്തിനെ അവസാനമായി കാണാന്‍ പള്ളിയിലേക്ക് ഒഴുകി എത്തി ആദരാഞ്ജലി അർപ്പിച്ചു. നിഷയുടെ നിസ്സഹായമായ നിലവിളിക്ക് മുൻപിലും അപ്പന്‍റെ നഷ്ടമായ സ്നേഹത്തിന് മുന്‍പില്‍ നിശ്ചലമായി നിൽക്കുന്ന മക്കളുടെ നിർവികാരമായ അവസ്ഥയും കണ്ടു വിതുമ്പലടക്കി കരയാന്‍ മാത്രമായിരുന്നു അവിടെ കൂടിയിരുന്നവരുടെ വിധി.

സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ബിഷപ്പ് മാര്‍ ജോസഫ് ശ്രാമ്പിക്കലിന്‍റ മുഖ്യ കാര്‍മ്മികത്വത്തില്‍ ഏഴു വൈദികരൊപ്പം വിശുദ്ധ കുര്‍ബാന ആരംഭിച്ചു.
ഫാ. തോമസ് പാറയടിയെ കൂടാതെ ഫാദര്‍ ജോസഫ് അന്ത്യാംകുളം, ഇടവക വികാരിമാരായ ഫാദര്‍ ഹാന്‍സ് പുതിയകുളങ്ങര, ഫാ. റോയ് മുതുമാക്കല്‍, ബിഷപ്പിന്‍റെ സെക്രട്ടറി ഫാ. ഫാന്‍സുവാ പത്തില്‍, ഫാ. ബിനോയ് നിലയാറ്റിങ്ങല്‍, ഫാ. ഷിജോ ആലപ്പാട്ട് എന്നീ വൈദികരാണ് ബിഷപ്പിനൊപ്പം വിശുദ്ധ കുര്‍ബാനയിൽ സഹകാർമ്മികരായത്.

ബൈജുവിന്‍റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനായി നാട്ടില്‍ നിന്നും നിഷയുടെ പിതാവും മാതാവും എത്തിച്ചേര്‍ന്നിരുന്നു. കൂടാതെ അടുത്ത ബന്ധുക്കളായ ഷാജി, സിബി, കെ. എം. ജോണ്‍, സിജി കെ. ജോര്‍ജ് എന്നിവർ നാട്ടിൽ നിന്നും എത്തിയിരുന്നു.

നിഷയുടെ സഹോദരിയുടെ ഭര്‍ത്താവ് സനീഷ്, ബൈജുവിന്‍റെ അടുത്ത സുഹൃത്ത് കൂടിയായിരു ഡിജി സെബാസ്റ്റ്യന്‍, മനോജ് ഗോപന്‍, ബ്രോംലി മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് അനു കലയന്‍താനത്ത്, ഡീക്കന്‍ ജോയ്സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു പറ്റം സന്നദ്ധപ്രവർത്തകരാണ് അന്ത്യകര്‍മ്മങ്ങളുടെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ടുക്രമീകരണങ്ങൾ നടത്തിയത് .

ബൈജുവിന്‍റെ മരണത്തിലൂടെ അനാഥരായ കുടുംബത്തെ താമസിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന തമിഴ് നാട്ടുകാരനായ സാമിന്‍റെ കുടുംബത്തെപ്പറ്റി ഫാ: ഹാന്‍സ് പുതിയകുളങ്ങര പ്രത്യേകം സൂചിപ്പിക്കുകയുണ്ടയി.

യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് ബൈജുവിന്റെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി മലയാളി സമൂഹത്തോട് അഭ്യർത്ഥിച്ചിരുന്നു. ഇക്കാര്യത്തിന് വളരെയേറെ നല്ല പ്രതികരണമാണ് ലഭിച്ചതെന്നാണ് അറിയുന്നത്. ബൈജുവിന്റെ കുടുംബത്തിന് ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ സി ഡബ്ല്യു എയുടെ വെല്‍ഫെയര്‍ ഓഫീസര്‍ മംഗളവദനന്‍ വിദ്യസാഗര്‍ ബൈജുവിന്‍റെ മരണത്തെ തുടർന്ന് കുടുംബത്തിന് എല്ലാ പിന്തുണയും നല്കിയിരുന്നു. അദ്ദേഹമാണ് വളരെ കറഞ്ഞ നിരക്കില്‍ ഫ്യൂണറല്‍ സര്‍വ്വീസ് ഏജന്‍സിയെ കണ്ടെത്തി കൊടുത്തത്.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നിരവധി മലയാളികള്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. യുക്മയ്ക്കു വേണ്ടി സാംസ്കാരിക വേദി വൈസ് ചെയര്‍മാന്‍ സി. എ. ജോസഫ്, സാംസ്കാരിക സമിതി അംഗം കുര്യൻ ജോർജ്, എബി സെബാസ്റ്റ്യന്‍, എബ്രഹാം പൊന്നുംപുരയിടം തുടങ്ങിയവർ അന്ത്യമോപചാരമര്‍പ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more