1 GBP = 103.84
breaking news

ജര്‍മ്മനിയ്‌ക്കെതിരേ ബ്രസീലിന് താല്‍ക്കാലിക ആശ്വാസം ; അര്‍ജന്റീനയെ സ്‌പെയിന്‍ തകര്‍ത്തുവിട്ടു ; ഇംഗ്ലണ്ടിന് സമനില

ജര്‍മ്മനിയ്‌ക്കെതിരേ ബ്രസീലിന് താല്‍ക്കാലിക ആശ്വാസം ; അര്‍ജന്റീനയെ സ്‌പെയിന്‍ തകര്‍ത്തുവിട്ടു ; ഇംഗ്ലണ്ടിന് സമനില

ലോകകപ്പിന് തൊട്ടുമുമ്പുള്ള സൗഹൃദ മത്സരങ്ങളില്‍ ബ്രസീലിന് ജര്‍മ്മനിക്കെതിരേ താല്‍ക്കാലിക ആശ്വാസം കിട്ടിയപ്പോള്‍ അര്‍ജന്റീന സ്‌പെയിനോട് തകര്‍ന്നു. കിരീട പ്രതീക്ഷയുമായി ഇറങ്ങുന്ന അര്‍ജന്റീനയെ സന്നാഹ മത്സരത്തില്‍ 6-1 നായിരുന്നു സ്‌പെയിന്‍ തകര്‍ത്തെറിഞ്ഞത്. ബ്രസീല്‍ ഗബ്രിയേല്‍ ജീസസിന്റെ ഗോളില്‍ ജര്‍മ്മന്‍ പടയ്ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചു. ഇംഗ്‌ളണ്ട് ഇറ്റലിയോട് ഒരു ഗോള്‍ സമനില വഴങ്ങി.

സ്‌പെയിനില്‍ നിന്നും ഞെട്ടിക്കുന്ന തോല്‍വിയാണ് മെസ്സിയുടെ നാട്ടുകാരായ കൂട്ടുകാരുടെ സംഘത്തിനു നേരിടേണ്ടി വന്നത്. ഉജ്വല ഫോമില്‍ കളിക്കുന്ന സ്‌പെയിന്‍ ഇസ്‌കോയുടെ ഹാട്രിക്കിന്റെയും ഡിയാഗോ കോസ്റ്റ, തിയാഗോ അലക്‌സാന്‍ഡ്ര, ലാഗോ അസ്പാസ് എന്നിവരുടെ ഗോളുകളിലാണ് അര്‍ജന്റീനയെ തകര്‍ത്തത്. 39 ാം മിനിറ്റില്‍ ഓട്ടാമെന്‍ഡി അര്‍ജന്റീനയുടെ ആശ്വാസഗോള്‍ നേടി. പരിക്കേറ്റിരിക്കുന്ന മെസ്സി അര്‍ജന്റീനയ്ക്ക് കളിച്ചതുമില്ല. കൂട്ടുകാര്‍ എട്ടു നിലയില്‍ പൊട്ടുന്നത് താരം നിരാശയോടെ സ്റ്റാന്റില്‍ ഇരുന്നു കാണുകയും ചെയ്തു.

ഇതോടെ 2016 യുറോയിലെ നോക്കൗട്ട് സ്‌റ്റേജില്‍ നിന്നും പുറത്തായ ശേഷം 2010 ചാമ്പ്യന്മാരായ സ്‌പെയിന്‍ പരാജയപ്പെടാതെ 18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും ലോകചാമ്പ്യന്‍ പട്ടത്തിനുള്ള സാധ്യത കൂട്ടി. കാറ്റാലന്‍ വാദത്തിന് പിന്തുണ നല്‍കിയ ബാഴ്‌സതാരം ജറാഡ് പിക്വേ ഓരോ തവണ പന്തില്‍ തൊടുമ്പോഴും നാട്ടുകാര്‍ കൂകിയാര്‍ത്തിരുന്നു. ലോകകപ്പില്‍ യൂറോ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനെതിരേയുള്ള ആദ്യ മത്സരത്തിന് മുമ്പായി സ്‌പെയിന് സ്വിറ്റ്‌സര്‍ലണ്ടിനും ടുണീഷ്യയ്ക്കും എതിരേ രണ്ടു സൗഹൃദ മത്സരങ്ങള്‍ കൂടിയുണ്ട്.

മറുവശത്ത് കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ബെലേ ഹൊറിസോണ്ടയില്‍ 7-1 ന് ജര്‍മ്മനിയോടേറ്റ പടുകൂറ്റന്‍ തോല്‍വിയുടെ പശ്ചാത്തലത്തിലായിരുന്നു ബ്രസീല്‍ ബര്‍ലിനില്‍ കളിക്കിറങ്ങിയത്. 37 ാം മിനിറ്റില്‍ ജീസസിന്റെ ഗോളില്‍ ഒരു ഗോള്‍ വിജയം നേടാന്‍ കഴിഞ്ഞത് ലോകകപ്പിന് മുമ്പ് അവര്‍ക്ക് ചെറിയ ആശ്വാസമായിട്ടുണ്ട്. കഴിഞ്ഞ 23 മത്സരങ്ങള്‍ അപരാജിതമായി മുന്നേറിയ ശേഷമാണ് ജര്‍മ്മന്‍ടീം ഒരു കളി തോല്‍ക്കുന്നത്. 2016 യൂറോയില്‍ ഫ്രാന്‍സിനോട് ഏറ്റ 2-0 തോല്‍വിയാണ് ഇതിന് മുമ്പ് ജര്‍മ്മനി നേരിട്ടത്. 16 ജയവും ആറ് സമനിലയും വഴങ്ങിയ ശേഷമാണ് ജര്‍മ്മനി തോല്‍വി അനുഭവിക്കുന്നത്. വെള്ളിയാഴ്ച സ്‌പെയിനോട് 1-1 സമനില വഴങ്ങിയ ശേഷം ആറു മാറ്റങ്ങളുമായിട്ടാണ് ബ്രസീലിനെതിരേ അവര്‍ കളിക്കാനിറങ്ങിയത്. 37 ാം മിനിറ്റില്‍ ജീസസിന്റെ ഒരു പവര്‍ ഹെഡ്ഡര്‍ തടയുന്നതിനിടയില്‍ ജര്‍മ്മന്‍ ഗോളി കെവിന്‍ ട്രാപ്പ് വീണുപോകുകയും പന്ത് വര കടക്കുകയുമായിരുന്നു.

ഇംഗ്‌ളണ്ടിന് ലോകകപ്പ് യോഗ്യത നേടാതെപോയ ഇറ്റലിയുമായി സമനില വഴങ്ങാനായിരുന്നു യോഗം. ജാമി വാര്‍ഡിയുടെ ഗോളില്‍ 26 ാം മിനിറ്റില്‍ തന്നെ മുന്നില്‍ കടന്ന അവരെ 87 ാം മിനിറ്റില്‍ ഇന്‍സൈന്‍ നേടിയ പെനാല്‍റ്റി ഗോളില്‍ ഇറ്റലി പിടിച്ചു നിര്‍ത്തുകയായിരുന്നു. വെംബ്‌ളിയില്‍ നടന്ന കഴിഞ്ഞ 20 മത്സരങ്ങളില്‍ ഒരെണ്ണം മാത്രമാണ് ഇംഗ്‌ളണ്ട് തോറ്റിട്ടുള്ളൂ. 2016 മാര്‍ച്ചില്‍ നെതര്‍ലണ്ടിനോട് തോറ്റ ശേഷം ഒരു അന്താരാഷ്ട്ര മത്സരം പോലും ഇംഗ്‌ളണ്ട് ഇവിടെ തോറ്റിട്ടില്ല. സ്വിറ്റ്‌സര്‍ലന്റ് പാനമയെ 6-0 ന് തകര്‍ത്തതാണ് മറ്റൊരു കൂറ്റന്‍ വിജയം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more