1 GBP = 104.18

എൻ എച്ച് എസിന് ആഴ്ചയിൽ നൂറു മില്യൺ പൗണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസണും കൂട്ടരും

എൻ എച്ച് എസിന് ആഴ്ചയിൽ നൂറു മില്യൺ പൗണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസണും കൂട്ടരും

ബ്രെക്സിറ്റ്‌ നടപ്പാക്കാൻ ടോറി നേതാക്കൾ ഏറ്റവുമധികം ഉപയോഗിച്ച ആയുധമായിരുന്നു എൻ എച്ച് എസിന് കൂടുതൽ ഫണ്ട്. യൂറോപ്യൻ യൂണിയന് നല്‍കുന്ന വന്‍തുകയുടെ ഒരംശം ഉണ്ടെങ്കില്‍ എന്‍എച്ച്എസിന് കോടികള്‍ ധനസഹായം നല്‍കാമെന്ന വാദം ജനങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ ബ്രക്‌സിറ്റ് വിജയിച്ചു. എന്നാല്‍ റഫറണ്ടത്തിന് ശേഷം ഇക്കാര്യത്തിൽ കാര്യമായ പുരോഗതിയൊന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. മാത്രമല്ല ബഡ്ജറ്റിൽ കാര്യമായ തുക ഉൾപ്പെടുത്താനും ശ്രമിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.ഈ അവസരത്തില്‍ എന്‍എച്ച്എസിന്റെ പ്രശ്‌നങ്ങള്‍ വീണ്ടും മുഖ്യധാരയില്‍ എത്തിക്കുകയാണ് ബോറിസ് ജോണ്‍സണ്‍.

ബ്രക്‌സിറ്റ് വിഹിതമായി എന്‍എച്ച്എസിലേക്ക് പണമൊഴുക്കണമെന്ന ഈ ആവശ്യം ബോറിസ് ഇന്നത്തെ ക്യാബിനറ്റ് യോഗത്തില്‍ അവതരിപ്പിക്കും. പ്രതിവര്‍ഷം 5 ബില്ല്യണ്‍ പൗണ്ട് എന്‍എച്ച്എസിന് വകയിരുത്തണമെന്നാണ് ഫോറിന്‍ സെക്രട്ടറി ആവശ്യപ്പെടുന്നത്. ഈ ആവശ്യത്തില്‍ ബോറിസ് ഒറ്റയ്ക്കല്ലെന്നതും ശ്രദ്ധേയമാണ്. മൈക്കിള്‍ ഗോവ്, ജെറമി ഹണ്ട്, ക്രിസ് ഗ്രെയ്‌ലിംഗ്, അന്താരാഷ്ട്ര വികസന സെക്രട്ടറി പെന്നി മോര്‍ഡൗണ്ട് എന്നിവരും ബോറിസ് ജോണ്‍സന് പിന്നില്‍ അണിനിരക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിച്ചാല്‍ എന്‍എച്ച്എസിലേക്ക് കോടികള്‍ ഒഴുകുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ച ബോറിസ് ഇത് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ്.

ഡൗണിംഗ് സ്ട്രീറ്റും, ട്രഷറിയും ഈ നീക്കത്തിന് ഇതുവരെ അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ല. പ്രത്യേകിച്ച് ആഴ്ചയില്‍ 100 മില്ല്യണ്‍ പൗണ്ട് എന്‍എച്ച്എസിന് ഇപ്പോള്‍ നല്‍കാന്‍ തീരുമാനിച്ചാല്‍ അത് ബോറിസ് ജോണ്‍സന്റെ വിജയമായി വിലയിരുത്തപ്പെടും. ഈ ക്രെഡിറ്റ് അദ്ദേഹത്തിന് നല്‍കാതിരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് ആരോപിക്കപ്പെടുന്നു. ബ്രക്‌സിറ്റ് ലാഭം കണക്ക് പരിശോധിച്ച് സ്ഥിരീകരിക്കും മുന്‍പ് ഇത് തീരുമാനിക്കുന്നത് ശരിയാകില്ലെന്ന് അഭിപ്രായപ്പെടുന്നവരും മന്ത്രിസഭയിലുണ്ട്.

ലേബര്‍ പാര്‍ട്ടി ആരോഗ്യ രംഗത്ത് ജനങ്ങള്‍ക്കിടയില്‍ മുന്‍തൂക്കം നേടുന്നതിന്റെ പേരില്‍ അവരുമായി മത്സരിക്കേണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫ് ഗാവിന്‍ ബാര്‍വെല്‍ അഭിപ്രായപ്പെടുന്നത്. എന്‍എച്ച്എസിന് പണം നല്‍കുന്നത് ജോണ്‍സന്റെ വിജയമായി മാറുമെന്ന ഒറ്റ കാരണത്താല്‍ സര്‍ക്കാര്‍ ഇതിനെ എതിര്‍ത്താല്‍ ജനങ്ങള്‍ നാളെ ബോറിസിനെ സ്വീകരിച്ച് മറ്റുള്ളവരെ തള്ളുമെന്ന് ഉറപ്പാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more