1 GBP = 103.84
breaking news

അണ്ടർ 17 ലോകകപ്പ്: ഉത്തര കൊറിയെ തോല്പിച്ച് ബ്രസീലും കരുത്തരായ ജർമ്മിനിയെ പുറത്താക്കി ഇറാനും പ്രീക്വാർട്ടറിൽ

അണ്ടർ 17 ലോകകപ്പ്: ഉത്തര കൊറിയെ തോല്പിച്ച് ബ്രസീലും കരുത്തരായ ജർമ്മിനിയെ പുറത്താക്കി ഇറാനും പ്രീക്വാർട്ടറിൽ

കൊച്ചി: ഇന്ത്യയിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് മത്സരത്തിൽ രണ്ടാം ജയത്തോടെ ബ്രസീലും കരുത്തരായ ജർമനിയെ തോൽപ്പിച്ച ഇറാനും പ്രീ ക്വാർട്ടർ ഫൈനലിലെത്തി. ഉത്തര കൊറിയയ്‌ക്കെതിരെ കൊച്ചിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീൽ വിജയം കണ്ടത്. ഗോവയിൽ നടന്ന മറ്റൊരു മത്സരത്തിൽ കാൽപ്പന്തുകളിയിലെ വൻശക്തിയായ ജർമനിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് അട്ടിമറിച്ചാണ് ഇറാൻ പ്രീ ക്വാർട്ടറിലെത്തിയത്.
കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ മഞ്ഞപ്പടയുടെ കളി കാണാനെത്തിയവരെ നിരാശരാക്കാത്ത പ്രകടനമാണ് ബ്രസീൽ ടീം പുറത്തെടുത്തത്. ഗോളൊഴിഞ്ഞുനിന്ന ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു ബ്രസീലിന്റെ ഗോളുകൾ. സ്‌പെയിനിനെതിരായ ആദ്യപോരാട്ടത്തിൽ ടീമിനു വിജയം സമ്മാനിച്ച ലിങ്കനും പൗളീഞ്ഞോയും ഇത്തവണയും ഗോൾനേട്ടം ആവർത്തിച്ചു. 56ആം മിനിറ്റിൽ ലിങ്കൻ ഹെഡറിലൂടെയും 61ആം മിനിറ്റിൽ പൗളീഞ്ഞോ തകർപ്പനൊരു ഗ്രൗണ്ടറിലൂടെയും ഉത്തരകൊറിയൻ വല ചലിപ്പിച്ചു. വിജയത്തോടെ രണ്ടു മൽസരങ്ങളിൽനിന്ന് ആറു പോയിന്റുമായി ബ്രസീൽ പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിച്ചു.

ഗോവയിലെ പണ്ഡിറ്റ് ജവഹർ ലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലെ കാണികളെ സാക്ഷിയാക്കി ലോകോത്തര കളിയാണ് ജർമനിയ്‌ക്കെതിരെ ഇറാൻ പുറത്തെടുത്തത്. കളിയുടെ തുടക്കത്തിൽ തന്നെ കളമറിഞ്ഞ് കളിച്ച ഇറാൻ യൂനുസ് ഡെൽഫിയിലൂടെ ആറാം മിനിറ്റിൽ ജർമൻ ഗോൾവല കുലുക്കി. തുടർന്ന് 42ആം മിനിറ്റിൽ ഡെൽഫിയുടെ മനോഹരമായ കോർണർ കിക്കിലൂടെ ഇറാൻ ലീഡുയർത്തി. രണ്ടാം പകുതിയിൽ സെയ്യദും പകരക്കാരനായി ഇറങ്ങിയ വാഹിദ് നംദാരിയും ഓരോ ഗോൾ വീതം നേടിയപ്പോഴേക്കും ജർമൻ വധം പൂർത്തിയായിരുന്നു. തോൽവിയോടെ ഗ്രൂപ്പ് സിയിൽ പിന്നിലായ ജർമനിക്ക് ഗിനിയയ്‌ക്കെതിരെയുള്ള അടുത്ത മത്സരം നിർണായകമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more