1 GBP = 103.12

‘ലിവര്‍പൂളിന്റെ ജലമേളയുടെ ചെമ്പട താളം റഗ്ബിയിലേക്ക്’….

‘ലിവര്‍പൂളിന്റെ ജലമേളയുടെ  ചെമ്പട താളം റഗ്ബിയിലേക്ക്’….

തോമസുകുട്ടി ഫ്രാന്‍സീസ് ലിവര്‍പൂള്‍

ലിവര്‍പൂള്‍: അയ്യെടാ…പോയെടാ.. ഊരെടാ…കുത്തെടാ..
പേടിക്കേണ്ട. ഇതൊരു നാടിന്റെ ആരവമാണ്. അതെ, വിസിലൂത്തിന്റെയും ഇടിത്താളത്തിന്റെയും ചുവടുവച്ച് കൈത്തോടുകളിലൂടെ പാഞ്ഞു പോകുന്ന
ആരവം. ഊരിപ്പോകുന്ന വള്ളിനിക്കര്‍ ഊരിപ്പിടിച്ച് തെന്നിത്തെറിക്കുന്ന നടവരമ്പിലൂടെ ഓടിയെത്തുമ്പോള്‍ കൈതയോലകള്‍ക്കിയിലൂടെ ചിതറി വീഴുന്ന പെരുവെള്ള തുള്ളികള്‍. ചിങ്ങപ്പുലരിയില്‍ വെള്ളിപൂശുന്ന കായല്‍ പരപ്പിലേക്ക് ചാട്ടുളിപോലെ ചീറിപ്പായുന്ന കറുകറുത്ത കളിവള്ളം. ഒന്നിച്ചു പൊങ്ങിത്താഴുന്ന ഒരുപാട് തുഴകളുടെ ദ്രുതതാളം. തുള്ളിത്തുളുമ്പുന്ന മനസ്സില്‍ ഒരു കൊച്ചു തുഴയുമായി , കൊതുമ്പുവള്ളംപോലെ വെമ്പിനില്‍ക്കുന്ന കൊച്ചു കരുമാടിക്കുട്ടന്മാരുടെ ആവേശമാണിത്. കുട്ടനാട്ടിലെ തോട്ടുതീരങ്ങളില്‍ ഇത് അലയടിക്കുമ്പോള്‍, ഇതാ ഇവിടെ ഈശൈത്യഭൂമിയിലും കേരളമക്കളുടെ വള്ളംകളിയോടുള്ള ആവേശം അലയടിച്ചു തുടങ്ങിയിരിക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ജലോല്‍സവമായ നെഹ്‌റു ട്രോഫിക്കുവേണ്ടി കടുത്ത പരിശീലനം തേടുന്ന ചുണ്ടന്‍ വള്ളങള്‍ ഭൂഖണ്ഡങള്‍ക്കപ്പുറത്തുനിന്ന് നമ്മുടെ നേരെ പങ്കായമെറിയുമ്പോള്‍, ഇതാ യുകെ മലയാളി വള്ളംകളി പ്രേമികള്‍ നാളുകളായി ഒളിപ്പിച്ചുവച്ചിരുന്ന ഒരു മോഹംആദ്യമായി ഇവിടെ തുഴയെറിയാന്‍ കൊതിപൂണ്ടുനില്‍ക്കുന്നു.

അതെ, മറ്റൊരു പുന്നമടകായലായി .. പായിപ്പാട്ടാറായി.. കണ്ടശ്ശാംകടവായി.. പമ്പാനദിയായി വാര്‍വിക്ക്ഷയറിലെ Daycote നദീതടം മാറ്റപ്പെടുന്നു. നാളിതുവരെ അവിടെ നടത്തപ്പെട്ടുപോരുന്ന Dragon boat race വള്ളങ്ങളുടെ രൂപഭാവങള്‍ മാറ്റി , തികച്ചും ഓടിവള്ളത്തിന്റെ അമരവും ചുണ്ടും വച്ചുപിടിപ്പിച്ച ഈ ഫൈബര്‍ നിര്‍മ്മിത വള്ളങ്ങള്‍ മലയാളക്കരയിലെ വളളംകളി പ്രേമികള്‍ക്കായി നീറ്റിലിറക്കുകയാണ്. കരയിലും വെള്ളത്തിലും ഒരുപോലെ ആവേശം തിരതല്ലുന്ന ആ ജലോല്‍സവത്തിനായുള്ള ശംഖൊലിക്ക് കാതോര്‍ക്കാന്‍ ഇനി ദിനങ്ങള്‍ മാത്രം ബാക്കി. യുകെ മലയാളി സമൂഹത്തിന്റെ ആത്മാഭിമാനത്തിന്റെ മഹത്തായ ആവിഷ്‌കാരമായ ‘യുക്മ’എന്ന പ്രവാസിമലയാളി കൂട്ടായ്മ അണിയിച്ചൊരുക്കുന്ന മല്‍സര വള്ളംകളി.

അതെ, യൂറോപ്പിലെ തന്നെ പ്രവാസി മലയാളി സമൂഹം ഇദംപ്രഥമമായി ആവിഷ്‌കരിക്കുന്ന ജലോല്‍സവം തന്നെയാണിതെന്ന് യുക്മക്ക് ആത്മാഭിമാനത്തോടുകൂടി പറയുവാന്‍ കഴിയും. ഈ കന്നി അങ്കത്തിനായി യുകെയുടെ വിവിധ മേഖലകളില്‍ നിന്നായി കരുത്തറ്റ 22 ടീമുകളാണ് അരമുറുക്കിയെത്തുന്നത്. ഏകദേശം 450ല്‍ പരം തുഴച്ചില്‍ക്കാര്‍. അതായത് ഒരു മല്‍സര ട്രാക്കില്‍ അണിനിരന്നു കിടക്കുന്ന 4 ചുണ്ടന്‍ വള്ളങ്ങളിലെ തുഴച്ചില്‍ക്കാര്‍ക്കു തുല്യം. കുട്ടനാട്ടിലെ പ്രശസ്തമായ ചുണ്ടന്‍ വള്ളങ്ങളുടെയും അത് പ്രതിനിധാനം ചെയ്യുന്ന ഗ്രാമങ്ങളുടെയും പേരില്‍ അങ്കം കുറിക്കാനെത്തുന്ന 22 ടീമുകളില്‍ ലിവര്‍പൂളിന്റെ ചെമ്പട യുക്മ ട്രോഫിയില്‍ മുത്തമിടാനെത്തുകയാണ്. യൂറോപ്പിന്റെ സാംസ്‌കാരിക നഗരമായി വിളങ്ങുന്ന, മേഴ്‌സീ നദിയുടെ പുളിനത്തില്‍ തലോടലേറ്റു കിടക്കുന്ന ലിവര്‍പൂളിലെ മലയാളി കമ്മ്യൂണിറ്റിയുടെ സ്വന്തം ജവഹര്‍ ബോട്ട് ക്ലബ് തുഴയെറിയാനെത്തുന്നു.

തോമസുകുട്ടി ഫ്രാന്‍സീസ് ക്യാപ്റ്റനായുള്ള ജവഹര്‍ വള്ളത്തില്‍ ലിവര്‍പൂളിന്റെ ചുണക്കുട്ടന്മാര്‍ കന്നി അങ്കത്തിനുള്ള തയ്യാറെടുപ്പിലാണ്. 1990ലെ നെഹൃട്രോഫിയില്‍ ജവഹര്‍ തായങ്കരിചുണ്ടനിലും, പമ്പാബോട്ട്‌റേസില്‍ ചമ്പക്കുളംചുണ്ടനിലും ക്യാപ്റ്റനായിരുന്ന പച്ച സ്വദേശി തോമസുകുട്ടി ഫ്രാന്‍സീസ് , കാല്‍ നൂറ്റാണ്ടിനുശേഷം ഒരു ഈശ്വരനിശ്ചയമായി വീണ്ടുമൊരു തുഴയെറിയലിനു പരിശീലനവും നേതൃത്വവുംകൊടുക്കുകയാണ്. ജവഹര്‍ ബോട്ട് ക്ലബില്‍ പകുതിയില്‍ താഴെ മാത്രമേ കുട്ടനാട്ടുകാരായ തുഴച്ചിക്കാരുള്ളു. മറ്റുള്ളവരെല്ലാംതന്നെ മറ്റു പല ജില്ലകളില്‍ നിന്നുള്ളവരാണ് . എന്നാല്‍ കുട്ടനാട്ടുകാരേക്കാള്‍ ഏറെ ആവേശവും, അര്‍പ്പണമനോഭാവവുമായി അവര്‍ തുഴ കൈയ്യിലടുത്തിരിക്കുകയാണ്.

വള്ളവും വെള്ളവും ഒരുപോലെ തങ്ങള്‍ക്ക് അത്ര പരിചിതമല്ലെങ്കിലും ,ചിട്ടയായ പരിശീലനത്തിലൂടെ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിലാണവര്‍. അതിനായി മെയ്യും മനവും സജ്ജമാക്കുകയാണ് ലിവര്‍പൂളിന്റെ ഈചുണക്കുട്ടന്മാര്‍. ഒരേ താളത്തില്‍ ഒരേ ആവേശത്തില്‍ തുഴയെറിഞ്ഞ് കുതിച്ചുകയറാന്‍. ഇവിടെയുള്ള മലയാളി അസോസിയേഷനുകളുടെയോ, മതവിശ്വാസ കൂട്ടായ്മകളുടെയോ ആഭിമുഖ്യമില്ലാതെ, ഒരു മലയാളി സൗഹൃദകൂട്ടായ്മയുടെ പരിവേഷമാണ് ഈ കരുത്തറ്റ ടീമിനുള്ളത്. അതുകൊണ്ട് തന്നെ വരുംനാളുകളിലെ ക്രിയാത്മകമായ മറ്റു പല പൊതു പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഒരു നാന്ദികുറിക്കല്‍ കൂടിയാണിതെന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഫുട്‌ബോള്‍ കളിക്ക് പ്രശസ്തമായ ലിവര്‍പൂളിന്റെ മണ്ണില്‍ നിന്നുള്ള ഈ മലയാളി ചെമ്പട ഇന്ന് ഉന്നം വയ്ക്കുന്നത് പ്രഥമ യുക്മ ജലോല്‍സവ ട്രോഫി തന്നെ . ലിവര്‍പൂളിലും പരിസര പ്രദേശങ്ങളിലുമായി കായിക- സാമൂഹിക – സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിദ്ധ്യമായി നില്‍ക്കുന്ന ഒരു യുവശക്തിയാണ് ജവവഹര്‍ വള്ളത്തില്‍ അണിനിരക്കുന്നത്.

ഹരികുമാര്‍ ഗോപാലന്‍, തോമസ് ജോണ്‍ വാരികാട്, ജോജോ തിരുനിലം, പോള്‍ മംഗലശ്ശേരി, തൊമ്മന്‍ ലവര്‍പൂള്‍, റ്റോമി നങ്ങച്ചിവീട്ടില്‍, ജോസ് കണ്ണങ്കര, ജോഷി അങ്കമാലി, ജോസ് ഇമ്മാനുവല്‍, സെബാസ്റ്റ്യന്‍ ആന്റണി , ബിജി വര്‍ഗ്ഗീസ്, മോന്‍ വള്ളപ്പുരയ്ക്കല്‍, പ്രിന്‍സ് ജോസഫ്, ജോസഫ് ചമ്പക്കുളം, അനില്‍ ജോസഫ്, നിജു പൗലോസ്, തോമസ് ഫിലിപ്, ജില്‍സ് ജോസ്, ജിനുമോന്‍ ജോസ് എന്നിവരാണ് റഗ്ബിയില്‍ തുഴയെറിയാനെത്തുന്ന ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് അംഗങ്ങള്‍.

ജന്മം കൊണ്ടു കുട്ടനാട്ടുകാരനും, ലിവര്‍പൂളിലെ അറിയപ്പെടുന്ന ഒരു സോളിസിറ്റര്‍ കൂടിയായ ശ്രീ. ഡൊമിനിക് കാര്‍ത്തികപള്ളിയുടെ Dominic& Co Solicitors ആണ് ജവഹര്‍ വള്ളത്തിന്റെ സ്‌പോണ്‍സേഴ്‌സ്. യൂറോപ്പിലെ മലയാളി സമൂഹത്തിന്റെ ഒരു ചരിത്രമായി മാറ്റപ്പെടുന്ന യുക്മ ജലോല്‍സവത്തിനും, ഇതിന് അണിയം പിടിക്കുന്ന യുക്മയുടെ നേതൃത്വ നിരക്കും, മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും ലിവര്‍പൂള്‍ മലയാളി സമൂഹത്തിന്റെ അഭിനന്ദങ്ങളും ആശംസകളും ഇതിലൂടെ അറിയിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more