1 GBP = 103.12

ബ്രിസ്റ്റോൾ – കാർഡിഫ് റീജിയനിൽ അഭിഷേകാഗ്നി കൺവൻഷൻ പെയ്തിറങ്ങി; അഭിഷേകാഗ്നി കൺവൻഷൻ സമാപനം ഇന്ന് ലണ്ടനിൽ….

ബ്രിസ്റ്റോൾ – കാർഡിഫ് റീജിയനിൽ അഭിഷേകാഗ്നി കൺവൻഷൻ പെയ്തിറങ്ങി; അഭിഷേകാഗ്നി കൺവൻഷൻ സമാപനം ഇന്ന് ലണ്ടനിൽ….

ഫാ. ബിജു ജോസഫ്

ബ്രിസ്റ്റോൾ – കാർഡിഫ്: എല്ലാവരെയും ആകർഷിക്കുന്ന ദൈവവചനത്തിന്റെ ആകർഷണശക്തി വിശ്വാസി ഹൃദയങ്ങളെ സ്പർശിച്ചപ്പോൾ കാർഡിഫിൽ കോർപസ് ക്രിസ്റ്റി ഹൈസ്കൂൾ ജനസാഗരമായി മാറി. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ പ്രഥമ അഭിഷേകാഗ്നി കൺവൻഷന്റെ ബ്രിസ്റ്റോൾ – കാർഡിഫ് റീജിയൺ ധ്യാനം സമൃദ്ധമായി അനുഗ്രഹങ്ങൾ വിശ്വാസികൾക്ക് സമ്മാനിച്ചു. രാവിലെ 10 മണിക്ക് ജപമാലയുടെ ആരംഭിച്ച കൺവൻഷൻ ദിനത്തിൽ റവ. ഫാ. സേവ്യർ ഖാൻ വട്ടായിലും മറ്റു വൈദികരും ദൈവവചനം പങ്കു വച്ചു.

പ്രാർത്ഥനയിൽ യേശുനാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രതിപാദിക്കവേ, സാധാരണ വാക്കുകളുപയോഗിച്ച് പ്രാർത്ഥിക്കുന്നതിനൊപ്പം “യേശുനാമം” കൂടി ചേർത്തു പ്രാർത്ഥിച്ചാൽ പ്രാർത്ഥന കൂടുതൽ ഫലദായകരമാവുമെന്ന് പ്രധാന പ്രഭാഷകനായിരുന്ന സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ പറഞ്ഞു. യേശുനാമത്തിന്റെ ശക്തിയിൽ വിശ്വസിച്ചു പ്രാർത്ഥിച്ചവർക്ക് ലഭിച്ച നിരവധി അനുഗ്രഹങ്ങളുടെയും അത്ഭുതങ്ങളുടെയും സാക്ഷ്യങ്ങളും വേദിയിൽ പ്രതിപാദിച്ചു.

എല്ലാ ആരാധനകളുടെയും പൂർത്തീകരണം വിശുദ്ധ ബലിയർപ്പണമാണെന്ന് ദിവ്യബലിയർപ്പിച്ച് വചനസന്ദേശം നൽകിയ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ഈശോയെ കുറിച്ച് തന്നെ പറയുന്നതാണ് സുവിശേഷപ്രഘോഷണമെന്നും അത്തരത്തിലുള്ള സുവിശേഷവൽക്കരണമാണ് ഇന്നത്തെ കാലത്തിനാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ മനസ്സിൽ ദൈവം പ്രേരിപ്പിക്കുന്ന ചിന്തകളും സാത്താൻ പ്രേരിപ്പിക്കുന്ന ചിന്തകളും ഉണ്ടാവുമെന്നും അതിൽ ദൈവ ചിന്തയ്ക്കനുസരിച്ച് നാം പ്രവർത്തിക്കണമെന്നും പത്രോസിന്റെ ജീവിതത്തെ ഉദ്ധരിച്ച് മാർ സ്രാമ്പിക്കൽ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു.

കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ വിവിധ ശുശ്രൂഷകളിൽ വിശ്വാസികളുടെ സജീവമായ പങ്കാളിത്തം ദൃശ്യമായിരുന്നു. വി. കുർബ്ബാനയിൽ മാർ സ്രാമ്പിക്കലിനൊപ്പം നിരവധി വൈദികരും സഹകാർമ്മികരായി. സുവിശേഷ പ്രഘോഷണങ്ങളുടെ സമയത്ത് വിശ്വാസികൾക്ക് കുമ്പസാരിക്കുന്നതിനും കൗൺസലിംഗിനും സൗകര്യമുണ്ടായിരുന്നു.

അഭിഷേകാഗ്നി കൺവൻഷന്റെ സമാപന ദിനം ഇന്ന് ലണ്ടനിൽ നടക്കും. Allianz Park, Greenlands Lanes, Hendon, London NW4 1RL – ൽ രാവിലെ 9 മുതൽ ശുശ്രൂഷകൾ ആരംഭിക്കും. കോ-ഓർഡിനേറ്റർ റവ. ഫാ. ജോസ് അന്ത്യാംകുളത്തിന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ബ്രിസ്റ്റോൾ – കാർഡിഫ് കൺവൻഷന്‌ റവ. ഫാ. പോൾ വെട്ടിക്കാട്ടിന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more