1 GBP = 103.12

ജലചക്രവര്‍ത്തിയായത് ജവഹര്‍ തായങ്കരി; തോമസ്കുട്ടി ഫ്രാന്‍സിസിന്റെ തകര്‍പ്പര്‍ നേതൃത്വം, ലിവര്‍പൂള്‍ ചെമ്പടയുടെ മിന്നും ജയം

ജലചക്രവര്‍ത്തിയായത് ജവഹര്‍ തായങ്കരി; തോമസ്കുട്ടി ഫ്രാന്‍സിസിന്റെ തകര്‍പ്പര്‍ നേതൃത്വം, ലിവര്‍പൂള്‍ ചെമ്പടയുടെ മിന്നും ജയം
രണ്ടാമത് യുക്മ വള്ളംകളിയില്‍ ജലചക്രവര്‍ത്തിയായത് തായങ്കരി. തോമസ്കുട്ടി ഫ്രാന്‍സിസ് നേതൃത്വം നല്‍​കിയ ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് നേടിയ ഉജ്ജ്വല വിജയത്തിന് ഫാര്‍മൂര്‍ തടാകക്കരയില്‍ തടിച്ച് കൂടിയ ആയിരങ്ങള്‍ സാക്ഷ്യയായി. പ്രാഥമിക റൗണ്ട് മുതല്‍ ആധികാരിക വിജയം നേടിയാണ് ജവഹര്‍ തായങ്കരി മുന്നേറിയത്. കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ തായങ്കരിയും 2017ലെ ജേതാക്കളായ കാരിച്ചാലും (വൂസ്റ്റര്‍ തെമ്മാടീസ്) ഏറ്റുമുട്ടിയ ഇഞ്ചോടിഞ്ച് വാശിയേറിയ പോരാട്ടം നടന്ന സെമിഫൈനലില്‍ കാരിച്ചാലിനെ വീഴ്ത്തിയതോടെ കഴിഞ്ഞ വര്‍ഷം നടന്ന ഫൈനലില്‍ നേരിട്ട പരാജയത്തിന് മധുരമായി പകരം വീട്ടുന്നതിനും കഴിഞ്ഞു.
ലിവര്‍പൂളിന്റെ വിജയശില്പി ക്യാപ്റ്റന്‍ തോമസ്സ്കുട്ടി ഫ്രാന്‍സിസാണെന്ന് നിസ്സംശയം പറയുവാന്‍ കഴിയും. ഏറെ പരിചയസമ്പന്നനായ അദ്ദേഹം 1990ലെ നെഹ്റുട്രോഫിയില്‍ ജവഹര്‍ തായങ്കരി ചുണ്ടനിലും, പമ്പാബോട്ട്‌റേസില്‍ ചമ്പക്കുളം ചുണ്ടനിലും ക്യാപ്റ്റനായിരുന്ന കുട്ടനാട് പച്ച സ്വദേശി തോമസുകുട്ടി ഫ്രാന്‍സീസ്, കാല്‍ നൂറ്റാണ്ടിനു ശേഷം തുഴയെറിയലിനു പരിശീലനവും നേതൃത്വവും കൊടുത്ത് കഴിഞ്ഞ വര്‍ഷം ടീമിനെ എത്തിച്ചപ്പോള്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയാണ് മടങ്ങിയത്. ചിട്ടയായ പരിശീലനത്തിലൂടെ മെയ്യും മനവും സജ്ജമാക്കി ഇത്തവണ ലിവര്‍പൂളിന്റെ ചുണക്കുട്ടന്മാര്‍ ചാമ്പ്യന്‍പട്ടം ലക്ഷ്യമിട്ട് തന്നെയാണ് ഇറങ്ങിയത്. അതിലവര്‍ വിജയിക്കുകയും ചെയ്തു.
ശശി തരൂര്‍ എംപിയില്‍ നിന്നും ജേതാക്കള്‍ക്കുള്ള ചുണ്ടന്‍ വള്ളത്തിന്റെ മാതൃകയിലുള്ള യുക്മ എവര്‍റോളിങ് ട്രോഫി ഏറ്റുവാങ്ങി. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസ് നല്‍കിയത് അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡയറക്ടര്‍ ജോയ് തോമസാണ്. ജേതാക്കള്‍ക്ക് നല്‍കുന്ന ട്രോഫി യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വറുഗ്ഗീസ് എന്നിവര്‍ ചേര്‍ന്ന് നല്‍കി.
വിജയികള്‍ക്ക് പിന്നാലെ അടുത്ത നാല് സ്ഥാനങ്ങള്‍ക്ക് കൂടി ട്രോഫിയും ക്യാഷ് പ്രൈസും നല്കിയിരുന്നു. കന്നിയങ്കത്തിന് ഇറങ്ങിയ ടീമുകളാണ് ഈ നാല് സ്ഥാനങ്ങളും സ്വന്തമാക്കിയത്.
രണ്ടാം സ്ഥാനത്തെത്തിയത് യുക്മയിലെ ഏറ്റവും കരുത്തുറ്റ മലയാളി സംഘടനകളിലൊന്നായ നോട്ടിങ്ഹാം എന്‍.എം.സി.എ.യുടെ ബോട്ട് ക്ലബ് തുഴയാനിറങ്ങിയ കിടങ്ങറയാണ്. വടംവലിയില്‍ കരുത്തന്മാരായ നോട്ടിങ്ഹാം വള്ളംകളിയിലും പിന്നിലല്ലെന്ന് തെളിയിച്ചു. സാവിയോ ജോസ് ക്യാപ്റ്റനായുള്ള ടീം പലവട്ടം പരിശീലനം പൂര്‍ത്തിയാക്കി കന്നിയങ്കം തന്നെ അവിസ്മരണീയമാക്കി.
മൂന്നാം സ്ഥാനത്തെത്തിയത് കവന്‍ട്രി സെവന്‍സ്റ്റാര്‍സ് ബോട്ട് ക്ലബ് തുഴഞ്ഞ കായിപ്രം വള്ളമാണ്. ബാബു കളപ്പുരയ്ക്കല്‍ ക്യാപ്റ്റനായ സെവന്‍സ്റ്റാര്‍സ് പലയാവര്‍ത്തി പരിശീലനം നടത്തിയത് മത്സരഫലത്തില്‍ നിന്നും വ്യക്തമാണ്.
നാലാം സ്ഥാനം നേടിയത് സഹൃദയ ടണ്‍ബ്രിഡ്ജ് വെല്‍സിന്റെ ക്യാപ്റ്റന്‍ ജോഷി സിറിയക്കിന്റെ നേതൃത്വത്തിലുള്ള പായിപ്പാട് വള്ളമാണ്.
ലൂസേഴ്സ് ഫൈനലില്‍ ഒന്നാമതെത്തിയത് ജോമോന്‍ കുമരകം ക്യപ്റ്റനായി തുഴഞ്ഞ ബര്‍മ്മിങ്ഹാം ബി.സി.എം.സി ടീമിന്റെ തകഴി വള്ളത്തിനാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more