1 GBP = 104.17

ഓണം ആഘോഷിക്കണമെങ്കില്‍ ഇങ്ങനെ ആഘോഷിക്കണം; തൊള്ളായിരത്തോളം പേര്‍ക്ക് സ്വന്തമായി ഒരുക്കിയ ഓണസദ്യയും ആര്‍പ്പുവിളികളും ഓണക്കളികളുമായി മനസ്സില്‍ ആവേശമായി ബ്രിസ്‌കയുടെ ഓണാഘോഷം; ബ്രിസ്റ്റോള്‍ മറക്കില്ല ഈ ആഘോഷം!

ഓണം ആഘോഷിക്കണമെങ്കില്‍ ഇങ്ങനെ ആഘോഷിക്കണം; തൊള്ളായിരത്തോളം പേര്‍ക്ക് സ്വന്തമായി ഒരുക്കിയ ഓണസദ്യയും ആര്‍പ്പുവിളികളും ഓണക്കളികളുമായി മനസ്സില്‍ ആവേശമായി ബ്രിസ്‌കയുടെ ഓണാഘോഷം; ബ്രിസ്റ്റോള്‍ മറക്കില്ല ഈ ആഘോഷം!

ജെഗി ജോസഫ്, പി.ആര്‍.ഒ, ബ്രിസ്‌ക

ആര്‍പ്പുവിളികളോടെ മാവേലിയെ വരവേല്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് എന്നും അഭിമാനവും ആവേശവുമാണ്, അത് കേരളത്തില്‍ അല്ലെങ്കില്‍ പോലും…നാടിനെ വിട്ടു ജീവിയ്ക്കേണ്ടി വന്നാലും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് ജാതിമത വ്യത്യാസമില്ലാതെയുള്ള ഓണാഘോഷം. കേരളത്തിന്റെ തനതു വേഷത്തിലെത്തി ആഘോഷത്തിന്റെ പൂര്‍ണ്ണതയില്‍ ഏവരും ഓണം കൊണ്ടാടും…

ഓണസദ്യയും ഓണകളികളും ഓണപ്പാട്ടും തിരുവാതിരയും ഒക്കെയായി മറക്കാനാകാത്ത മറ്റൊരു ഓണാഘോഷമാണ് ബ്രിസ്‌ക ഇക്കുറിയും ഒരുക്കിയത്. ഒരുമയുടെ ഉത്സവമാണ് ഓണം. സദ്യഒരുക്കാനും മറ്റ് ആഘോഷപരിപാടികള്‍ക്കും ആ ഒത്തൊരുമ തന്നെയാണ് ബ്രിസ്‌ക അസോസിയേഷനിലെ ഓരോ അംഗ അസോസിയേഷനുകളെയും വേറിട്ട് നിര്‍ത്തുന്നതും. മാതൃകയാക്കാവുന്ന രീതിയില്‍ ഒരുക്കിയ സദ്യവട്ടങ്ങള്‍ തന്നെ ശ്രദ്ധേയം.

12 മണിയോടെ ഓണ സദ്യ ആരംഭിച്ചു. ഏകദേശം 900 പേര്‍ക്ക് അംഗങ്ങള്‍ തന്നെ സ്വന്തമായി ഓണ സദ്യയൊരുക്കി. അതും 24 കൂട്ടം വിഭവങ്ങളുമായി..ഓണസദ്യയ്ക്കിടയില്‍ ബ്രിസ്റ്റോളിലെ ഗായകര്‍ മനോഹരമായ ഗാനങ്ങള്‍ ആലപിച്ചു. ഓണാഘോഷത്തിന്റെ തുടക്കമായി ഗംഭീര ഓണസദ്യ മാറി. വിവിധ അംഗ അസോസിയേഷനുകളില്‍ പാകം ചെയ്ത് മുഴുവന്‍ ആള്‍ക്കാര്‍ക്ക് ഉള്ള ഭക്ഷണം എത്തിക്കുക എന്നത് തന്നെയാണ് ഈ കൂട്ടായ്മയ്ക്ക് കിട്ടേണ്ട ഏറ്റവും വലിയ അനുമോദനം. 900 ത്തിലധികം പേര്‍ക്ക് സ്വയം പാചകം ചെയ്ത് സദ്യ ഒരുക്കുന്ന യുകെയിലെ ഏക അസോസിയേഷനാണ് ബ്രിസ്‌ക . സ്നേഹത്തിന്റേയും സഹകരണത്തിന്റേയും പൂര്‍ണ്ണതയാണ് ഓണാഘോഷമെന്ന് ഇക്കുറിയും തെളിയിച്ചു അംഗങ്ങളെല്ലാം…

ഓണാഘോഷത്തിനെത്തിയവര്‍ക്കെല്ലാം ചെറിയൊരു നിരാശയായിരുന്നു ബിബിസിയില്‍ നിന്നുള്ള കാലാവസ്ഥ അറിയിപ്പ്. മഴദിവസമെന്ന് മുന്നറിയിപ്പ് നല്‍കിയതിനാല്‍ ഓണക്കളികളികളുടെ നിറം മങ്ങുമോ എന്ന ആശങ്ക ഏവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ കാലാവസ്ഥ പോലും അനുകൂലമായി .. മഴ മാറിനിന്നു ഈ ആഘോഷങ്ങള്‍ക്ക് മുന്നില്‍..

ആവേശത്തിന്റെ പാരമ്യതയില്‍ എത്തുന്ന ഓണക്കളി മത്സരമാണ് വടംവലി. ഒരു പ്രൊഫഷണല്‍ ടച്ചോടെ ഏവരും തങ്ങളുടെ ഹരം പിടിപ്പിക്കുന്ന ആര്‍പ്പുവിളിയുമായി വടംവലി മത്സരത്തില്‍ പങ്കെടുത്തു. കടുത്ത മത്സരമാണ് ഇക്കുറിയും നടന്നത്. ഒടുവില്‍ യുബിഎംഎയുടെ ചുണക്കുട്ടന്മാര്‍ ഒന്നാം സ്ഥാനം നേടി. വനിതകളുടെ വടംവലി മത്സരത്തില്‍ ഫിഷ്പോണ്ട്സ് സ്നേഹ അയല്‍ക്കൂട്ടത്തിലെ ചുണക്കുട്ടികള്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി.

ചില ഓണക്കളികള്‍ എന്നും നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്നവയാണ്. അവയെയും ഭാഗമാക്കി ബ്രിസ്‌ക. കല്ലുകളി,ഈര്‍ക്കിലി കളി തുടങ്ങി രസകരമായ മത്സരങ്ങള്‍ നടന്നു. വടം വലി മത്സരത്തിന് ശേഷം കലാപരിപാടികള്‍ ആരംഭിച്ചു.40 ഓളം കുട്ടികള്‍ അണിനിരന്ന ഓപ്പണിങ് ഡാന്‍സ് ശ്രദ്ധേയമായിരുന്നു. ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ ഫലം കാണുകയായിരുന്നു വേദിയില്‍ . പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി ഓപ്പണിങ് ഡാന്‍സ് മാറി.

മാവേലിയുടെ വരവും വളരെ വ്യത്യസ്ഥമായിരുന്നു. ഒറ്റ കുതിരയെ കെട്ടിയ തേരില്‍ എഴുന്നള്ളിയ മഹാബലിയെ ബ്രിസ്‌കയുടെ പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് സ്വീകരിച്ചു. ഓണഘോഷ ഉത്ഘാടന സമ്മേളനത്തില്‍ ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യു അധ്യക്ഷനായി. ബ്രിസ്‌ക സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു.

തുടര്‍ന്ന് പൊതുസമ്മേളനത്തില്‍ ബ്രാഡ്ലി സ്റ്റോക്ക് ടൗണ്‍ കൗണ്‍സിലര്‍ ടോം ആദിത്യയും മാവേലിയും ബ്രിസ്‌ക പ്രസിഡന്റും മറ്റ് ഭാരവാഹികളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. ജിസിഎസ് സി ,എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് കാഷ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. വടംവലി മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് പൊതു യോഗത്തില്‍ വച്ച് സമ്മാനം നല്‍കി. അര്‍ഹതപ്പെട്ടവരെ അംഗീകരിക്കുകയും അനുമോദിക്കുകയും ചെയ്തു ഈ വേദി…

ബ്രിസ്‌കയുടെ സുന്ദരികളായ മങ്കമാര്‍ അണിയിച്ചൊരുക്കിയ തിരുവാതിര കളിയോടെയാണ് കലാപരിപാടികള്‍ ആരംഭിച്ചത്. ഓപ്പണിങ്ങ് ഡാന്‍സ് മനോഹരമായി അണിയിച്ചൊരുക്കിയ മെര്‍ലിന്‍ തോമസിനെ യോഗത്തില്‍ പ്രത്യേകം അനുമോദിച്ചു.

തുടര്‍ന്ന് ബ്രിസ്‌കയുടെ 17ഓളം അംഗ അസോസിയേഷനുകളുടെ വിവിധ പരിപാടികള്‍ അരങ്ങേറി.ബ്രിസ്‌ക ആസ്‌കിന്റെയും യുബിഎംഎയുടേയും സ്നേഹയുടേയും മറ്റ് അംഗ അസോസിയേഷനുകളുടേയും കുട്ടികള്‍ മത്സരിച്ച് മനോഹരമായി പരിപാടികള്‍ അവതരിപ്പിച്ചു. ചെറിയ കുട്ടികളുടേയും മുതിര്‍ന്നവരുടേയും പരിപാടികള്‍ ഗംഭീരമായി. അടുത്ത ഓണം വരെ ബ്രിസ്റ്റോള്‍ മലയാളികള്‍ക്ക് മനസില്‍ സൂക്ഷിക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു കൊണ്ടാണ് ഓണാഘോഷത്തിന് വിരാമമായത്.

ബ്രിസ്‌കയ്ക്ക് വേണ്ടി അതിമനോഹരമായ പൂക്കളം ഒരുക്കിയ സുദര്‍ശനന്‍ നായരും കുടുംബവും എല്ലാവര്‍ഷത്തേയും പോലെ ഈ വര്‍ഷകവും മികവു കാട്ടി. ഹൃദ്യമായ പൂക്കളം തന്നെയാണ് കുടുംബം ഒരുക്കിയത്. അസോസിയേഷന്‍ അംഗങ്ങള്‍ക്കെല്ലാം ഭക്ഷണം ഒരുക്കിയ അംഗ അസോസിയേഷനുകള്‍ക്ക് ജോയ്ന്റ് സെക്രട്ടറി ശ്രീനിവാസന്‍ നന്ദി രേഖപ്പെടുത്തി. മുഴുവന്‍ ബ്രിസ്‌ക അംഗ അസോസിയേഷനുകളുടേയും ചിട്ടയായ മുന്നൊരുക്കവും അര്‍പ്പണ മനോഭാവവുമാണ് പരിപാടി ഇത്രയും മികവുറ്റതാക്കാന്‍ കാരണം.

ഭക്ഷണം ഒരുക്കിയ അംഗങ്ങള്‍, പൂക്കളമൊരുക്കിയ സുദര്‍ശനന്‍ നായര്‍ക്കും വൈകീട്ടത്തെ കാന്റീനൊരുക്കിയ മന്ന കാറ്ററിംഗ് സര്‍വീസസിനും ബ്രിസ്‌കയുടെ ഓണാഘോഷ പരിപാടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്ത ഗര്‍ഷോം ടിവിയ്ക്കും പ്രത്യേകം പ്രത്യേകമായി ജോയിന്റ് സെക്രട്ടറി നന്ദി അറിയിച്ചു. ഒരുപിടി ഓര്‍മ്മകള്‍ സമ്മാനിച്ച് അടുത്ത വര്‍ഷം ഇതിലും നല്ലൊരു ഓണാഘോഷം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ഏവരും വീട്ടിലേക്ക് മടങ്ങി.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more