1 GBP = 103.96

വള്ളം കളിയും കാര്‍ണിവലും ശബ്ദമുഖരിതമാക്കുവാന്‍ ശിങ്കാരി മേളവും….രഞ്ജിത്ത് ഗണേഷിന്റെ നേതൃത്വത്തില്‍ യുകെയിലെ പ്രമുഖ മലയാളീ ഗായകരെ ഉള്‍പ്പെടുത്തിയ അവതരണ ഗാനവും നൃത്ത വിസ്മയങ്ങളും

വള്ളം കളിയും കാര്‍ണിവലും ശബ്ദമുഖരിതമാക്കുവാന്‍ ശിങ്കാരി മേളവും….രഞ്ജിത്ത് ഗണേഷിന്റെ നേതൃത്വത്തില്‍ യുകെയിലെ പ്രമുഖ മലയാളീ ഗായകരെ ഉള്‍പ്പെടുത്തിയ അവതരണ ഗാനവും നൃത്ത വിസ്മയങ്ങളും

മലയാളികള്‍ക്ക് വള്ളം കളി മത്സരമെന്ന് പറയുമ്പോള്‍ കുട്ടനാടും വേമ്പനാട്ട് കായലുമാണ് ആദ്യം മനസിലെത്തുന്നതെങ്കില്‍ ചെണ്ട മേളമെന്നു പറയുമ്പോള്‍ തൃശൂര്‍ പൂരമാണ് മനസിലേക്ക് ആദ്യമെത്തുന്നത്. എന്നാല്‍ ഇത് രണ്ടും കൂടി ഒന്നിക്കുന്ന അപൂര്‍വ അവസരമാണ് ശനിയാഴ്ച വാര്‍വിക് ഷെയറില്‍ യുക്മ ഒരുക്കുന്നത്.

എറിയുന്ന ഓരോ തുഴക്കുമൊപ്പം മത്സരത്തിന്റെ ആവേശം നിലനിര്‍ത്തുവാന്‍ ആദ്യാവസാനം ചെണ്ടമേളത്തിന്റെ അകമ്പടിയും ഉണ്ടാകുന്നതാണ്. പൂരത്തിന്റെ നാട്ടില്‍ നിന്നുമെത്തിയ യുകെയിലെ പ്രമുഖ ചെണ്ടമേള വിദഗ്ധന്‍ ശ്രീ. രാധേഷ് നായരുടെ നേതൃത്വത്തിലുള്ള ശിങ്കാരി മേളമാണ് പ്രഥമ വള്ളം കളി മത്സരത്തിന് ശബ്ദ സൗന്ദര്യം നല്‍കുന്നത്.

രണ്ടു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന രാധേഷിന് ബ്രിട്ടനിലും കേരളത്തിലും ഒട്ടേറെ ശിഷ്യസമ്പത്തുണ്ട്. തന്റെ തന്നെ ശിഷ്യന്മാരായ മാഞ്ചസ്റ്റര്‍ മേളം, റിഥം വാറിംഗ്ട്ടണ്‍, ബോള്‍ട്ടന്‍ ബീറ്റ്സ് എന്നീ ടീമുകളിലെ 36 അംഗങ്ങളാണ് ഇംഗ്ലണ്ടിലെ വേമ്പനാട്ടു കായലില്‍ എത്തിച്ചേരുക. ഇതോടെ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചെണ്ടമേളം പരമാവധി ഭംഗിയാക്കാനുള്ള പരിശീലനങ്ങളാണ് നടന്നു വരുന്നതെന്ന് ടീം കോര്‍ഡിനേറ്ററും യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റുമായ ഷിജോ വര്‍ഗീസ് അറിയിച്ചു.

രഞ്ജിത്ത് ഗണേഷിന്റെ നേതൃത്വത്തില്‍ യുകെയിലെ പ്രമുഖ മലയാളീ ഗായകരെ ഉള്‍പ്പെടുത്തി ഒരുക്കുന്ന ആരംഭ ഗാനം മലയാളി മനസ്സുകളില്‍ ഗൃഹാതുരത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുമെന്നതില്‍ സംശയമില്ല. യുകെ മലയാളികള്‍ക്ക് പ്രിയങ്കരനായ കലാഭവന്‍ നൈസ് അണിയിച്ചൊരുക്കുന്ന കേരളീയ കലാ രൂപങ്ങളുടെ നടന വിസ്മയം വേദിയില്‍ അരങ്ങേറുമ്പോള്‍ പൂരക്കാഴ്ചക്ക് പൂര്‍ണ്ണതയാകും. കേരളീയ കലാരൂപങ്ങളായ കഥകളിയും നൃത്ത നൃത്യങ്ങളും യുകെയിലെ പ്രമുഖ ഗായകര്‍ അണിനിരക്കുന്ന ഗാനമേളയും യുക്മയൊരുക്കുന്ന വള്ളം കളിക്കും കേരളാ കാര്ണിവലിനും ദൃശ്യ ചാരുത പകരും.

യുക്മയുടെ സന്തത സഹചാരിയായ ശ്രീ ജെയിസണ്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്ന കലാ പരിപാടികള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായി സംഘാടക സമിതി അറിയിച്ചു. കേരളീയ പശ്ചാത്തലത്തില്‍ കുടുംബവുമൊത്ത് ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു ദിവസം മുഴുവന്‍ നീളുന്ന ഉത്സവാഘോഷങ്ങള്‍ക്കാണ് യുക്മ അവസരമൊരുക്കിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more