breaking news

news in detail

ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ചലച്ചിത്ര താരം എം.ആര്‍.ഗോപകുമാറെത്തി; ഹീത്രോവില്‍ അദ്ദേഹത്തിന് ഗംഭീര സ്വീകരണം; യുകെ മലയാളികള്‍ക്ക് അതുല്യനായ അഭിനയപ്രതിഭയെ അടുത്തറിയാന്‍ അവസരം

ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ചലച്ചിത്ര താരം എം.ആര്‍.ഗോപകുമാറെത്തി; ഹീത്രോവില്‍ അദ്ദേഹത്തിന് ഗംഭീര സ്വീകരണം; യുകെ മലയാളികള്‍ക്ക് അതുല്യനായ അഭിനയപ്രതിഭയെ അടുത്തറിയാന്‍ അവസരം

ജനുവരി എട്ടിന് ഉദ്ഘാടനം ചെയ്യപ്പെടുന്ന യുകെ മലയാളികളുടെ ആദ്യത്തെ പ്രൈവറ്റ് ക്ലബായ ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയും മുഖ്യ പ്രഭാഷകനുമായി പങ്കെടുക്കുന്ന പ്രശസ്ത സിനിമാ-സീരിയല്‍ താരം എം.ആര്‍.ഗോപകുമാര്‍ ഇന്നലെ യുകെയില്‍ എത്തി. ലണ്ടനിലെ ഹീത്രോ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ അദ്ദേഹത്തെ സണ്ണി പൗലോസ് ബൊക്കെ നല്‍കി സ്വീകരിച്ചു. ക്ലബിന്റെ ഉദ്ഘാടനം അന്നേ ദിവസം ഏവണ്‍ സോമര്‍സെറ്റ് പോലീസ് വൈസ് ചെയര്‍മാന്‍ കൗണ്‍സിലര്‍ ടോം ആദിത്യയാണ് നിര്‍വഹിക്കുന്നത്. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ മനസില്‍ ഇടം നേടിയ ഗോപകുമാറിനെ പോലുള്ള ഒരു നടനപ്രതിഭയെ തന്നെ ഡയമണ്ട് ക്ലബിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി ലഭിച്ചതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് ഭാരവാഹികള്‍ വ്യക്തമാക്കുന്നു.

കര്‍ക്കശമായ നിയമാവലിയെ അവലംബിച്ച് പ്രവര്‍ത്തിക്കുന്ന ക്ലബായിരിക്കും ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബ്. ഫസ്റ്റം കം ഫസ്റ്റ് സെര്‍വ് എന്ന രീതിയിലായിരിക്കും ക്ലബ് പ്രവര്‍ത്തിക്കുന്നത്. അതായത് ഇതില്‍ ആദ്യം അംഗങ്ങളാകുന്നവരായിരിക്കും ആദ്യഘട്ടത്തിലെ ഭാരവാഹികള്‍. തുടര്‍ന്ന് പിന്നീടുള്ള ടേമുകളില്‍ ഓരോ അംഗത്തിനും ഭാരവാഹികളാകുന്നതിനുള്ള അവസരം ലഭിക്കുന്നതാണ്. ഇതില്‍ നിന്നും വ്യത്യസ്തമായി ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബില്‍ ഓരോ അംഗത്തിനും ക്ലബില്‍ ചേര്‍ന്ന ഊഴമനുസരിച്ച് ഭാരവാഹി സ്ഥാനം കിട്ടുമെന്ന് സാരം.ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബ് കുടുംബം, ബിസിനസ്,യാത്ര എന്നീ മൂന്ന് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. അതായത് കുടുംബബന്ധങ്ങള്‍ ഊട്ടി വളര്‍ത്തുന്നതിനുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ക്ലബ് സംഘടിപ്പിക്കുന്നതാണ്. അംഗങ്ങള്‍ക്ക് വിവിധ ഇടങ്ങള്‍ അടുത്തറിയാനുള്ള യാത്രകള്‍ കാലാകാലങ്ങളില്‍ ക്ലബിന്റെ ആഭിമുഖ്യത്തിലുണ്ടാകും. അംഗങ്ങള്‍ക്ക് ഒന്നു ചേര്‍ന്ന് മാന്യമായ ഏത് ബിസിനസ് സംരംഭങ്ങളുമാരംഭിക്കാന്‍ അവസരം ലഭിക്കുന്നതാണ്.

അടുത്തിടെ പുലിമുരുഗന്‍ എന്ന സിനിമയില്‍ ഗോപകുമാര്‍ അവതരിപ്പിച്ച മൂപ്പന്റെ കഥാപാത്രം ആബാലവൃദ്ധം ജനങ്ങളുടെയും മനസില്‍ പതിഞ്ഞിട്ടുണ്ട്. ഇതിലെ മൂപ്പന്റെ ഡയലോഗുകള്‍ മോഹന്‍ലാലിന്റെ മുരുകന്റെ ഡയലോഗുകളോളം തന്നെ ഹിറ്റായിട്ടുണ്ട്. ഈ ഡിസംബര്‍ കഴിയുന്നതോടെ തന്റെ അഭിനയജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിടുകയാണ് ഗോപകുമാറെന്ന് ചിലര്‍ക്കൊന്നും അറിയുകയുണ്ടാവില്ല. ഇതിനിടെ വൈവിധ്യമാര്‍ന്ന ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാന്‍ ഈ പ്രതിഭയ്ക്ക് സാധിച്ചിട്ടുണ്ട്. എന്തിനേറെ ഹോളിവുഡിലെ വിശ്രുത സംവിധായകന്‍ സ്റ്റീഫന്‍ സ്പില്‍ബര്‍ഗ് തന്റെ ദി ലോസ്റ്റ് വേള്‍ഡ് എന്ന ചിത്രത്തിലേക്കുള്ള ഇന്ത്യന്‍ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ വരെ എംആര്‍ ഗോപകുമാറിനെയായിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. എം ആറിന്റെ പ്രതിഭയ്ക്ക് അന്താരാഷ്ട്രതലത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു. എന്നാല്‍ സമയത്തിന് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ലോസ് ഏയ്ജല്‍സിലെ പ്രൊഡക്ഷന്‍ യൂണിറ്റില്‍ അദ്ദേഹത്തിന് എത്താനാവാതെ പോവുകയും ആ അവസരം നഷ്ടപ്പെടുകയുമായിരുന്നു.

1951 സെപ്റ്റംബര്‍ 24ന് കന്യാകുമാരി ജില്ലയിലെ തിരുവട്ടാര്‍ എന്ന ഗ്രാമത്തിലാണ് എം ആര്‍ ജനിച്ചത്. ഹൈസ്‌കൂള്‍ അധ്യാപകനാ എന്‍. രാമകൃഷ്ണന്‍ നായരുടെയും ബി. കമലാഭായ് അമ്മയുടെയും മൂത്തമകനായിട്ടായിരുന്നു ജനനം. 1967ല്‍ തിരുവട്ടാര്‍ സ്‌കൂള്‍ വാര്‍ഷികത്തിന് ടി.എന്‍.ഗോപിനാഥന്‍ നായരുടെ മൃഗം എന്ന നാടകത്തില്‍ അഭിനയിച്ച് കൊണ്ടായിരുന്നു അദ്ദേഹം അഭിനയത്തില്‍ ഹരിശ്രീ കുറിച്ചത്.തുടര്‍ന്ന് മാര്‍ത്താണ്ഡം കോളജില്‍ പ്രീ യൂണിവേഴ്സിറ്റിക്ക് പഠിക്കുമ്പോള്‍ പി.ജെ ആന്റണിയുടെ കല്യാണച്ചിട്ടി എന്ന നാടകത്തില്‍ വേഷമിട്ടു. ഇതില്‍ പെണ്‍വേഷമായിരുന്നു. പിന്നീട് നാഗര്‍കോവിലില്‍ നിന്നും ബ ികോം പൂര്‍ത്തിയാക്കിയ ഗോപകുമാര്‍ തിരുവനന്തപുരത്തെത്തി. അവിടുന്ന് നിനച്ചിരിക്കാതെ വീണ്ടും അരങ്ങില്‍ സജീവമാവുകയായിരുന്നു. തിരുവനന്തപുരം മാര്‍ ഇവാനിയോസില്‍ നിന്നും എംകോം കഴിഞ്ഞിറങ്ങിയ അദ്ദേഹത്തിന് പോസ്റ്റല്‍ ഓഡിറ്റ് വകുപ്പില്‍ നിയമനം ലഭിച്ചിരുന്നു. ഇവിടെ കവി കടമ്മനിട്ട രാമകൃഷ്ന്‍ ,ഗോപകുമാറിന്റെ മേലുദ്യോഗസ്ഥനായിരുന്നു.

അവിടെയുള്ള റിക്രിയേഷന്‍ ക്ലബ് അവതരിപ്പിച്ച് ജി ശങ്കരപ്പിള്ളയുടെ രക്ഷാപുരുഷന്‍ എന്ന നാടകത്തില്‍ തികച്ചും യാദൃശ്ചികമായി അഭിനയിച്ച് കകൊണ്ടായിരുന്നു ഗോപകുമാര്‍ വീണ്ടും അരങ്ങില്‍ സജീവമായത്. തുടര്‍ന്ന് കടമ്മനിട്ടുടെ സുഹൃത്ത് വലയമായ നരേന്ദ്രപ്രസാദ്, പ്രഫ.അലിയാര്‍, എം.കെ ഗോപാലകൃഷ്ണന്‍ തുടങ്ങിവരുടെ ക്യാമ്പില്‍ ഗോപകുമാറും ഉള്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് അവര്‍ എല്ലാവരും കൂടി സ്ഥാപിച്ച നാട്യഗൃഹത്തില്‍ ഗോപകുമാര്‍ മുഖ്യ നടനായി നിരവധി പ്രശസ്തമായ നാടകങ്ങളില്‍ വേഷമിട്ടു. നരേന്ദ്രപ്രസാദായിരുന്നു ഇവയില്‍ മിക്കതിന്റെയും രചന നിര്‍വഹിച്ചിരുന്നത്. തുടര്‍ന്ന് ദൂരദര്‍ശന്‍ മലയാളത്തില്‍ പ്രക്ഷേപണം ആരംഭിച്ചത് ഗോപകുമാറിന് വഴിത്തിരിവായി. അതിലെ നിരവധി ടെലിഫിലിമുകളിലും സീരിയലുകളിലും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു.

അടൂരിന്റെ മതിലുകള്‍ എന്ന ചിത്രത്തിലെ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് അദ്ദേഹം സിനിമയില്‍ ഹരിശ്രീ കുറിക്കുന്നത്. തുടര്‍ന്ന് അടൂരിന്റെ മമ്മൂട്ടി ചിത്രമായ വിധേയനിലെ തൊമ്മി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനും ഗോപകുമാറിന് സാധിച്ചു. അഭിനയവഴിയില്‍ നിരവധി പുരസ്‌കാരങ്ങളും ഈ പ്രതിഭയ്ക്ക് ലഭിച്ചിട്ടുണ്ട്. 1993ല്‍ കേരള സര്‍ക്കാരിന്റെ സ്പെഷ്യല്‍ അവാര്‍ഡ് ഫോര്‍ ഔട്ട് സ്റ്റാന്‍ഡിംഗ് പെര്‍ഫോമന്‍സ് അവാര്‍ഡ് ഇദ്ദേഹത്തിന് വിധേയനിലെ തൊമ്മിയിലൂടെ ലഭിച്ചു. 1999ല്‍ ഗോപാലന്‍ നായരുടെ താടിയെന്ന ചിത്രത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ചരണ്ടാമത്ത നടനുള്ള അവാര്‍ഡും ലഭിച്ചിരുന്നു. ഇതിന് പുറമെ കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡുകള്‍ അഞ്ച് തവണ നേടിയിട്ടുണ്ട്. ഭൂതക്കണ്ണാടി,സൂസന്ന, നെയ്ത്തുകാരന്‍,പാഠം ഒന്ന് ഒരു വിലാപം, നേരറിയാന്‍ സിബിഐ, ഉടയോന്‍, വിലാപങ്ങള്‍ക്കപ്പുറം, മാടമ്പി, തുടങ്ങി 60ല്‍ അധികം സിനിമകളില്‍ ഗോപകുമാര്‍ അഭിനയിച്ചിട്ടുണ്ട്

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more