യുഎസുമായുള്ള വ്യാപാരബന്ധത്തില്‍ ബ്രിട്ടന്റെ സ്ഥാനം ഒന്നാമതെന്ന് ബോറിസ് ജോണ്‍സണ്‍


യുഎസുമായുള്ള വ്യാപാരബന്ധത്തില്‍ ബ്രിട്ടന്റെ സ്ഥാനം ഒന്നാമതെന്ന് ബോറിസ് ജോണ്‍സണ്‍

യുഎസുമായുള്ള സ്വതന്ത്രവ്യാപാര ബന്ധത്തില്‍ ബ്രിട്ടന്റെ സ്ഥാനം എപ്പോഴും ഒന്നാം സ്ഥാനത്ത് തന്നെയാണ് എന്ന് ബ്രട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കവേയാണ് ബോറിസ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രക്‌സിറ്റ് ഹിതപരിശോധനാ വേളയില്‍ ബ്രക്‌സിറ്റ് നടന്നാല്‍ യുഎസുമായുള്ള വ്യാപാരബന്ധത്തില്‍ ബ്രിട്ടന്റെ സ്ഥാനം പിന്നിലാകുമെന്നായിരുന്നു പ്രസിഡന്റ് ഒബാമ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടായിരുന്നു ട്രംപിന്റേത്. ദിവസങ്ങള്‍ക്കുള്ളില്‍ ട്രംപ് പ്രസിഡന്റാകുന്നതോടെ അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര ബന്ധം ഊഷ്മളമായി തന്നെ തുടരുമെന്നും ബോറിസ് ചൂണ്ടിക്കാട്ടി.

ഒട്ടേറെ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ള ഭരണമാറ്റമാണ് യുഎസില്‍ നടക്കാന്‍ പോകുന്നത് എന്നായിരുന്നു അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷമുള്ള ബോറിസിന്റെ പ്രതികരണം. നാറ്റോ സഖ്യത്തിലെ രണ്ടാമത്തെ വലിയ ശക്തിയും ആഗോള സുരക്ഷ ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വത്തില്‍ അമേരിക്കയുടെ മുഖ്യപങ്കാളിയുമാണ് ബ്രിട്ടനെന്നും ഇതേ ബന്ധം വ്യാപാരക്കാര്യത്തിലും തുടരുമെന്നും ബോറിസ് ചൂണ്ടിക്കാട്ടി. പുതിയ ഭരണസംവിധാനത്തില്‍ പ്രമുഖ സ്ഥാനങ്ങളിലെത്താന്‍ സാധ്യതയുള്ള എല്ലാവരുമായും ബോറിസ് കൂടികാഴ്ച നടത്തിയിരുന്നു. വ്യക്തിബന്ധങ്ങളെക്കാള്‍ ഉപരി ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദത്തിനും ബന്ധത്തിനും ഏറെ പ്രാധാന്യം ഉണ്ടെന്നും ഇത് എക്കാലവും നിലനില്‍ക്കുമെന്നും ബോറിസ് പറഞ്ഞിരുന്നു.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും ബ്രക്‌സിറ്റ് ഹിത പരിശോധനാ വേളയിലും ട്രംപിന്റെ നിലപാടുകളോട് ബ്രിട്ടന്‍ അതിരൂക്ഷമായിട്ടാണ് പ്രതികരിച്ചിരുന്നത്. ട്രംപിന്റെ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളെ ബ്രിട്ടീഷ് ഗവണ്‍മെന്റ് തള്ളിക്കളയുകയും ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ട്രംപ് പ്രസിഡന്റായാല്‍ അമേരിക്ക- ബ്രിട്ടന്‍ ബന്ധം ഉലയുമെന്ന ആശങ്കകള്‍ നിലനില്‍ക്കവേയാണ് ബോറിസ് ജോണ്‍സണ്‍ അധികാരക്കൈമാറ്റത്തിന് മുന്‍പായി തന്നെ അമേരിക്കയിലെത്തി പുതിയ ഭരണസംവിധാനത്തിലെ ഉന്നതരെ സന്ദര്‍ശിച്ചത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 558
Latest Updates