1 GBP = 103.90

തിരുവചന പ്രഭയുടെ കലാവിരുന്ന് ബ്രിസ്റ്റോളിൽ; റീജിയണൽ തലത്തിലെ വിജയികൾ മാറ്റുരയ്ക്കുന്ന രൂപതാതല കലാമത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി, സ്രാമ്പിക്കൽ പിതാവിന്റെ സാന്നിധ്യം മുഴുവൻ സമയവും…

തിരുവചന പ്രഭയുടെ കലാവിരുന്ന് ബ്രിസ്റ്റോളിൽ; റീജിയണൽ തലത്തിലെ വിജയികൾ മാറ്റുരയ്ക്കുന്ന രൂപതാതല കലാമത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി, സ്രാമ്പിക്കൽ പിതാവിന്റെ സാന്നിധ്യം മുഴുവൻ സമയവും…

ഫാ. ബിജു ജോസഫ്

ബ്രിസ്റ്റോൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ എട്ടു റീജിയണുകളിലായി നടന്ന പ്രാഥമികതല മത്സരങ്ങളിലെ വിജയികൾ നാളെ ബ്രിസ്റ്റോളിലെത്തുന്നു. ദൈവം ദാനമായി നൽകിയ കലാസിദ്ധികളിലൂടെ ദൈവത്തെ മഹത്വപ്പെടുത്താൻ കഴിഞ്ഞ കുറെയേറെ വർഷങ്ങളായി ബ്രിസ്റ്റോൾ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി വന്നിരുന്ന “ബ്രിസ്റ്റോൾ ബൈബിൾ കലോത്സവം” ഈ വർഷം മുതൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കുടക്കീഴിലാകുമ്പോൾ കൂടുതൽ മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും കൂടുതൽ മികച്ച കലാപ്രകടനങ്ങൾ കൊണ്ടും ശ്രദ്ധ നേടുകയാണ്. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഡയറക്ടർ റവ. ഫാ. പോൾ വെട്ടിക്കാട്ട് പറഞ്ഞു.

യൂറോപ്പിൽ സീറോ മലബാർ സഭയുടെ നേതൃത്വത്തിലുള്ള ഏറ്റവും വലിയ ബൈബിൾ കലോത്സവം എന്ന ഖ്യാതി നേടിയിരിക്കുന്ന ഈ കലാമാമാങ്കത്തിൽ അഞ്ചൂറിലധികം വ്യക്തിഗത ഇനങ്ങളിലും അറുപത്തഞ്ചോളം ഗ്രൂപ്പ് ഇനങ്ങളിലും 850 ൽ അധികം കലാകാരന്മാരും കലാകാരികളുമാണ് പങ്കെടുക്കുന്നത്. 11 സ്റ്റേജുകളിലായി 21 ഇനങ്ങളിൽ മത്സരാർത്ഥികൾ പങ്കെടുക്കും. ഓരോ സ്റ്റേജിനും വേണ്ട ക്രമീകരണങ്ങൾ ചെയ്യുവാനുള്ളവരുടെയും മത്സരങ്ങൾക്ക് വിധികർത്താക്കളാകാനുള്ളവരുടെയും നിയമനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.

ഓരോ റീജിയണിൽ നിന്നും മത്സരിക്കാനെത്തുന്നവർക്ക് നേതൃത്വം നൽകാൻ അതാത് റീജിയണിൽ നിന്നും ബഹു. വൈദികരുടെയും അൽമായ ലീഡേഴ്‌സിന്റെയും സേവനം ലഭ്യമായിരിക്കും. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ ബൈബിൾ കലോത്സവമെന്ന പ്രത്യേകത പരിഗണിച്ച് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നാളെ മുഴുവൻ സമയവും ബ്രിസ്റ്റോളിൽ ചിലവഴിക്കും.

കലോത്സവ ഡയറക്ടർ റവ. പോൽ വെട്ടിക്കാട്ടിന്റെയും ജോ. ഡയറക്ടർ റവ. ഫാ. ജോയി വയലിലിന്റെയും വിവിധ കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിൽ അതിവിപുലമായ സൗകര്യങ്ങളാണ് മത്സരത്തിൽ പങ്കെടുക്കാനെത്തുന്നവർക്കായി ക്രമീകരിച്ചിരിക്കുന്നത്. ഓരോ റീജിയണിന്റെയും ചുമതല വഹിക്കുന്നവർക്ക് ഇതിനോടകം പ്രത്യേക ക്ഷണക്കത്തുകൾ അയച്ചു കഴിഞ്ഞു. ദൂരെ നിന്നും എത്തുന്നവർക്ക് പ്രഭാത ഭക്ഷണമുൾപ്പടെ മത്സരത്തിൽ പങ്കെടുക്കാനെത്തുന്ന എല്ലാവർക്കും ഭക്ഷണം ലഭിക്കാനുള്ള സൗകര്യങ്ങൾ, ട്രെയിൻ, ബസ് സ്റ്റേഷനുകളിൽ എത്തുന്നവർക്ക് തുടർന്ന് ആവശ്യമായ ഗതാഗത സൗകര്യങ്ങൾ, മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ മറ്റു ക്രമീകരണങ്ങൾ തുടങ്ങിയവയെല്ലാം ഏർപ്പാടാക്കിയിട്ടുണ്ട്.

ഇന്ന് വൈകീട്ട് സന്ധ്യാപ്രാർത്ഥനയോടെ കലോത്സവ ദിനത്തിനായി രൂപതാ കുടുംബം ഒന്നാകെ പ്രാർത്ഥിച്ചു ഒരുങ്ങും. തിരുക്കർമ്മങ്ങൾക്ക് മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകും. കലാവാസനകളിലൂടെ കുട്ടികൾ തന്നെ വചനപ്രഘോഷകരാകുന്ന ഈ ബൈബിൾ കലോത്സവത്തെ രൂപത ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ദൈവാനുഗ്രഹങ്ങളും വിജയാശംസകളും നേരുന്നതായും മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more